ബ്രസ്സൽസ് | ചൊവ്വ ഗ്രഹത്തിൽ നിന്ന് ഇതാദ്യമായി ഭൂമിയിലേക്ക് സിഗ്നൽ അയച്ചു. യൂറോപ്യൻ സ്പേസ് ഏജൻസിയുടെ എക്സോമാർസ് ട്രേസ് ഗ്യാസ് ഓർബിറ്റർ (ടിജിഒ) ആണ് ഭൂമിയിലേക്ക് സിഗ്നൽ അയച്ചത്. ഒരു അന്യഗ്രഹത്തിൽ നിന്നുള്ള സിഗ്നൽ ഇതാദ്യമായാണ് ഭൂമിയിൽ സ്വീകരിക്കുന്നത്. മെയ് 24 ന് രാത്രി 9 മണിക്കാണ് ചൊവ്വയുടെ ഭ്രമണപഥത്തിൽ നീങ്ങുന്ന ടിജിഒ ഈ സിഗ്നൽ അയച്ചത്.
ഇത് 16 മിനിറ്റിന് ശേഷം ഭൂമിയിൽ ലഭിച്ചു. ‘എ സൈൻ ഇൻ സ്പേസ്’ പദ്ധതിക്ക് കീഴിലായിരുന്നു പരീക്ഷണം. മറ്റൊരു ഗ്രഹത്തിൽ നിന്ന് ഭൂമിയിലേക്ക് ഒരു സിഗ്നൽ അയച്ചാൽ അത് സ്വീകരിക്കാൻ കഴിയുമോ എന്നതായിരുന്നു പരീക്ഷണം. അന്യഗ്രഹ നാഗരികതകളിൽ നിന്ന് സിഗ്നലുകളോ സന്ദേശങ്ങളോ സ്വീകരിക്കുന്നത് മുഴുവൻ മനുഷ്യരാശിക്കും ഒരു വലിയ അനുഭവമായിരിക്കുമെന്ന് എക്‌സ്‌ട്രാ ടെറസ്ട്രിയൽ ഇന്റലിജൻസ് ഇൻസ്റ്റിറ്റ്യൂട്ടിലെ (സെറ്റി) ശാസ്ത്രജ്ഞയും ‘എ സൈൻ ഇൻ സ്‌പേസ്’ പദ്ധതിയുടെ മേധാവിയുമായ ഡാനിയേല ഡി പോളിസ് പറഞ്ഞു.
ചൊവ്വയിൽ നിന്ന് ലഭിച്ച സിഗ്നൽ ഡീകോഡ് ചെയ്യാൻ അന്താരാഷ്ട്ര വിദഗ്ധരുടെയും ബഹിരാകാശ ശാസ്ത്രജ്ഞരുടെയും സഹായം തേടിയിട്ടുണ്ട്. ഭൂമിയിലേക്ക് അയച്ച സിഗ്നലിലോ സന്ദേശത്തിലോ എന്താണ് എഴുതിയതെന്ന് ഡീകോഡിംഗിൽ വെളിപ്പെടുമെന്നാണ് ശാസ്ത്രജ്ഞരുടെ പ്രതീക്ഷ.