രാജസ്ഥാനിൽ ആദിവാസി യുവതിയെ നഗ്നയാക്കി മർദിച്ച് റോഡിലൂടെ നടത്തി. പ്രതാപ്ഗഡിലെ നിചാൽ കോട്ട ഗ്രാമത്തിലാണ് സംഭവം. ഭർത്താവും ബന്ധുക്കളും ചേർന്നാണ് ക്രൂരത കാട്ടിയത്. യുവതി മറ്റൊരാൾക്കൊപ്പം കഴിഞ്ഞുവെന്നാരോപിച്ചായിരുന്നു പീഡനം. വ്യാഴാഴ്ചയാണ് സംഭവം നടന്നത്. കുറ്റക്കാരെ വെറുതെ വിടില്ലെന്ന് മുഖ്യമന്ത്രി അശോക് ഗലോട്ട് പറഞ്ഞു. ഒരു വർഷം മുമ്പായിരുന്നു ഇവരുടെ വിവാഹം. എന്നാൽ ഇവർ മറ്റൊരാളുമായി കഴിഞ്ഞു എന്നാരോപിച്ചാണ് ഭർത്താവും ബന്ധുക്കളും ചേർന്ന് ഇവരെ മർദ്ദിച്ച് റോഡിലൂടെ നഗ്നയാക്കി നടത്തിയത്. റോഡിലൂടെ നടത്തുന്ന സമയത്തും ഇവരെ മർദ്ദിക്കുന്നുണ്ടായിരുന്നു.
ഇത് സംബന്ധിച്ച ദൃശ്യങ്ങൾ വ്യാപകമായി പ്രചരിക്കുന്നുണ്ട്. തുടർന്നാണ് പൊലീസ് അന്വേഷണം നടത്തിയത്. പ്രതികൾ ഒളിവിലാണ്. പ്രതികളെ പിടികൂടുമെന്ന് മുഖ്യമന്ത്രി ഉറപ്പ് നൽകി. അന്വേഷണത്തിനായി പൊലീസിനെ ആറ് സംഘങ്ങളായി തിരിച്ചിട്ടുണ്ട്. അന്വേഷണം തുടരുകയാണ്. പ്രതികളെ ആരെയും ഇതുവരെ പിടികൂടിയിട്ടില്ല. അതേ സമയം ബിജെപി ഇത് ആയുധമാക്കിയിരിക്കുകയാണ്. ബലാത്സംഗത്തിൽ രാജസ്ഥാൻ ഒന്നാം നമ്പർ സംസ്ഥാനമായിട്ടുണ്ട് എന്നുള്ള പരിഹാസവുമായി ബി ജെ പി രംഗത്തെത്തിയിട്ടുണ്ട്. സ്ത്രീയെ ചികിത്സക്ക് വിധേയയാക്കിയിട്ടുണ്ട്.