മണിപ്പൂര്‍ കലാപ ഗൂഢാലോചന കേസില്‍ 10 പേരെ സി.ബി.ഐ അറസ്റ്റു ചെയ്തു. ജൂണ്‍ 9ന് രജിസ്റ്റര്‍ ചെയ്ത 6 കേസുകളിലാണ് സി.ബി.ഐ 10 പേരെ അറസ്‌റ്റ് ചെയ്തത്. അതേസമയം മണിപ്പൂരില്‍ സംഘര്‍ഷം തുടരുകയാണ്. ബിഷ്‌ണുപൂരിലുണ്ടായ വെടിവെപ്പില്‍ രണ്ട് സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് പരിക്കേറ്റു. ഒരു വീടിനും തീയിട്ടു. ബി.എസ്.എഫ് ക്യാമ്ബുകള്‍ക്ക് നേരെയും അക്രമമുണ്ടായി.
പ്രതിപക്ഷ പാര്‍ട്ടികളും വിവിധ സംഘടനകളും ശക്തമായ ആവശ്യമുന്നയിച്ചതിനെ തുടര്‍ന്ന് നിയമസഭാ സമ്മേളനം വിളിക്കാനുള്ള നീക്കങ്ങള്‍ മുഖ്യമന്ത്രി എൻ ബിരേൻ സിങ് ആരംഭിച്ചു. ഈ മാസം അവസാനമോ അടുത്ത മാസം ആദ്യമോ വിളിക്കാനാണ് നീക്കം. സഭ വിളിച്ച് ചേര്‍ത്ത് മണിപ്പൂര്‍ വിഷയം ചര്‍ച്ച ചെയ്യണമെന്നാണ് പ്രതിപക്ഷത്തിന്റെ ആവശ്യം.
അതേസമയം മണിപ്പൂര്‍ കേസുകളുടെ വിചാരണ സംസ്ഥാനത്തിനു പുറത്തേക്ക് മാറ്റണമെന്ന് കേന്ദ്ര സര്‍ക്കാര്‍ സുപ്രിംകോടതിയില്‍ സത്യവാങ്മൂലം നല്‍കി. ആറ് മാസത്തിനുള്ളില്‍ വിചാരണ പൂര്‍ത്തിയാക്കണം. ഇതിന് സുപ്രിംകോടതി അനുവാദം നല്‍കണമെന്നും കേന്ദ്രം ആവശ്യപ്പെട്ടു.
ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചാണ് കഴിഞ്ഞ ദിവസം സ്വമേധയാ കേസെടുത്തു സര്‍ക്കാരിനോട് റിപ്പോര്‍ട്ട് തേടിയത്. സര്‍ക്കാര്‍ ഇടപെട്ടില്ലെങ്കില്‍ സുപ്രിംകോടതി ഇടപെടുമെന്നും ചീഫ് ജസ്റ്റിസ് വ്യക്തമാക്കിയിരുന്നു. അതിനിടെ മണിപ്പൂരില്‍ കുകി സ്ത്രീകളെ നഗ്നരാക്കി നടത്തിയ ദൃശ്യം ചിത്രീകരിച്ചയാളെ പൊലീസ് തിരിച്ചറിഞ്ഞു. ഇയാളെ ഉടൻ അറസ്റ്റ് ചെയ്യുമെന്നാണ് സൂചന. അതേസമയം സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് സമാധാന ശ്രമങ്ങള്‍ നടക്കുന്നതിനിടയിലും പലയിടങ്ങളിലും സംഘര്‍ഷം റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.