ബെംഗളൂരു: ഭീകരരെന്ന് സംശയിക്കുന്ന അഞ്ച് പേരെ കര്‍ണാടക സെന്‍ട്രല്‍ ക്രൈംബ്രാഞ്ച് പിടികൂടി. സംഘം ബെംഗളൂരുവില്‍ വന്‍ സ്ഫോടനം നടത്താന്‍ പദ്ധതിയിട്ടിരുന്നതായി സിസിബി. ഇവരില്‍ നിന്ന് തോക്കുകളുടെയും സ്ഫോടകവസ്തുക്കളുടെയും വന്‍ശേഖരം പിടിച്ചെടുത്തു. സെന്‍ട്രല്‍ ക്രൈംബ്രാഞ്ചിന് ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്നായിരുന്നു പരിശോധന. ബെംഗളൂരു സുല്‍ത്താന്‍പാളയിലെ കനകനഗറില്‍ നിന്നുമാണ് ഇവരെ അറസ്റ്റ് ചെയ്തത്.
സയ്യിദ് സുഹേല്‍, ഉമര്‍, ജാനിദ്, മുദാസിര്‍, സാഹിദ് എന്നിവരാണ് പിടിയിലായവര്‍. ബെംഗളൂരുവില്‍ സ്ഫോടനം നടത്താന്‍ സംഘം പദ്ധതിയിട്ടിരുന്നതായി സൂചനയുണ്ട്. അഞ്ചുപേരും 2017 ലെ ഒരു കൊലപാതകക്കേസില്‍ പ്രതികളാണ്. പരപ്പന അഗ്രഹാര സെന്‍ട്രല്‍ ജയിലില്‍ കഴിയവേ ഭീകരരുമായി സമ്പര്‍ക്കം പുലര്‍ത്തിയിരുന്നതായും സിസിബി പറയുന്നു. ഇവരില്‍ നിന്ന് 4 വാക്കി-ടോക്കികള്‍, 7 നാടന്‍ പിസ്റ്റളുകള്‍, 42 ലൈവ് ബുള്ളറ്റുകള്‍, 2 കഠാരകള്‍, 2 സാറ്റലൈറ്റ് ഫോണുകള്‍, 4 ഗ്രനേഡുകള്‍ എന്നിവ പിടിച്ചെടുത്തു.