തിരുവനന്തപുരം∙ സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ ബവ്റിജസ് കോർപറേഷനിൽനിന്നു ഗാലനേജ് ഫീ വഴി 200 കോടി രൂപ കണ്ടെത്തുമെന്ന കഴിഞ്ഞ ബജറ്റ് പ്രഖ്യാപനം സർക്കാരിനു നടപ്പാക്കാനായില്ല. ഗാലനേജ് ഫീ ഉയർത്തിയാൽ മദ്യവില വർധിപ്പിക്കേണ്ടിവരുമെന്നു ബവ്കോ കണക്കുകൾ നിരത്തി നികുതി വകുപ്പിനെ ബോധ്യപ്പെടുത്തിയിരുന്നു. ഇതോടെ നികുതി വകുപ്പ് തീരുമാനം തൽക്കാലം മരവിപ്പിച്ചു. അധിക ഗാലനേജ് ഫീ ഈടാക്കാൻ കഴിയാത്ത സാഹചര്യം ഇത്തവണത്തെ ബജറ്റിനു മുന്നോടിയായി ധനകാര്യവകുപ്പ് നടത്തുന്ന അവലോകനത്തിൽ നികുതി വകുപ്പ് അറിയിക്കും.
ഇന്ത്യൻ നിർമിത വിദേശമദ്യത്തിനു ലീറ്ററിന് 10 രൂപ വീതം ബവ്കോയിൽനിന്നു ഗാലനേജ് ഫീ ഈടാക്കുമെന്നായിരുന്നു ബജറ്റ് പ്രഖ്യാപനം. മദ്യവില വർധിപ്പിക്കില്ലെന്നു പ്രഖ്യാപനവേളയിൽത്തന്നെ മന്ത്രി കെ.എൻ.ബാലഗോപാൽ പറഞ്ഞിരുന്നെങ്കിലും ബവ്കോ സമർപ്പിച്ച കണക്കുകൾ മറിച്ചായിരുന്നു. 200 കോടിയുടെ വാർഷിക വരുമാനമാണു സർക്കാർ ലക്ഷ്യമിട്ടതെങ്കിലും 300 കോടി രൂപ ഈയിനത്തിൽ നൽകേണ്ടിവരുമെന്നാണു ബവ്കോയുടെ കണക്കെടുപ്പിൽ കണ്ടെത്തിയത്. ബവ്കോ ലാഭമുണ്ടാക്കുമ്പോൾ നൽകാൻ ബുദ്ധിമുട്ടുണ്ടാകില്ലെങ്കിലും, ലാഭം കുറയുന്ന സന്ദർഭത്തിൽ ഇതു ബാധ്യതയാവുകയും മദ്യവില ഉയർത്തേണ്ടിവരികയും ചെയ്യുമെന്നായിരുന്നു റിപ്പോർട്ട്.
2022 നവംബറിൽ മദ്യത്തിന്റെ വിൽപന നികുതി 4% വർധിപ്പിച്ച സർക്കാർ, 2023–24ലെ ബജറ്റിൽ സെസും ഏർപ്പെടുത്തിയിരുന്നു. 500–999 രൂപ വിലയുള്ള കുപ്പിക്ക് 20 രൂപയും 1000നു മുകളിലേക്കു വിലയുള്ള കുപ്പിക്കു 40 രൂപയുമാണു സെസ്. ഇതിനു പുറമേയായിരുന്നു ഗാലനേജ് ഫീ വർധന.