ശരീരത്തിന് ഏറെ ഗുണം ചെയ്യുന്നതാണ് ചെറുപയർ. പുഴുങ്ങിയും മുളപ്പിച്ചുമൊക്കെ കഴിക്കാറുണ്ട്. തടി കുറയ്ക്കാൻ ആഗ്രഹിക്കുന്നവർ മുളപ്പിച്ച് സാലഡായി കഴിക്കാറുണ്ട്. പ്രോട്ടീന്‍ സ്രോതസ്സാണ് ചെറുപയര്‍. കൂടാതെ, നാരുകൾ, വിറ്റാമിനുകൾ, ധാതുക്കൾ, ആൻ്റിഓക്‌സിഡൻ്റുകൾ എന്നിവയുടെ സമ്പന്നമായ ഉറവിടമാണിത്. മുളപ്പിച്ച ചെറുപയർ കൂടുതൽ ഗുണകരമാണ്. എങ്ങനെ മുളച്ച ചെറുപയർ കേടാകാതെ സൂക്ഷിക്കാം എന്നു നോക്കാം.
ആദ്യപടി ഇതിലെ കേടുപാടുകൾ ഉള്ള പയറുകൾ നീക്കം ചെയ്യുക എന്നത് തന്നെയാണ്. അല്ലാത്തപക്ഷം ചിലപ്പോൾ കേടുള്ളവ മറ്റു പയറുകളുടെയും രുചിയെ സ്വാധീനിക്കാനിടയുണ്ട്. ഗന്ധത്തിലും ഘടനയിലും എന്തെങ്കിലും വ്യത്യാസം തോന്നുന്ന പക്ഷം ആ പയറുകളെ കൂട്ടത്തിൽ നിന്നും മാറ്റാവുന്നതാണ്. മാത്രമല്ല, ഇവ പ്രത്യേകം സൂക്ഷിക്കുകയും വേണം.
ധാരാളം നാരുകൾ അടങ്ങിയിട്ടുണ്ട് പയറുകളുടെ തൊലിയില്ലെങ്കിലും തൊലി നീക്കം ചെയ്യാതെയിരിക്കുന്ന പക്ഷം അധികദിവസങ്ങൾ മുളപ്പിച്ചവ സൂക്ഷിക്കാൻ കഴിയുകയില്ല. പയറിന്റെ തൊലികൾ നീക്കം ചെയ്യുന്നതിനായി ഒരു പാത്രത്തിലേക്ക് ഇവ മാറ്റിയതിനു ശേഷം വെള്ളം ഒഴിച്ച് കൊടുക്കാം. തുടർന്ന് കൈകൾ ഉപയോഗിച്ച് സാവധാനത്തിൽ ഇളക്കാം. വളരെ പെട്ടെന്ന് തന്നെ തൊലികൾ അടർന്നു മാറിയതായി കാണുവാൻ കഴിയും. ഇനി വെള്ളം മാറ്റാവുന്നതാണ്.
മുളപ്പിച്ച പയറുകൾ വെള്ളത്തിൽ കഴുകിയെടുക്കുന്നത് അഴുക്കുകൾ, പൊടി പോലുള്ളവ നീക്കം ചെയ്യാൻ സഹായിക്കും. കഴുകുമ്പോൾ ടാപ്പ് തുറന്നിട്ട് അതിൽ വളരെ സാവധാനത്തിൽ കഴുകിയെടുക്കാൻ ശ്രദ്ധിക്കണം. കഴുകുമ്പോൾ പയറിന്റെ തൊലി അടർന്നു പോകാനിടയുണ്ട്. അവ നീക്കം ചെയ്തതിനു ശേഷം സൂക്ഷിച്ചാൽ അധിക ദിവസം കേടുകൂടാതെയിരിക്കും.
കഴുകിയെടുത്ത പയറിലെ വെള്ളം പൂർണമായും നീക്കം ചെയ്യണം. കിച്ചൻ ടവൽ ഉപയോഗിച്ച് വെള്ളം ഒപ്പിയെടുത്തതിന് ശേഷം രണ്ടോ മൂന്നോ ട്രേയിൽ നിരത്തി വെച്ച് ഉണക്കിയെടുക്കാം. സാധാരണ താപനിലയിൽ വെള്ളം മുഴുവൻ ഉണങ്ങിയതിനു ശേഷം വേറൊരു പാത്രത്തിലേക്ക് മാറ്റാം.
പയറുകൾ മുളപ്പിച്ചത് കൂടുതൽ ദിവസം ഇരിക്കണമെന്നുണ്ടെങ്കിൽ ശരിയായ രീതിയിൽ സൂക്ഷിക്കുക കൂടി വേണം. ഒരു വായു കടക്കാത്ത പാത്രത്തിലോ, സിപ് ലോക്ക് ബാഗിലോ ഇവ നിറയ്ക്കാം. സിപ് ലോക്ക് ബാഗിൽ നിറയ്ക്കുന്നതിനു മുൻപ് ഒരു പേപ്പർ ടവൽ കൂടി വെയ്ക്കാൻ മറക്കരുത്. ഈർപ്പമുണ്ടെങ്കിൽ അത് പേപ്പർ ടവൽ വലിച്ചെടുത്തു കൊള്ളും. ഇങ്ങനെ വെച്ചാൽ അധിക ദിവസം കേടുകൂടാതെയിരിക്കും. അതിനു ശേഷം ഫ്രിജിൽ സൂക്ഷിക്കാവുന്നതാണ്.
മുളപ്പിച്ച പയറുകൾ ഒരിക്കലും ഫ്രീസറിൽ വയ്ക്കരുത്. രുചിയിലും ഘടനയിലും വ്യത്യാസം വരുമെന്നതിനാൽ ഫ്രീസറിൽ വയ്ക്കുന്നത് ഒഴിവാക്കാം. മാത്രമല്ല, ഒരിക്കലും ഫ്രിജിൽ കൂടുതൽ തണുപ്പ് ലഭിക്കുന്ന ഭാഗത്തും മുളപ്പിച്ച പയറുകൾ സൂക്ഷിക്കരുത്.
Advertisements
Advertisements
Advertisements