ലാൻഡ് ഗവേർണൻസ്, ഡിസാസ്റ്റർ മാനേജ്മെന്റ്, റിവർ ആൻഡ് വാട്ടർ മാനേജ്മെന്റ് എന്നിവയിൽ എം.ബി.എ
ഭൂസംരക്ഷണം, ജല സംരക്ഷണം, ദുരന്തനിവാരണം എന്നിവയുമായി ബന്ധപ്പെട്ട് റവന്യു വകുപ്പിന്റെ നേതൃത്വത്തിൽ എം.ബി.എ. കോഴ്സുകൾ ആരംഭിക്കുന്നു. റവന്യൂ വകുപ്പിന്റെ സ്വയംഭരണ പരിശീലന സ്ഥാപനമായ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലാൻഡ് ആൻഡ് മാനേജ്മെന്റിലാകും കോഴ്സുകൾ. ലാൻഡ് ഗവേർണൻസ്, ഡിസാസ്റ്റർ മാനേജ്മെന്റ്, റിവർ ആൻഡ് വാട്ടർ മാനേജ്മെന്റ് എന്നിവയിൽ ഈ അധ്യയന വർഷം മുതൽ എം.ബി.എ കോഴ്സുകൾ ആരംഭിക്കും.
കേരള സർവകലാശാലയുടെ അഫിലിയേഷനോടെയാകും കോഴ്സുകളെന്നു റവന്യൂ മന്ത്രി കെ. രാജൻ അറിയിച്ചു. ഓരോ പ്രോഗ്രാമിലും 30 സീറ്റുകൾ വീതമാകും ആദ്യ വർഷമുണ്ടാകുക. സെപ്റ്റംബർ ഒമ്പതിന് അഡ്മിഷൻ നടപടികൾ പൂർത്തിയാക്കി 13ന് ക്ലാസുകൾ ആരംഭിക്കും.
ഏതെങ്കിലും ഇന്ത്യൻ സർവ്വകലാശാലയിൽനിന്ന്, കേരള സർവകലാശാല അംഗീകരിച്ച റെഗുലർ സ്ട്രീമിന് കീഴിലുള്ള, ബിരുദം പാസായവർക്ക് അപേക്ഷിക്കാം. 10+2+3 പാറ്റേണിൽ (അല്ലെങ്കിൽ 10+2+4 പാറ്റേണിൽ) ആയിരിക്കണം പഠനം. ബിരുദ പരീക്ഷയിൽ 50% മാർക്കിൽ കുറയാതെ/തത്തുല്യ ഗ്രേഡോടെ (റൗണ്ടിംഗ് ഓഫ് അനുവദനീയമല്ല) പാർട്ട് III / കോർ പ്ലസ് കോംപ്ലിമെന്ററി ബി.എ, ബി.എസ്സി / ബി.ഇ/ ബി.ടെക്, ബി.എസ്സി (Agri) എന്നിവയിൽ വിജയിച്ചിരിക്കണം. കൂടാതെ മറ്റ് 4/5 വർഷത്തെ ഡിഗ്രി കോഴ്സുകൾ 50% മാർക്കോടെ പാസായവരെയും പരിഗണിക്കും. എം.എ/എം.എസ്സി കേരള സർവകലാശാല അംഗീകരിച്ച പിജി ബിരുദം 50 ശതമാനം മാർക്കോടെ/തത്തുല്യ ഗ്രേഡോടെ പാസായവർക്കും പ്രവേശനത്തിന് അർഹതയുണ്ട്. എസ്സി/എസ്ടി, എസ്ഇബിസി, ഭിന്നശേഷിയുള്ള ഉദ്യോഗാർഥികൾക്ക് സർവകലാശാല ചട്ടങ്ങൾ അനുസരിച്ച് ഇളവ് നൽകും. ഉദ്യോഗാർത്ഥികൾ K-MAT, C-MAT അല്ലെങ്കിൽ CAT എന്നിവ നടത്തുന്ന ഏതെങ്കിലും പ്രവേശന പരീക്ഷയിൽ നിന്ന് സാധുതയുള്ള സ്കോർ ഉണ്ടായിരിക്കണം. കഴിഞ്ഞ അധ്യയന വർഷത്തിൽ ലഭിച്ച സ്കോറുകൾ മാത്രമാണ് പരിഗണിക്കുന്നത്. സ്ഥാപനം നടത്തുന്ന യോഗ്യതാ പരീക്ഷ വിജയിക്കണം.
ഭൂവിഭവങ്ങളുടെ മാനേജ്മെന്റിലും ഭരണത്തിലും ശ്രദ്ധ കേന്ദ്രീകരിച്ച്, ഭൂവിനിയോഗം ഭൂമിയുടെ അവകാശം സുസ്ഥിരവികസനം എന്നിവയുമായി ബന്ധപ്പെട്ട സങ്കീർണ്ണങ്ങളായ വെല്ലുവിളികളെ അഭിമുഖീകരിക്കുന്നതിന് ഭാവി തലമുറയെ പ്രാപ്തരാക്കുക എന്ന ഉദ്ദേശ്യത്തോടുകൂടിയാണ് എംബിഎ ലാൻഡ് ഗവേർണൻസ് എന്ന ദ്വി വത്സര കോഴ്സ് ആരംഭിക്കുന്നത്. പഠിതാക്കൾ സാമ്പത്തിക ശാസ്ത്രം, ഭൂനിയമങ്ങൾ, അന്തർദേശീയ തലത്തിലുള്ള പൊതുനയങ്ങൾ എന്നിവയെ സംയോജിപ്പിച്ച് ഭൂമിയുടെ മൂല്യനിർണയം, ഏറ്റെടുക്കൽ, നിർമാർജനം (Disposal), വികസനം നടപ്പിലാക്കുന്നതിന് പ്രാപ്തരാക്കുന്നു. കോഴ്സ് പൂർത്തിയാക്കപ്പെടുന്ന ബിരുദധാരികൾക്ക് , റവന്യൂ വകുപ്പുമായി ബന്ധപ്പെട്ട സർക്കാർ സ്ഥാപനങ്ങളിലും, നിയമ-നയ രൂപീകരണ പ്രസ്ഥാനങ്ങളിലും, ലാൻഡ് അസ്സെ പോലുള്ള നോൺ ഗവൺമെന്റ് ഓർഗനൈസേഷനുകളിലും പ്രവർത്തിക്കാം. റിയൽ എസ്റ്റേറ്റ്, നഗര ആസൂത്രണം തുടങ്ങിയ മേഖലകളിൽ കൺസൾട്ടന്റായും പ്രവർത്തിക്കാം. ഭൂമിയുടെ അവകാശങ്ങൾ, ഭൂമിയിലെ അതിർത്തി തർക്കങ്ങൾ, സുസ്ഥിര ഭൂപരിപാലന സമ്പ്രദായങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട നയങ്ങളും പ്രോഗ്രാമുകളും വികസിപ്പിക്കുന്ന സംരംഭകരാകാനും അവസരം ഒരുക്കുന്നു. LAND MARKET AND PRICING, LAND LAWS, LAND REFORMS, LAND ADMINISTRATION SYSTEMS, AND SOCIETY, APPROACHES AND MODELS FOR SURVEYING AND SETTLEMENT IN LAND ADMINISTRATION തുടങ്ങിയ വിഷയങ്ങളിൽ വൈദഗ്ധ്യം നേടുന്ന വിദ്യാർഥികൾക്ക് ഐക്യരാഷ്ട്രസഭയിലും, ലോകബാങ്ക് പോലുള്ള മറ്റ് അന്താരാഷ്ട്ര സ്ഥാപനങ്ങളിലും നിരവധി അവസരങ്ങളാണ് ഈ മേഖലയിൽ നിലവിലുള്ളത്.
എം.ബി.എ ദുരന്തനിവാരണ MBA ബിരുദധാരികൾക്ക് അടിയന്തര പ്രതികരണത്തിലും തയ്യാറെടുപ്പിലും നിർണായകമായ പങ്കുവഹിക്കാനാകും. ഐക്യരാഷ്ട്രസഭയിലും ദേശീയ സംസ്ഥാനതല സർക്കാർ സംരംഭങ്ങളിലും, സന്നദ്ധ സംഘടനകളിലും സ്വകാര്യ സ്ഥാപനങ്ങളിലും വലിയ അവസരങ്ങളാണ് ആഗോളതലത്തിൽ തന്നെ ദുരന്തനിവാരണ മേഖലയിൽ പ്രവർത്തിക്കുന്നവർക്കുള്ളത്. കൂടാതെ ഇൻഷുറൻസ് മേഖലയിൽ റിസ്ക് മാനേജ്മെൻറ് വിദഗ്ധരായി പ്രവർത്തിക്കുവാനും അക്കാദമിക ഗവേഷണ മേഖലകളിൽ പ്രവർത്തിക്കുന്നതിനും അവസരമൊരുക്കുന്നു. കോഴ്സ് പൂർത്തിയാക്കുന്ന വിദഗ്ധർ അപകട സാധ്യത വിലയിരുത്തൽ, ദുരന്ത ലഘൂകരണം, ഭൂകമ്പങ്ങൾ പോലുള്ള പ്രകൃതി ദുരന്തങ്ങളും ഭീകരാക്രമണം പോലുള്ള മനുഷ്യനിർമ്മിത ദുരന്തങ്ങളും കൈകാര്യം ചെയ്യുന്നതിന് വൈദഗ്ധ്യം നേടുന്നു. ഭൂകമ്പം, സുനാമി തുടങ്ങിയ വളരെ വലിയ ഭൂമേഖലകളെ ബാധിക്കുന്ന ദുരന്തങ്ങൾ, പേമാരി – വെള്ളപ്പൊക്കം – ഉരുൾപൊട്ടൽ – പകർച്ച വ്യാധികൾ തുടങ്ങി ഒന്നിന് പിന്നാലെ ഒന്നായി ഉണ്ടാകുന്ന ദുരന്തങ്ങൾ, നിപ്പ പോലുള്ള പ്രാദേശിക പകർച്ച വ്യാധികൾ എന്നിങ്ങനെ വ്യത്യസ്ത രീതികളിലാണ് ദുരന്തങ്ങൾ ഉണ്ടാകുന്നത്. ആർട്ടിഫിഷ്യൽ ഇൻറലിജൻസിന്റെയും മിഷ്യൻ ലേണിങ്ങിന്റെയും സഹായത്തോടെ വളരെ വലിയ ഡാറ്റകളെ വിശകലനം ചെയ്യുന്നത് വഴി ഈ ദുരന്തങ്ങളുടെ ട്രെൻഡും, ആഘാതസാധ്യതകളും കൃത്യമായി കണ്ടെത്താനും തടയുവാനും സാധിക്കും. ഇതിനു വിദ്യാർഥികളെ പ്രാപ്തരാക്കുന്ന തരത്തിലുള്ള അന്തർദേശീയ നിലവാരത്തിലുള്ള സിലബസാണ് ദുരന്തവാരണത്തിൽ തയ്യാറാക്കപ്പെട്ടിട്ടുള്ളത്. അന്താരാഷ്ട്ര തല ഏകോപനത്തിൽ ആശയവിനിമയത്തിന്റെ പ്രാധാന്യം വളരെ പ്രസക്തമായതിനാൽ പ്രൊഫഷണൽ കമ്മ്യൂണിക്കേഷൻ ഫോർ ഡിസാസ്റ്റർ മാനേജ്മെൻറ് എന്ന ഒരു കോഴ്സ് അമേരിക്കയിൽ നിന്നുള്ള വിദഗ്ധരുടെ സഹായത്തോടുകൂടി വിദ്യാർത്ഥികളെ പഠിപ്പിക്കും. കൂടാതെ HUMANITARIAN LOGISTICS AND SUPPLY CHAIN MANAGEMENT, INFORMATION COMMUNICATION TECHNOLOGY, DATA ANALYTICS IN EMERGENCY MANAGEMENT, PUBLIC HEALTH, SOCIETIAL DIMENSIONS തുടങ്ങിയ വിഷയങ്ങളിൽ വൈദഗ്ധ്യം നേടുന്ന വിദ്യാർഥികൾക്ക് ദേശീയ അന്തർദ്ദേശീയ തലങ്ങളിൽ നിരവധി അവസരങ്ങളാണ് ഈ മേഖലയിലുള്ളത്.
നദികൾ, ജലസ്രോതസ്സുകൾ എന്നിവയുടെ സുസ്ഥിര മാനേജ്മെന്റിലും ഭരണത്തിലും വിഭവ ശേഷി വർദ്ധിപ്പിക്കുന്നതിനായി തയ്യാറാക്കിയ പ്രോഗ്രാം ആണ് എംബിഎ റിവർ ആൻഡ് വാട്ടർ മാനേജ്മെന്റ്. ജല ദൗർലഭ്യം, മലിനീകരണം, ആവാസ വ്യവസ്ഥയുടെ സംരക്ഷണം, ജലവിതരണം, ജലസ്രോതസ്സുകളുടെ ആസൂത്രണം നയ രൂപീകരണം, അന്തർദേശീയ- അന്തർ സംസ്ഥാന ജലസ്രോതസ്സുകളുടെ മാനേജ്മെന്റ് എന്നിങ്ങനെ വൈവിധ്യമാർന്ന മേഖലകളിലാണ് ഈ പ്രോഗ്രാം വിദഗ്ധരെ സൃഷ്ടിക്കുന്നത്. RIVER BASIN MANAGEMENT, CHANGING TREND OF WATER MANAGEMENT, SURFACE WATER MANAGEMENT, GROUND WATER MANAGEMENT, LAND USE AND WATER MANAGEMENT, CLIMATE CHANGE AND WATER MANAGEMENT തുടങ്ങിയ വിഷയങ്ങളിൽ വൈദഗ്ധ്യം നേടുന്ന വിദ്യാർഥികൾക്ക് നദി സംയോജനം, നദീതട പരിപാലനം തുടങ്ങിയ മേഖലയിൽ പ്രായോഗിക തലത്തിൽ ജോലി ചെയ്യുന്നതിന് സാധിക്കുന്നു. കൂടാതെ വെള്ളപ്പൊക്ക നിയന്ത്രണം, മണ്ണൊലിപ്പ് തടയൽ, ആവാസ വ്യവസ്ഥയുടെ പുനസ്ഥാപനം, ജല നയ രൂപീകരണം, പാരിസ്ഥിതിക ആഘാത പഠനം, അണക്കെട്ടുകൾ, ജല ഗുണനിലവാരം എന്നീ മേഖലകളിൽ പ്രവർത്തിക്കാൻ സാധിക്കും. കൂടാതെ, വാട്ടർ മോണിറ്ററിംഗ് സിസ്റ്റങ്ങൾ, ഡാറ്റ അനലിറ്റിക്സ്, വാട്ടർ റിസോഴ്സ് മോഡലിംഗ് പോലുള്ള സാങ്കേതികവിദ്യയുടെ അവസരങ്ങളിൽ പര്യവേക്ഷണം ചെയ്യാനും സാധിക്കും.
യു.എസ് എംബസി മുഖാന്തരം അമേരിക്കയിൽ നിന്നുള്ള വിദഗ്ധരാണ് ദുരന്തനിവാരണത്തിൽ ചില കോഴ്സുകൾ കൈകാര്യം ചെയ്യുന്നത്. വെസ്റ്റേൺ സിഡ്നി യൂണിവേഴ്സിറ്റി ഓസ്ട്രേലിയയുമായി സഹകരിച്ചു പ്രവർത്തിക്കുന്നതിന്, ഇന്ത്യ – ഓസ്ട്രേലിയ വാട്ടർ സെന്ററുമായി MoU ഒപ്പിട്ടിട്ടുണ്ട്. ദേശീയതല ഏകോപനത്തിനായി നാഷണൽ ഡിസാസ്റ്റർ മാനേജ്മെൻറ് ഇൻസ്റ്റിറ്റ്യൂട്ടിന്റെ, ദുരന്തനിവാരണ സ്ഥാപനങ്ങളുടെ ഏകോപിത സംഘടനയിൽ (India Universities and Institutions Network for Disaster Risk Reduction – IUINDRR) അംഗത്വം ലഭിച്ചിട്ടുണ്ട്. സംരംഭകത്വം വളർത്തിയെടുക്കുന്നതിനായി കേരള സർക്കാരിന്റെ യങ് ഇന്നവേഷൻ പ്രോഗ്രാമുമായി സഹകരിക്കുന്നതിനും MoU ഒപ്പിട്ടിട്ടുണ്ട്. കാസർഗോഡ് കേന്ദ്ര സർവകലാശാല, കേരള സർവകലാശാല തുടങ്ങിയ സ്ഥാപനങ്ങളുമായി സഹകരിച്ച് പ്രവർത്തിക്കാനുള്ള ശ്രമങ്ങൾ നടന്നുവരികയാണ്.
പഠിച്ചുകൊണ്ടിരിക്കുമ്പോൾത്തന്നെ, തൊഴിൽ പരിശീലനം റവന്യൂ വകുപ്പിന്റെ കൺട്രോൾ റൂമുകളിലും മറ്റ് വിവിധ തലങ്ങളിലും സ്വായക്തമാക്കാവുന്ന രീതിയിലാണ് കോഴ്സുകൾ ക്രമീകരിച്ചിരിക്കുന്നത്. കോഴ്സ് പൂർത്തിയാക്കുന്ന തിരഞ്ഞെടുക്കപ്പെടുന്നവർക്ക് ഒരു വർഷക്കാലയളവിലേക്ക് സ്റ്റൈപന്റോടു കൂടിയ ഇന്റേൺഷിപ്പ് കൂടി വിഭാവനം ചെയ്തിട്ടുണ്ട്. ഭാവിയിലേക്ക് സർക്കാർ സർവീസുകളിലേക്ക് നിയോഗിക്കപ്പെടുന്നവർക്ക് അതത് മേഖലകളിലെ അനുഭവ പരിചയം മുതൽക്കൂട്ടാകുമെന്നും മന്ത്രി പറഞ്ഞു.
കോഴ്സ് സംബന്ധിച്ച കൂടുതൽ വിവരങ്ങൾക്ക് ഐ.എൽ.ഡി.എമ്മുമായി ബന്ധപ്പെടണം. അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ : 94460 66750, 0471 2365559, ildm.revenue@gmail.com.
Advertisements
Advertisements
Advertisements