വാഷിങ്ടൺ: മനുഷ്യരാശിയെ മുപ്പത് വർഷങ്ങൾക്കുള്ളിൽ എ ഐ തുടച്ച് നീക്കിയേക്കാമെന്ന മുന്നറിയിപ്പുമായി എ ഐയുടെ ഗോഡ്ഫാദർ ജെഫ്രി ഹിൻ്റണ്‍. അടുത്ത മുപ്പത് വർഷത്തിനുള്ളിൽ എ ഐ 10% മുതൽ 20 % വരെ മനുഷ്യരാശിയെ തുടച്ച് നീക്കാനുള്ള സാധ്യതയുണ്ടെന്നാണ് ഹിൻ്റൺ നൽകിയ മുന്നറിയിപ്പ്.
എ ഐയുടെ അപകട സാധ്യതകൾ അടുത്ത കാലത്തായി വർധിച്ചിട്ടുണ്ടെന്നും 20 വർഷത്തിനുള്ളിൽ മനുഷ്യനെക്കാളും ബുദ്ധിയുള്ള എ ഐ ഉണ്ടാകാമെന്നും ഹിൻ്റൺ പറഞ്ഞു. കൂടുതൽ ബുദ്ധിയുള്ള ഒന്നിനെ കുറവ് ബുദ്ധിയുള്ള ഒന്ന് നിയന്ത്രിക്കുന്ന എത്ര ഉദാഹരണങ്ങൾ നിങ്ങൾക്ക് അറിയാമെന്ന് അദ്ദേഹം ചോദിച്ചു. അമ്മയും കുഞ്ഞുമാണ് തനിക്ക് അത്തരത്തിൽ അറിയാവുന്ന ഒരേയൊരു ഉദാഹരണമെന്നും ഹിൻ്റൺ പറഞ്ഞു. പരിണാമം അമ്മയെക്കാളും കുഞ്ഞിനെ ബുദ്ധിമാനാക്കുമെന്നും അമ്മയെ നിയന്ത്രിക്കുന്ന വിധത്തിൽ കുഞ്ഞിനെ പരുവപ്പെടുത്തുമെന്നും ഹിൻ്റൺ പറയുന്നു. ഇത്രയും വേഗത്തിലുള്ള പുരോഗതി എ ഐയിൽ പ്രതീക്ഷിച്ചിരുന്നില്ലെന്നും താൻ മുൻപെ തന്നെ ഇത് ചിന്തിക്കേണ്ടതായിരുന്നുവെന്നും ഹിൻ്റൺ പറഞ്ഞു. 2023-ൽ ഗൂഗിളിൽ നിന്ന് ഹിൻ്റൺ രാജിവെച്ചതിന് പിന്നാലെയാണ് അനിയന്ത്രിതമായ എ ഐ വികസനത്തിൻ്റെ അപകടസാധ്യതകളെക്കുറിച്ച് ഹിൻ്റൺ കൂടുതൽ സ്വതന്ത്രമായി സംസാരിക്കുന്നത്.