ലൊസാഞ്ചലസിലെ കാട്ടുതീ കലിഫോർണിയയുടെ ചരിത്രത്തിലെ ഏറ്റവും വിനാശകരമായ തീപിടിത്തമാണെന്ന് യുഎസ് പ്രസിഡന്റ് ജോ ബൈഡൻ. സംസ്ഥാനത്തെ സഹായിക്കാൻ അധിക ഫെഡറൽ ഫണ്ടുകളും വിഭവങ്ങളും അദ്ദേഹം വാഗ്ദാനം ചെയ്തു. വൈറ്റ് ഹൗസിൽ മുതിർന്ന ഉദ്യോഗസ്ഥരുടെ പ്രത്യേക യോഗം വിളിച്ചുകൂട്ടി സ്ഥിതിഗതികൾ വിലയിരുത്തി. കലിഫോർണിയയിലെ കാട്ടുതീയെ മഹാ ദുരന്തമായി പ്രഖ്യാപിച്ചു. തീപിടിത്തത്തിൽ മുപ്പതിനായിരത്തോളം ഏക്കറിൽ തീപിടിച്ചു.
ലൊസാഞ്ചലസിലെ ആളുകൾ ഒരു പേടിസ്വപ്നത്തിലൂടെയാണ് ജീവിക്കുന്നത് എന്നും അഗ്നിശമന സേനാംഗങ്ങളെ ഹീറോകൾ എന്ന് വാഴ്ത്തുന്നതായും ബൈഡൻ പറഞ്ഞു. കലിഫോർണിയയിലെ ഗവർണർ ഗാവിൻ ന്യൂസോമിന്റെ അഭ്യർഥന പ്രകാരം ആദ്യത്തെ 180 ദിവസത്തേക്ക് ദുരന്തത്തെ നേരിടുന്നതിനുള്ള ചെലവിന്റെ 100 ശതമാനവും സർക്കാർ വഹിക്കുമെന്നും അദ്ദേഹം പറഞ്ഞു. വ്യാഴാഴ്ച ഷെഡ്യൂൾ ചെയ്തിരുന്ന തന്റെ അവസാന വിദേശ യാത്രയായ ഇറ്റലി സന്ദർശനം ഒഴിവാക്കിയാണ് ബൈഡൻ വാഷിങ്ടണിൽ തങ്ങുന്നത്.കലിഫോർണിയയിലെ ആറിടത്താണ് തീ പടർന്ന് പിടിച്ചത്. സാന്റാമോണിക്കയ്ക്കും മാലിബുവിനും ഇടയിൽ പാലിസാഡസിലുണ്ടായ തീപിടിത്തത്തിൽ 15,000 ഏക്കറോളമാണ് കത്തിനശിച്ചത്. ഇവിടെ ഒരു ശതമാനം പോലും തീ അണയ്ക്കാനായില്ല. സാൻ ഗബ്രിയേൽ മലനിരകൾക്ക് കീഴെ ഈറ്റൺ മേഖലയിലായിരുന്നു രണ്ടാമത്തെ തീപിടിത്തമുണ്ടായത്. മേഖലയിൽ പതിനായിരത്തി അറുന്നൂറ് ഏക്കറിലധികം തീ പടർന്നു. ആയിരത്തിലധികം കെട്ടിടങ്ങൾ നശിച്ചു. 5 പേർ കൊല്ലപ്പെട്ടത് ഈ പ്രദേശത്താണ്. നഷ്ടം അമ്പത് ബില്യൺ ഡോളറിലധികമെന്നാണ് അനുമാനം.
സാൻ ഫെർണാഡോയുടെ വടക്ക് ഹർസ്റ്റ് മേഖലയിലും വലിയ തീപിടിത്തമാണ് ഉണ്ടായത്. 850 ഏക്കറോളമാണ് ഇവിടെ കത്തിയമർന്നത്. വുഡ്ലി പാർക്കിനോട് ചേർന്നാണ് നാലാമത്തെ തീപിടിത്തമുണ്ടായത്. വെഞ്ച്യൂറ കൗണ്ടിയിലെ ഒലിവാസിലെ തീപിടിത്തമാണ് അഞ്ചാമത്തേത്. ആക്ടൺ പ്രദേശത്തെ ലിഡിയ മേഖലയിലും തീപിടിത്തം ഉണ്ടായി. ഹോളിവുഡ് ഹിൽസിൽ പൊട്ടിപ്പുറപ്പെട്ട തീപിടുത്തമാണ് എറ്റവും ഒടുവിലത്തേത്. സെലിബ്രറ്റികളുടെ അടക്കം വാസസ്ഥലങ്ങൾ ഇവിടെ അപകട മേഖലയിലാണ്. പല താരങ്ങളുടെയും വീടുകൾ കത്തിപ്പോയി. ചെകുത്താൻ കാറ്റെന്ന് വിളിക്കുന്ന സാന്റ അന കാറ്റാണ് കാട്ടുതീകൾക്ക് പിന്നിൽ. തീ അണയ്ക്കാൻ കൂടുതൽ വെള്ളം ഉപയോഗിച്ചതോടെ ലൊസാഞ്ചലസിലെ കുടിവെള്ള വിതരണവും പ്രതിസന്ധിയിലായി.
Advertisements
Advertisements
Advertisements