മാട്രിമോണിയല്‍ സൈറ്റു വഴി പരിചയപ്പെട്ട യുവതിയുടെ ചതിയില്‍ കുടുങ്ങിയ സോഫ്റ്റ്‌വെയര്‍ എഞ്ചിനീയര്‍ക്ക് ഒരു മാസത്തിനിടെ നഷ്ടമായത് ഒരു കോടി രൂപ. അഹമ്മദാബാദ് സ്വദേശിയായ സോഫ്റ്റ് വെയര്‍ എഞ്ചിനീയര്‍ കുല്‍ദീപ് പട്ടേല്‍ ആണ് തട്ടിപ്പിനിരയായത്. ക്രിപ്‌റ്റോകറന്‍സി തട്ടിപ്പിന് ഇരയായാണ് ഇയാള്‍ക്ക് പണം നഷ്ടമായത്. ഗാന്ധിനഗറില്‍ സോഫ്റ്റ് വെയര്‍ എഞ്ചിനീയറായി ജോലി ചെയ്യുന്ന കുല്‍ദീപ്, ജൂണ്‍ മാസത്തിലാണ് അദിതി എന്ന യുവതിയെ പരിചയപ്പെടുന്നത്.
തനിക്ക് ഇംഗ്ലണ്ടില്‍ ഇംപോര്‍ട്ട് ആന്റ് എക്‌സ്‌പോര്‍ട്ട് ബിസിനസ് ആണെന്നാണ് യുവതി കുല്‍ദീപിനോട് പറഞ്ഞത്. കൂടുതല്‍ ലാഭം കിട്ടുന്നതിനായി ‘ബാനാകോയിനി’ല്‍ നിക്ഷേപിക്കാനും അദിതി ആവശ്യപ്പെട്ടു. ഇതു വിശ്വസിച്ച ഇയാള്‍ ബാനാകോയിനില്‍ പണം നിക്ഷേപിക്കുകയായിരുന്നു.
ആദ്യത്തെ തവണ ഒരു ലക്ഷം രൂപ നിക്ഷേപിച്ചപ്പോള്‍ 78 യുഎസ് ഡോളര്‍ ലാഭം ലഭിച്ചതായി അക്കൗണ്ടില്‍ അറിയിച്ചു. ഇതേത്തുടര്‍ന്ന് കൂടുതല്‍ പണം നിക്ഷേപിക്കുകയായിരുന്നു. ജൂലൈ 20 നും ഓഗസ്റ്റ് 31 നുമിടെ 18 തവണയാണ് പണം നിക്ഷേപിച്ചത്.
സെപ്റ്റംബര്‍ മൂന്നിന് 2.59 ലക്ഷം രൂപ അക്കൗണ്ടില്‍ നിന്നും പിന്‍വലിക്കാന്‍ ശ്രമിച്ചപ്പോഴാണ്, അക്കൗണ്ട് മരവിപ്പിച്ചിരിക്കുന്നതായി മനസ്സിലാക്കുന്നത്. തുടര്‍ന്ന് കുല്‍ദീപ് ബന്ധപ്പെട്ടപ്പോള്‍ അക്കൗണ്ട് മരവിപ്പിച്ചത് മാറ്റുന്നതിന് 35 ലക്ഷം രൂപ അടയ്ക്കാന്‍ ആവശ്യപ്പെട്ടു.
ഇതോടെ യുവാവ് സുഹൃത്ത് അദിതിയെ വിളിച്ചെങ്കിലും കിട്ടിയില്ല. ഇതോടെയാണ് ചതിയില്‍പ്പെട്ടതായി കുല്‍ദീപ് തിരിച്ചറിഞ്ഞത്. യുവാവിന്റെ പരാതിയില്‍ സെപ്റ്റംബര്‍ ഒമ്പതിന് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.