വയനാട് ഉരുൾപൊട്ടലിന്റെ പശ്ചാത്തലത്തില്‍, ദുരിതാശ്വാസ നിധിയിലേക്കുള്ള സാലറി ചാലഞ്ചിന് പ്രതീക്ഷിച്ച പ്രതികരണമില്ല. സര്‍ക്കാര്‍ ജീവനക്കാരില്‍നിന്ന് സംഭാവനയായി ഓഗസ്റ്റിലെ ശമ്പളം, പിഎഫ്, ലീവ് സറണ്ടര്‍ എന്നിവയിലൂടെ ആദ്യഗഡുവായി കിട്ടിയത് 53 കോടി രൂപ മാത്രമാണ്. മൂന്നു തവണയായി 500 കോടിയോളം രൂപയാണ് സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നത്.ആദ്യ ഗഡുവായി ശമ്പളത്തില്‍നിന്ന് കിട്ടിയത് 34,20,53,635 രൂപയാണ്. ലീവ് സറണ്ടര്‍ വഴി ലഭിച്ചത് 16,21,10,126 രൂപയും പിഎഫില്‍നിന്ന് 31,28,556 രൂപയും ലഭിച്ചു. ആദ്യഗഡുവായി ആകെ കിട്ടിയത് 53,53,92,317 രൂപ. സ്പാര്‍ക്ക് വഴി അല്ലാതെ ശമ്പളം മാറ്റുന്ന ജീവനക്കാരില്‍നിന്ന് ലഭിച്ച തുകയുടെ വിവരങ്ങള്‍ ശേഖരിക്കുകയാണെന്നു സര്‍ക്കാര്‍ വ്യക്തമാക്കി. രണ്ടു തവണയായി ആകെ ലഭിച്ചത് 78 കോടി രൂപയാണെന്ന് അടുത്തിടെ അധികൃതര്‍ വ്യക്തമാക്കിയിരുന്നു. ശമ്പള വിതരണത്തിനുള്ള സ്പാര്‍ക്ക് സോഫ്റ്റുവെയറിലെ ഒക്‌ടോബര്‍ 9ലെ കണക്ക് അനുസരിച്ച് ആകെയുള്ള അഞ്ചേകാല്‍ ലക്ഷത്തോളം സര്‍ക്കാര്‍ ജീവനക്കാരില്‍ 1,19,416 പേരാണ് ശമ്പളം നല്‍കാനുള്ള സന്നദ്ധത അറിയിച്ചിരിക്കുന്നത്. ലീവ് സറണ്ടറില്‍നിന്ന് പണം നല്‍കാന്‍ 21,103 പേരും പിഎഫില്‍നിന്ന് നല്‍കാന്‍ 726 പേരും സന്നദ്ധത അറിയിച്ചിട്ടുണ്ട്.സാലറി ചാലഞ്ച് വഴി എല്ലാ സര്‍ക്കാര്‍ ജീവനക്കാരും 5 ദിവസത്തെ ശമ്പളം നല്‍കിയാല്‍ 660 കോടി രൂപ ലഭിക്കേണ്ടതാണ്. കുറഞ്ഞത് 5 ദിവസത്തെ ശമ്പളം നല്‍കണമെന്നാണ് സര്‍ക്കാര്‍ ഉത്തരവ് ഇറക്കിയിരുന്നത്. പരമാവധി മൂന്നു ഗഡുക്കളായി തുക നല്‍കാമെന്നും സമ്മതപത്രം നല്‍കുന്ന ജീവനക്കാരില്‍നിന്ന് ഓഗസ്റ്റിലെ ശമ്പളത്തില്‍നിന്നു മുതല്‍ പണം ഈടാക്കി തുടങ്ങുമെന്നുമാണ് ഉത്തരവില്‍ പറഞ്ഞിരുന്നത്. പ്രളയത്തോടനുബന്ധിച്ചു സാലറി ചാലഞ്ച് വഴി 1,246 കോടി രൂപയാണു സര്‍ക്കാരിനു ലഭിച്ചത്.
Advertisements
Advertisements
Advertisements