ബാണാസുര സാഗര്‍ ജലസേചന പദ്ധതിയുമായി ബന്ധപ്പെട്ട പ്രാദേശിക പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണുമെന്ന് നിയമസഭാ പബ്ലിക്ക് അക്കൗണ്ട്‌സ് കമ്മിറ്റി അറിയിച്ചു. ബാണാസുര സാഗര്‍ ജലസേചന പദ്ധതി പ്രദേശം സന്ദര്‍ശിച്ച സമിതി അംഗങ്ങളെ പ്രാദേശികമായി ജനങ്ങള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ ജനപ്രതിനിധികള്‍ ശ്രദ്ധയില്‍പ്പെടുത്തി. റോഡ് തടസ്സപ്പെടുന്നതും കൃഷിയിടത്തിലേക്ക് വാഹനങ്ങള്‍ എത്തിക്കാന്‍ കനാലുകള്‍ തടസ്സമാകുന്നു തുടങ്ങിയ പരാതികള്‍ രിഹരിക്കാന്‍ ബന്ധപ്പെട്ടവര്‍ക്ക് നിയമസഭാ സമിതി നിര്‍ദ്ദേശം നല്‍കും. റോഡ് പുനര്‍നിര്‍മ്മാണം അടക്കമുളള ആവശ്യങ്ങള്‍ പരിഗണിക്കണമെന്നായിരുന്നു പ്രാദേശികമായി ഉയര്‍ന്ന ആവശ്യങ്ങള്‍. നടപടികള്‍ സ്വീകരിക്കുമെന്ന് സമിതി അറിയിച്ചു. സമിതി ചെയര്‍മാന്‍ സണ്ണിജോസഫ്, എം.എല്‍.മാരായ മഞ്ഞളാംകുഴി അലി, മാത്യു .ടി.തോമസ്, സി.എച്ച് കുഞ്ഞമ്പു, എം. വിന്‍സന്റ്, എം.രാജഗോപാല്‍, ജില്ലയിലെ എം എൽ.എ മാരായ അഡ്വ.ടി സിദ്ധിഖ്, ഒ.ആര്‍. കേളു, പടിഞ്ഞാറത്തറ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഗിരിജാ കൃഷ്ണന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
ആദ്യഘട്ടം അടുത്തവര്‍ഷം
ആസൂത്രണ ബോര്‍ഡ് അംഗീകരിച്ച ബാണാസുരസാഗര്‍ ജലസേചന പദ്ധതിയുടെ ഒന്നാം ഘട്ടം 2024 ഡിസംബറോടെ പൂര്‍ത്തിയാക്കും. ബാണാസുര അണക്കെട്ടിന്റെ സമീപ പഞ്ചായത്തുകളിലെ കൃഷിയിടത്തില്‍ ജലമെത്തിക്കുകയെന്ന ലക്ഷ്യത്തോടെയാണ് പദ്ധതി തുടങ്ങിയത്. പദ്ധതിക്കായി 1999 ല്‍ 37.88 കോടിയുടെ ഭരണാനുമതി ലഭിക്കുകയും 2000 ഓടെ പ്രധാന കനാലിന്റെ വിവിധ ശൃംഖലകളുടെ പ്രവൃത്തികള്‍ തുടങ്ങുകയും ചെയ്തു. ഭൂമി ഏറ്റെടുക്കല്‍ നടപടികളിലെ കാലതാമസമാണ് പദ്ധതി അനിയന്ത്രിതമായി നീളാന്‍ കാരണമായതെന്ന് സമിതി യോഗത്തില്‍ വിലയിരുത്തി. പദ്ധതി നിര്‍വ്വഹണത്തിന് 28. 232 ഹെക്ടര്‍ ഭൂമി ഏറ്റെടുത്തിട്ടുണ്ട്. മറ്റ് നടപടികള്‍ നടന്നുവരുകയാണ്. 2017 ല്‍ സംസ്ഥാന പ്ലാനിംഗ് ബോര്‍ഡിന്റെയും ടെക്‌നിക്കല്‍ കമ്മിറ്റിയുടെയും ഉന്നത സമിതി അംഗങ്ങള്‍ പദ്ധതി പ്രദേശം സന്ദര്‍ശിക്കുകയും ഒന്നാം ഘട്ട പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിക്കാന്‍ നിര്‍ദേശം നല്‍കിയിരുന്നു. തുടര്‍ന്ന് പുതുക്കിയ റിപ്പോര്‍ട്ട് സര്‍ക്കാരിലേക്ക് സമര്‍പ്പിച്ചു. ബാണാസുര സാഗര്‍ ഇറിഗേഷന്‍ പദ്ധതിയുടെ പൂര്‍ത്തീകരണവുമായി ബന്ധപ്പെട്ട പ്രധാന കനാലിന്റെ ശൃംഖല പ്രവൃത്തികള്‍ പുരോഗമിച്ചു വരികയാണെന്ന് അധികൃതര്‍ നിയമസഭാ സമിതിയെ അറിയിച്ചു.
Advertisements
Advertisements
Advertisements