തിരികെയെത്തുന്ന പ്രവാസികള്‍ക്ക് നാട്ടില്‍ ജോലി ഉറപ്പിക്കാനുള്ള പദ്ധതിയുമായി സംസ്ഥാന സർക്കാർ. നോർക്കവഴി നടപ്പിലാക്കുന്ന നോർക്കാ അസിസ്റ്റഡ് & മൊബിലൈസ്ഡ് എംപ്ലോയ്‌മെന്റ് അഥവ നെയിം (NAME) പദ്ധതി വഴി 100 ദിന ശമ്പള വിഹിതം സർക്കാർ നല്‍കുന്ന രീതിയിലാണ് പദ്ധതി നടപ്പിലാക്കുന്നത്. ഇതിനായുള്ള രജിസ്ട്രേഷന്‍ നോർക്ക ആരംഭിച്ച് കഴിഞ്ഞു.
എന്താണ് നെയിം, ആര് രജിസ്റ്റർ ചെയ്യണം
തിരിച്ചെത്തിയ പ്രവാസി കേരളീയര്‍ക്ക് നാട്ടിലെ സംരംഭങ്ങളില്‍ തൊഴില്‍ ലഭ്യമാക്കുന്നതിന് ലക്ഷ്യമിട്ട് സംസ്ഥാന സര്‍ക്കാര്‍ നോര്‍ക്ക റൂട്ട്സ് മുഖേന നടപ്പിലാക്കുന്ന പദ്ധതിയാണ് നെയിം. പദ്ധതിയില്‍ എംപ്ലോയർ കാറ്റഗറിയില്‍ രജിസ്റ്റർ ചെയ്യുന്നതിന് താല്‍പര്യമുളള സംസ്ഥാനത്തെ വ്യവസായ വാണിജ്യ സ്ഥാപനങ്ങളില്‍ നിന്നും നോർക്ക അപേക്ഷ ക്ഷണിച്ചു.
100 ദിന ശമ്പള വിഹിതം
നോര്‍ക്ക റൂട്ട്സ് ലിസ്റ്റ് ചെയ്യുന്ന ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും തിരഞ്ഞെടുക്കുന്ന പ്രവാസി കേരളീയരെ നിയമിക്കുന്ന തൊഴിലുടമയ്ക്ക് (എംപ്ലോയർ) പ്രതിവര്‍ഷം പരമാവധി 100 തൊഴില്‍ ദിനങ്ങളിലെ ശമ്പള വിഹിതം (വേജ് കോമ്പന്‍സേഷന്‍) പദ്ധതിവഴി ലഭിക്കും. സഹകരണ സ്ഥാപനങ്ങള്‍, എംപ്ലോയീസ് സ്റ്റേറ്റ് ഇൻഷുറൻസ് (ഇഎസ്‌ഐ), എംപ്ലോയീസ് പ്രൊവിഡൻ്റ് ഫണ്ട് (ഇപിഎഫ്), ഉദ്യം, രജിസ്ട്രേഷനുളള സ്വകാര്യ/പബ്ലിക് ലിമിറ്റഡ്/എല്‍എല്‍പി കമ്പനികള്‍, അംഗീകൃത സ്റ്റാർട്ടപ്പുകള്‍ എന്നിവയ്ക്ക് രജിസ്റ്റര്‍ ചെയ്യാം. ഓട്ടോമൊബൈല്‍, കണ്‍സ്ട്രക്ഷൻ, ഹോസ്പിറ്റാലിറ്റി മേഖലകളിലെ സംരംഭംങ്ങള്‍ക്കാണ് ഇപ്പോള്‍ രജിസ്റ്റര്‍ ചെയ്യാന്‍ അവസരം. അപേക്ഷാ ഫോറത്തിനും വിശദവിവരങ്ങള്‍ക്കും www.norkaroots.org എന്ന വെബ്‌സൈറ്റ് സന്ദർശിക്കുകയോ 0471-2770523 എന്ന ഫോണ്‍ നമ്പറില്‍ (പ്രവ്യത്തി ദിവസങ്ങളില്‍, ഓഫീസ് സമയത്ത്) ബന്ധപ്പെടുകയോ ചെയ്യാവുന്നതാണ്
ദിവസവേതനത്തിന്റെ 50 ശതമാനം അല്ലെങ്കില്‍ പരമാവധി 400 രൂപ, ഇതില്‍ ഏതാണോ കുറവ് അതാണ് ശമ്പളവിഹിതമായി തൊഴിലുടമയ്ക്ക് ലഭിക്കുക. ഇക്കാര്യത്തില്‍ നിബന്ധനകളും വ്യവസ്ഥകളും ബാധകമാണ്. ഒരു സ്ഥാപനത്തിന് പരമാവധി 50 പേരെ വരെ ശമ്പളവിഹിതം ലഭ്യമാക്കി നെയിം പദ്ധതിപ്രകാരം നിയമിക്കാനാകും. പ്രവാസികളുടെ തൊഴില്‍ നൈപുണ്യവും അനുഭവപരിചയവും സംരംഭങ്ങള്‍ക്ക് പ്രയോജനകരമാകുന്നതിനൊപ്പം തിരികെ എത്തിയ പ്രവാസികള്‍ക്ക് കൂടുതല്‍ തൊഴിലവസരങ്ങള്‍ ലഭ്യമാക്കുന്നതിനുമാണ് പദ്ധതി ലക്ഷ്യമിടുന്നത്. പ്രവാസി പുനരധിവാസത്തിനായുളള നോർക്കാ റൂട്ട്സിന്റെ എന്‍ഡിപിആര്‍ഇഎം, പ്രവാസി ഭദ്രത എന്നീ സംരംഭകത്വ വികസന പദ്ധതികള്‍ക്ക് പുറമേയാണ് നെയിം പദ്ധതി നടപ്പിലാക്കുന്നത്. കൂടുതല്‍ വിവരങ്ങള്‍ക്ക് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന നോര്‍ക്ക ഗ്ലോബല്‍ കോണ്‍ടാക്‌ട് സെന്ററിന്റെ ടോള്‍ ഫ്രീ നമ്പറുകളായ 18004253939 (ഇന്ത്യയില്‍ നിന്നും) +91-8802012345 (വിദേശത്തുനിന്നും, മിസ്ഡ് കോള്‍ സര്‍വീസ്) ബന്ധപ്പെടാവുന്നതാണ്.
വിദേശത്ത് നിന്നും വിളിക്കാന്‍
കേരള പ്രവാസി കേരളീയ ക്ഷേമ ബോര്‍ഡുമായി ബന്ധപ്പെട്ട വിവരങ്ങള്‍ അറിയുന്നതിന് വിദേശത്തുനിന്ന് വിളിക്കുന്നതിന് 0484-3539120 എന്ന പ്രത്യേക ഫോണ്‍ നമ്പര്‍ ഏര്‍പ്പെടുത്തിയതായി ചീഫ് എക്‌സിക്യുട്ടീവ് ഓഫീസര്‍ എം.ബി ഗീതാലക്ഷ്മി അറിയിച്ചു. ഇന്ത്യയില്‍ നിന്നും 1800-8908281 എന്ന ടോള്‍ഫ്രീ നമ്പറില്‍ വിളിക്കാം. രണ്ടു സേവനവും 24 മണിക്കൂറും ലഭിക്കും. ഇതിനു പുറമേ വാട്‌സാപ്പ് മുഖേനയുള്ള അന്വേഷണങ്ങള്‍ക്ക് 7736850515 എന്ന നമ്പറില്‍ ബന്ധപ്പെടാം. ഈ നമ്പറില്‍ കോള്‍ സേവനം ലഭിക്കില്ല.