ഭൂമിയില്‍ നിന്ന് തെറ്റായ സന്ദേശം അയച്ചു; ബഹിരാകാശ പേടകവുമായുള്ള ബന്ധം നഷ്ടമായി

Advertisements
Advertisements

അമേരിക്കന്‍ ബഹിരാകാശ ഏജന്‍സിയായ നാസയ്ക്ക് തങ്ങളുടെ വോയേജര്‍ – 2 ബഹിരാകാശ പേടകവുമായുള്ള ആശയവിനിമയ ബന്ധം താത്കാലികമായി നഷ്ടമായി. ഭൂമിയില്‍ നിന്ന് ഏകദേശം 19.9 ബില്ല്യന്‍ കിലോമീറ്ററുകള്‍ അകലെ സ്ഥിതി ചെയ്യുന്ന വേയേജര്‍ പേടകം നിലവില്‍ ബഹിരാകാശത്ത് ഏറ്റവും അകലെ സ്ഥിതി ചെയ്യുന്ന രണ്ടാമത്തെ മനുഷ്യ നിര്‍മിത വസ്തുവാണ്. നാസയുടെ ജെറ്റ് പ്രൊപ്പല്‍ഷന്‍ ലബോറട്ടറിയില്‍ നിന്ന് ജൂലൈ 21ന് വോയേജര്‍ – 2ലേക്ക് അയച്ച ചില സന്ദേശങ്ങളിലെ പിഴവ് കാരണം പേടകത്തിലെ വലിയ ഡിഷ് ആന്റിന ഭൂമിയില്‍ നിന്ന് അകലേക്ക് തിരിയുകയായിരുന്നു.

Advertisements

ബഹിരാകാശ പേടകത്തിലെ ആന്റിന വെറും രണ്ട് ശതമാനം മാത്രമാണ് തിരിഞ്ഞതെങ്കിലും നാസയുടെ ഡീപ്പ് സ്‌പേസ് നെറ്റ്‌വര്‍ക്ക് സ്റ്റേഷനുമായുള്ള ആശയ വിനിമയം തകരാറിലാക്കാന്‍ മാത്രം പര്യാപ്തമായിരുന്നു അത്. തകരാര്‍ പരിഹരിക്കാനുള്ള ശ്രമങ്ങള്‍ നാസ ആരംഭിച്ചതായി ജെറ്റ് പ്രൊപ്പല്‍ഷന്‍ ലബോറട്ടറി പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. നാസയുടെ ഡീപ്പ് സ്‌പേസ് നെറ്റ്‌വര്‍ക്കിന്റെ ഭാഗമായ ആന്റിനയില്‍ നിന്ന് ശരിയായ സന്ദേശങ്ങള്‍ വോയേജര്‍ -2ലേക്ക് അയക്കാന്‍ ശ്രമിക്കുന്നുണ്ട്. ഇതിലൂടെ തകരാര്‍ പരിഹരിക്കാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷ. അത് സാധ്യമായില്ലെങ്കില്‍ ഒക്ടോബര്‍ വരെ കാത്തിരിക്കേണ്ടി വരും.

വോയേജര്‍ – 2 പേടകം ഇപ്പോഴുള്ള അകലത്തില്‍ നിന്ന് ഒരു സന്ദേശം ഭൂമിയിലെത്താന്‍ ഏകദേശം 18 മണിക്കൂറുകള്‍ എടുക്കും. ഓരോ വര്‍ഷവും പലതവണ സ്വയം റീസെറ്റ് ചെയ്യുന്ന തരത്തിലാണ് വോയേജര്‍ -2നെ രൂപകല്‍പന ചെയ്തിരിക്കുന്നത്. ഇങ്ങനെ റീസെറ്റ് ചെയ്യുമ്പോള്‍ ആന്റിനയും ഭൂമിയുടെ ദിശയിലേക്ക് സ്വയം ക്രമീകരിക്കും. ഇനി അടുത്ത റീസെറ്റിങ് നടക്കേണ്ടത് ഒക്ടോബര്‍ 15ന് ആണ്. മറ്റ് ശ്രമങ്ങള്‍ വിജയിക്കുന്നില്ലെങ്കില്‍ പേടകവുമായുള്ള ആശയ വിനിമയ ബന്ധം പുനഃസ്ഥാപിക്കാന്‍ അന്നുവരെ കാത്തിരിക്കേണ്ടി വരും. അത്രയും നാള്‍ സുരക്ഷിതമായി വോയേജര്‍ സഞ്ചരിച്ചുകൊണ്ടിരിക്കുമെന്നാണ് ശാസ്ത്രജ്ഞന്മാരുടെ പ്രതീക്ഷ.

Advertisements
Advertisements
Advertisements

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
Verified by MonsterInsights