അൽ ഖ്വായ്ദ ഭീകര നേതാവ് ഒസാമ ബിൻ ലാദനെ കൊലപ്പെടുത്തിയ യുഎസ് കമാൻഡോ അറസ്റ്റിൽ. യുഎസ് സൈന്യത്തിന്റെ വിഭാഗമായ സീൽസിലെ അംഗമായിരുന്ന റോബർട്ട് ജെ ഒ’നീലിനെ ആണ് ടെക്‌സസിൽ വെച്ച് അറസ്റ്റ് ചെയ്തത്. പൊതുസ്ഥലത്ത് മദ്യപിച്ചതിനും അക്രമ പ്രവൃത്തികളിൽ ഏർപ്പെട്ടതുമാണ് ഇയാൾക്കെതിരായ കുറ്റം. ശാരീരികമായി പരിക്കേൽപ്പിക്കുകയും ചെയ്തുവെന്നാണ് വിവരം. അറസ്റ്റിന് പിന്നാലെ 3,500 ഡോളറിന്റെ ബോണ്ടിൽ വിട്ടയച്ചതായി മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
2011 മെയിൽ നടന്ന ഓപ്പറേഷൻ നെപ്ട്യൂൺ സ്പിയറിൽ താൻ ലാദനെ വധിച്ചതായി റോബർട്ട് 2013-ൽ നടന്ന അഭിമുഖത്തിൽ പറഞ്ഞിരുന്നു ‘ദി ഓപ്പറേറ്റർ’ എന്ന ഓർമ്മക്കുറിപ്പിൽ ഈ കഥ അദ്ദേഹം വിവരിച്ചു. എന്നിരുന്നാലും, യുഎസ് സർക്കാർ റോബർട്ടിന്റെ അവകാശവാദങ്ങൾ സ്ഥിരീകരിച്ചിട്ടില്ല. മദ്യപിച്ച് വാഹനമോടിച്ചതിന് റോബർട്ടിനെ 2016ൽ മൊണ്ടാനയിൽ വച്ച് അറസ്റ്റ് ചെയ്തിരുന്നു. ഈ കേസ് പിന്നീട് പ്രോസിക്യൂട്ടർമാർ തള്ളി.