രാജ്യത്ത് കറൻസിയിലുള്ള വിനിമയം കുറയുന്നതായി റിസർവ് ബാങ്ക് പഠനം. ഡിജിറ്റൽ ഇടപാടുകൾ കൂടുന്നതാണ് കാരണം.2024 മാർച്ചിലെ കണക്കുകൾ പ്രകാരം 60 ശതമാനം ഇടപാടുകളും കറൻസിയിൽ തന്നെയാണ് നടക്കുന്നത്. എന്നാൽ, ഈ അനുപാതം വളരെവേഗം കുറയുന്നതായാണ് കറൻസിയുടെ ഉപയോഗം സംബന്ധിച്ച് ആർ.ബി.ഐ. കറൻസി മാനേജ്മെന്റ് വകുപ്പിലെ പ്രദീപ് ഭുയാൻ തയ്യാറാക്കിയ റിപ്പോർട്ട് സൂചിപ്പിക്കുന്നത്. 2011-12 മുതൽ 2023-24 വരെയുള്ള പണമിടപാടുകളുടെ വിവരങ്ങളാണ് പരിശോധിച്ചിട്ടുള്ളത്.
2021 ജനുവരി-മാർച്ച് കാലയളവിൽ 81 മുതൽ 86 ശതമാനം വരെ ഇടപാടുകൾ കറൻസിയിലായിരുന്നു നടന്നിരുന്നത്. 2024 ജനുവരി-മാർച്ച് കാലയളവിലിത് 52-60 ശതമാനം വരെയായി കുറഞ്ഞു. ഡിജിറ്റൽ ഇടപാടുകൾ ഇക്കാലത്ത് ഇരട്ടിയായി. 2020-21 സാമ്പത്തികവർഷം 14-19 ശതമാനം വരെയായിരുന്നു ഡിജിറ്റൽ ഇടപാടുകൾ. 2024 മാർച്ചിലിത് 40 ശതമാനത്തിലേക്കെത്തി.
രാജ്യത്ത് 500, 1000 രൂപ നോട്ടുകൾ നിരോധിച്ച 2016-ലാണ് യുണിഫൈഡ് പേമെന്റ് ഇന്റർഫേസ് എന്ന യു.പി.ഐ. അവതരിപ്പിച്ചത്. തുടക്കത്തിൽ വലിയ പ്രചാരമുണ്ടായിരുന്നില്ലെങ്കിലും കോവിഡ് വന്നതോടെ സ്ഥിതിമാറി. പണമിടപാടുരീതിയിൽ വലിയമാറ്റങ്ങളുണ്ടായി. യു.പി.ഐ. കൂടുതലായി ഉപയോഗിക്കാൻ തുടങ്ങി. ക്യു.ആർ. കോഡ് സ്കാൻചെയ്ത് പണം കൈമാറാൻ തുടങ്ങിയത് രാജ്യത്ത് ഡിജിറ്റൽ ഇടപാടുകളിൽ വിപ്ലവം സൃഷ്ടിച്ചു.
2016-17 സാമ്പത്തികവർഷം യു.പി.ഐ. ഇടപാടുകളുടെ ശരാശരി ഇടപാടുമൂല്യം 3,872 കോടി രൂപയായിരുന്നു. 2023-24-ലിത് 1,525 രൂപയായി ചുരുങ്ങി. ചെറിയ തുകയ്ക്കുള്ള ഇടപാടുകൾ കൂടിയതാണ് ശരാശരി കുറയാൻ കാരണമായത്. ഇപ്പോഴും ചെറിയ ഇടപാടുകൾക്ക് പണമാണ് കൂടുതലായി ഉപയോഗിക്കുന്നത്. പൊതുവിപണിയിലുള്ള കറൻസിയും മൊത്തം ആഭ്യന്തര ഉത്പാദനവും തമ്മിലുള്ള അനുപാതം 2020-21-ൽ 13.9 ശതമാനമായിരുന്നു. 2023-24-ൽ 11.5 ശതമാനമായി ചുരുങ്ങിയതായും പഠനത്തിൽ ചൂണ്ടിക്കാട്ടുന്നു.
Advertisements
Advertisements
Advertisements