പഞ്ചാബിലെ ഹൈവേകളിൽ പുരുഷൻമാരെ ലക്ഷ്യം വച്ചിരുന്ന പ്രതി 18 മാസത്തിനിടെ 11 പുരുഷന്മാരെയാണ് കൊലപ്പെടുത്തിയത്.
ഇരകളെ വശീകരിക്കാൻ രാം സരൂപ് എന്ന സോധി സ്ത്രീ വേഷം ധരിക്കാറുണ്ടായിരുന്നു. ഇതിനിടെ തന്നെ അപമാനിക്കുകയോ ലൈംഗിക സേവനങ്ങൾക്ക് പണം നൽകാൻ വിസമ്മതിക്കുകയോ ചെയ്യുന്ന പുരുഷന്മാരെ കൊലപ്പെടുത്തുകയായിരുന്നു. അവസാന ഇരയായ 37 വയസ്സുകാരനായ മനീന്ദർ സിങ് തന്റെ ലൈംഗികതയെ പരിഹസിക്കുകയും ശരീരഭാഗങ്ങളെ കുറിച്ച് അപകീർത്തികരമായ പരാമർശങ്ങൾ നടത്തുകയും ചെയ്തെന്നും പൊലീസിന് നൽകിയ മൊഴിയിൽ പറയുന്നുണ്ട്.
22ാം വയസ്സിലാണ് രാം സരൂപ് സ്വവർഗാനുരാഗിയാണെന്നു തിരിച്ചറിഞ്ഞത്. ഇതിനിടെ ഇരകളിൽ ചിലരിൽനിന്നു പ്രതിക്ക് തിരസ്‌കരണവും അപമാനവും നേരിട്ടെന്നും ഇതു ആഴത്തിൽ സ്വാധീനിച്ചെന്നുമാണ് സൂചന. ലൈംഗിക ബന്ധത്തിന് ശേഷം തന്നെ നിരസിക്കുകയോ തന്റെ ആവശ്യങ്ങൾ നിറവേറ്റുന്നതിൽ പരാജയപ്പെടുകയോ ചെയ്ത പുരുഷന്മാരെ മാത്രമായിരുന്നു പ്രതി കൊലപ്പെടുത്തിയിരുന്നത്. ലൈംഗിക ബന്ധത്തിന് ശേഷം സമ്മതിച്ച തുക നൽകാൻ വിസമ്മതിച്ചതിനെത്തുടർന്നാണ് തന്റെ ആദ്യ ഇരയായ ഹർപ്രീത് സിങിനെ കൊലപ്പെടുത്തിയതെന്നും പ്രതി സമ്മതിക്കുന്നു. ഹോഷിയാർപൂർ ജില്ലയിലെ ചൗര സ്വദേശിയാണ് പിടിയിലായ രാം സരൂപ് എന്ന സോധി.