ചില സർപ്രൈസുകൾ നമ്മുടെ ജീവിതമാകെ മാറ്റിമറിക്കും. വിർജീനിയയിൽ നിന്നുള്ള ഈ യുവാവിന്റെ കാര്യത്തിലും അത് തന്നെയാണ് സംഭവിച്ചത്. കുറേ കാലമായി ശ്രദ്ധിക്കാതെ ഇട്ടിരിക്കുകയായിരുന്ന ഒരു വാൻ വൃത്തിയാക്കുകയായിരുന്നു ഡഗ്ലസ് ഹെർബർട്ട് എന്ന യുവാവ്. അപ്പോഴാണ് ഏകദേശം 83 ലക്ഷത്തിനടുത്ത് തുക സമ്മാനമായി ലഭിച്ച ഒരു ലോട്ടറി ടിക്കറ്റ് അയാൾക്ക് ലഭിച്ചത്. ഇതിൽപരം എന്ത് വേണം അല്ലേ?
വാനിനുള്ളിലെ പൊടിയും അഴുക്കും എല്ലാം കളഞ്ഞ് മൊത്തത്തിൽ ഒന്ന് വൃത്തിയാക്കി എടുക്കലായിരുന്നു ഡഗ്ലസിന്റെ പ്ലാൻ. അതിനു വേണ്ടിയാണ് ഇറങ്ങിയതും. എന്നാൽ, അപ്പൊഴൊന്നും തീരെ പ്രതീക്ഷിക്കാത്ത ഒരു നിധി അതിനകത്ത് മറഞ്ഞിരിക്കുന്നുണ്ട് എന്നോ താനത് കണ്ടെത്തുമെന്നോ അയാൾക്ക് യാതൊരു അറിവും ഇല്ലായിരുന്നു. ഏതായാലും, വാൻ വൃത്തിയാക്കവെ അതിനുള്ളിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ കുറച്ച് ലോട്ടറി ടിക്കറ്റുകൾ കണ്ടെത്തുകയായിരുന്നു. എന്നാൽ പിന്നെ അതൊക്കെ ഒന്ന് പരിശോധിച്ച് കളയാം എന്ന് കരുതുകയായിരുന്നു ഡഗ്ലസ്.
എന്നാൽ, അയാളെ തന്നെ അതിശയിപ്പിച്ച് കൊണ്ട് അതിൽ ഒരെണ്ണം ജൂൺ 14 -ന്റെ ഒരു ടിക്കറ്റായിരുന്നു. അതിന് $100,000 സമ്മാനവും അടിച്ചിട്ടുണ്ടായിരുന്നു. അയാളാകെ ഞെട്ടിപ്പോയി എന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. തനിക്കത് വിശ്വസിക്കാൻ പോലും സാധിച്ചില്ല. അതുകൊണ്ട് തന്നെ താനത് വീണ്ടും വീണ്ടും പരിശോധിച്ചു എന്നായിരുന്നു പിന്നാലെ ഡഗ്ലസിന്റെ പ്രതികരണം.
നേരത്തെ ലോട്ടറിയുമായി ബന്ധപ്പെട്ട് ഇതുപോലെയുള്ള പല വാർത്തകളും ലോകത്തിന്റെ പല ഭാഗത്ത് നിന്നും വന്നിരുന്നു. മിഷിഗണിൽ നിന്നുള്ള ക്രിസ്റ്റിൻ മുറാവ്‌സ്‌കി എന്ന 46 -കാരി ഭർത്താവിന്റെ പിറന്നാൾ ദിനത്തിനെടുത്ത ലോട്ടറിക്ക് രണ്ടരക്കോടി രൂപ സമ്മാനം ലഭിച്ചതും നേരത്തെ വാർത്തയായിരുന്നു.