കടൽ ജലത്തിൽ എങ്ങനെയാണ് ഇത്രമാത്രം ഉപ്പ് കാണപ്പെടുന്നതെന്ന് ഒരിക്കലെങ്കിലും നിങ്ങൾ ചിന്തിച്ചിട്ടുണ്ടോ?. ഭൂമിയിലെ ഉപരിതലത്തിൽ 70 ശതമാനവും ജലമാണ്. ആകെ ജലത്തിൽ 97 ശതമാനവും കുടിക്കാന്‍ കഴിയാത്ത ഉപ്പുവെള്ളമാണ്.
മഴവെള്ളം തോടുകളിലൂടെയും പുഴകളിലൂടെയും ഒഴുകി കടലില്‍ എത്തിച്ചേരുമ്പോള്‍ പാറകളിലും മണ്ണിലും അടങ്ങിയ ലവണങ്ങള്‍ ജലത്തിനോടൊപ്പം കടലില്‍ എത്തിച്ചേരുന്നുണ്ട്. അന്തരീക്ഷത്തിലെ കാര്‍ബണ്‍ ഡയോക്‌സൈഡ് ലയിച്ചു ചേരുന്നതിനാൽ മഴവെള്ളത്തിൽ ചെറിയ രീതിയിൽ ആസിഡ് ഉണ്ട്. ഈ ആസിഡ് സ്വഭാവം ലവണങ്ങള്‍ വെള്ളത്തില്‍ അലിഞ്ഞ് ചേരുന്നതിന് സഹായകമാകുന്നു. ഈ ലവണങ്ങളുടെ 90 ശതമാനവും നാം കറിയുപ്പ് എന്നു വിളിക്കുന്ന സോഡിയം ക്ലോറൈഡാണ്. അതിനാലാണ് കടൽ വെള്ളത്തിൽ ഉപ്പിന്റെ അംശം ഉള്ളതും നമുക്കിത് കുടിക്കാൻ സാധിക്കാത്തതും.
ഇതുകൂടാതെ കടലിനടിയില്‍ നടക്കുന്ന അഗ്നിപര്‍വത സ്‌ഫോടനങ്ങളിലൂടെയും മറ്റും നിരവധി ലവണങ്ങളാണ് ലയിച്ച് ചേരുന്നത്. സൂര്യപ്രകാശം കൊണ്ട് കടല്‍ജലം ബാഷ്പീകരിക്കുന്നതിന്റെ ഫലമായി ലവണത്തിന്റെ സാന്ദ്രത കടല്‍ജലത്തില്‍ വര്‍ധിക്കുകയും ചെയ്യും. ഈ ലവണങ്ങളുടെ കുറെ ഭാഗം കടലില്‍ വളരുന്ന ജീവജാലങ്ങള്‍ വളര്‍ച്ചയ്‌ക്കായി ഉപയോഗിക്കുന്നു. ബാക്കിയുള്ളവ കടലില്‍ തന്നെ നിക്ഷേപമായി തുടരുകയുമാണ് ചെയ്യുന്നത്.