പെട്രോളിന് വില 200, കിട്ടാന്‍ നീണ്ട ക്യൂ, എ.ടി.എമ്മുകള്‍ കാലി; മണിപ്പൂര്‍ ജനത ദുരിതത്തില്‍

Advertisements
Advertisements

ഇംഫാല്‍: സംഘര്‍ഷം തുടരുന്ന മണിപ്പുരില്‍ ജനജീവിതം ദുസ്സഹമെന്ന് റിപ്പോര്‍ട്ടുകള്‍. മരുന്നുകളുള്‍പ്പടെയുള്ള അവശ്യസാധനങ്ങള്‍ക്ക് കടുത്ത ക്ഷാമം നേരിടുകയാണ്. പെട്രോള്‍ പമ്പുകളിലും ക്രമാതീതമായ തിരക്കാണ് അനുഭവപ്പെടുന്നത്. അതോടെ കരിഞ്ചന്തയില്‍ പെട്രോളിന് ലിറ്ററിന് 200 രൂപയായി ഉയര്‍ന്നു.

Advertisements

മണിപ്പുരില്‍ ഗോത്രവിഭാഗങ്ങള്‍ തമ്മിലുള്ള ഏറ്റുമുട്ടലാരംഭിച്ചിട്ട് ഒരു മാസം പിന്നിടുകയാണ്. സംസ്ഥാനത്തെ പ്രബല ഗോത്രവിഭാഗങ്ങളായ മെയ്തികളും കുക്കികളും തമ്മില്‍ ഏറ്റുമുട്ടലില്‍ ഇതുവരെ 98 മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്. പരിക്കേറ്റവരുടെ എണ്ണം 310 കടന്നു. മെയ്തികളെ പട്ടികവിഭാഗത്തില്‍ ഉള്‍പ്പെടുത്തുന്നതുമായി ബന്ധപ്പെട്ടായിരുന്നു സംഘര്‍ഷത്തിന്റെ തുടക്കം.

സംഘര്‍ഷത്തില്‍ കനത്ത നാശനഷ്ടമാണ് ഇരുവിഭാഗത്തിനുമുണ്ടായത്. ഒട്ടേറെ വീടുകളും വാഹനങ്ങളും തീവെച്ചും മറ്റും നശിപ്പിച്ചു. വിരവധി പേര്‍ക്ക് സ്വന്തം വീടുകളുപേക്ഷിച്ച് മണിപ്പുരിലും അതിര്‍ത്തി പ്രദേശങ്ങളിലുമായുള്ള ദുരിതാശ്വാസ ക്യാമ്പുകളില്‍ അഭയം പ്രാപിക്കേണ്ടി വന്നു. ഇന്റര്‍നെറ്റ് റദ്ദാക്കിയിട്ട് ഏതാണ്ട് ഒരു മാസത്തോളമായി. കര്‍ഫ്യൂ അനിശ്ചിതമായി നീണ്ടു കൊണ്ടുമിരിക്കുന്നു.പല പ്രദേശങ്ങളിലും അക്രമങ്ങള്‍ തുടരുന്നതോടെ അവശ്യസാധനങ്ങളുടെ ലഭ്യതക്കുറവ് കാരണം വലയുകയാണ് ജനങ്ങള്‍. സംഘര്‍ഷാവസ്ഥ കണക്കിലെടുത്ത് ഇംഫാലിലേക്കുള്ള രണ്ടാം നമ്പര്‍ ദേശീയ പാത സൈന്യം അടച്ചതോടെ മണിപ്പുരിലേക്കുള്ള ചരക്കു ലോറികളുടെ വരവ് നിന്നു. ഇതാണ് പ്രതിസന്ധി ഇത്രയും രൂക്ഷമാക്കിയത്. ഒറ്റ രാത്രി കൊണ്ട് പല സാധനങ്ങളുടേയും വില ഇരട്ടിയായി ഉയര്‍ന്നു. കിലോയ്ക്ക് 30 രൂപ നിരക്കില്‍ ലഭ്യമായിരുന്ന അരിയുടെ വില 60 ആയി ഉയര്‍ന്നു. സവാളയുടെ വില 35-ല്‍ നിന്നും 70 ആയി. ഉരുളന്‍കിഴങ്ങിന്റെ വിപണിവില 15-ല്‍ നിന്നും 40 ആയി ഉയര്‍ന്നു. മുട്ടയ്ക്ക് ആറില്‍ നിന്നും പത്തായി. എണ്ണവില ഉയര്‍ന്ന് 280-ഓളമായി. ഇത്തരത്തില്‍ പല വസ്തുക്കളുടേയും വില താങ്ങാനാകാത്തതാണ്പെട്രോള്‍ പമ്പുകളില്‍ മണിക്കൂറുകള്‍ ക്യൂ നിന്നാലും ഇന്ധനം ലഭിക്കാത്ത അവസ്ഥയാണ്. പമ്പുകളില്‍ തിരക്കേറിയതോടെ കരിഞ്ചന്തയില്‍ പെട്രോള്‍ വില 200 കടന്നു. പല പമ്പുകളും ഇന്ധനം തീര്‍ന്നതോടെ പൂട്ടിയിട്ടു. തുറന്നു പ്രവര്‍ത്തിക്കുന്ന വിരലിലെണ്ണാവുന്ന പമ്പുകളില്‍ കിലോമീറ്ററുകളോളം നീളുന്ന ക്യൂവാണ്.

Advertisements

എന്നാല്‍ ജനങ്ങളെ ഏറെ ദുരിതത്തിലാക്കിയത് അത്യാവശ്യ മരുന്നുകളുടെ ക്ഷാമമാണ്. ക്ഷാമം മുന്നില്‍ കണ്ട് ജനങ്ങള്‍ പരിഭ്രാന്തരായി മരുന്നുകള്‍ വാങ്ങിക്കൂട്ടിയത് അവസ്ഥ കൂടുതല്‍ പരിതാപകരമാക്കി. ദുരിതാശ്വാസ ക്യാമ്പുകളില്‍ ആളുകള്‍ കൂട്ടത്തോടെ അസുഖബാധിതരാകുന്നത് വലിയ ആശങ്കകള്‍ സൃഷ്ടിക്കുന്നുണ്ട്. വാക്‌സീന്‍ ലഭിക്കാത്ത നിരവധി നവജാത ശിശുക്കളും ക്യാമ്പുകളിലുണ്ട് എന്നതും ഗുരുതരമായ പ്രശ്‌നമാണ്.അതിനിടെ എ.ടി.എമ്മുകളെല്ലാം കാലിയായി. ഇന്റര്‍നെറ്റ് സേവനവും റദ്ദാക്കിയതോടെ പണമില്ലാതെ ആളുകള്‍ കടുത്ത ബുദ്ധിമുട്ടിലാണ്. കര്‍ഫ്യൂവിനിടെയില്‍ ഏതാനും മണിക്കൂറുകള്‍ ബാങ്കുകള്‍ തുറന്നു പ്രവര്‍ത്തിച്ചിരുന്നു. എന്നാല്‍ ഇവിടെയും തിരക്ക് രൂക്ഷമായതോടെ പണം ലഭിക്കാതെ പലര്‍ക്കും മടങ്ങേണ്ട അവസ്ഥയാണ്.

Advertisements
Advertisements

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
Verified by MonsterInsights