സ്വന്തം ഭാര്യയെ കാമുകനു വിവാഹം കഴിപ്പിച്ചു നല്കി ഭര്‍ത്താവ്. ബിഹാറിലെ നവാഡയിലാണ് സിനിമാക്കഥ തോല്‍ക്കുന്ന സംഭവം നടന്നത്. ഭാര്യയ്ക്കൊരു കാമുകനുണ്ടെന്നും അയാള്‍ക്കൊപ്പം ജീവിക്കാനാണ് ആഗ്രഹമെന്നും തിരിച്ചറിഞ്ഞതോടെയാണ് ഗ്രാമത്തിലെ ശിവക്ഷേത്രത്തില്‍ വച്ച് ഭര്‍ത്താവ് വിവാഹം നടത്തി നല്‍കിയത്. കാമുകന് സിന്ദൂരം ചാര്‍ത്തിയതും യുവതി പൊട്ടിക്കരയുന്നതിന്റെയും ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.
‘ഹം ദില്‍ ദെ ചുകേ സനം’ എന്ന സൂപ്പര്‍ഹിറ്റ് സിനിമയുടെ തനിയാവര്ത്തനമായിപ്പോയെന്നാണ് വിഡിയോ കണ്ടവര്‍ സമൂഹമാധ്യമങ്ങളില്‍ കുറിക്കുന്നത്. സിനിമയില്‍ നിന്നും വ്യത്യസ്തമായി യുവതി കാമുകനൊപ്പം പോയി എന്ന് മാത്രം. ഭര്‍ത്താവ് ജോലിയ്ക്ക് പോയതോടെ കാമുകനെ കാണുന്നതിനായി യുവതി കാമുകന്റെ വീട്ടിലേക്ക് പോയി. ഇക്കാര്യമറിഞ്ഞ വീട്ടുകാര്‍ ഇരുവരെയും പിടികൂടി. കാമുകനെ മര്‍ദ്ദിക്കുകയും ചെയ്തു. കുപിതരായ നാട്ടുകാര്‍ ഇവരോട് ഗ്രാമം വിട്ടുപോകണമെന്നും ആവശ്യപ്പെട്ടു.
ജോലി കഴിഞ്ഞ് വീട്ടില്‍ മടങ്ങിയെത്തിയപ്പോഴാണ് ഭര്‍ത്താവ് സംഭവങ്ങള്‍ അറിയുന്നത്. ഉടന്‍തന്നെ അദ്ദേഹം ഇരുവരെയും ഗ്രാമത്തിലെ ശിവക്ഷേത്രത്തിലേക്കു കൂട്ടിക്കൊണ്ട് പോവുകയായിരുന്നു. പൂജാരിയെ വിളിച്ച് ഇരുവരെയും വിവാഹവും കഴിപ്പിച്ചു. യുവതിയുടെ കാമുകന് വിവാഹിതനും മൂന്നു മക്കളുടെ അച്ഛനുമാണ്. സംഭവമറിഞ്ഞെത്തിയ പൊലീസിനോട് തനിക്ക് പരാതിയില്ലെന്നായിരുന്നു യുവതിയുടെ മുന്‍ ഭര്‍ത്താവിന്റെ പ്രതികരണം.