വാട്ട്സ്ആപ്പ് അതിന്റെ ചാനൽ ഫീച്ചർ അവതരിപ്പിച്ചത് അടുത്തിടെയാണ്. വാട്ട്‌സ്ആപ്പിൽ തന്നെ ഫോളോവേഴ്‌സിന് അപ്‌ഡേറ്റുകൾ നൽകാൻ സെലിബ്രിറ്റികളെയും വ്യക്തികളെയും അനുവദിക്കുന്ന ഇൻസ്റ്റാഗ്രാം-പ്രചോദിത സംവിധാനമായിരുന്നു ചാനലുകൾ. വലിയ സ്വീകരണമാണ് ചാനലുകൾക്കു ലഭിച്ചത്. എന്നാല്‍ ഇപ്പോഴിതാ ഉപയോക്തൃ ഇടപെടൽ വർദ്ധിപ്പിക്കാനായി പിന്തുടരുന്നവര്‍ക്കു ചാനൽ അപ്ഡേറ്റുകൾക്കു മറുപടി നൽകാൻ അനുവദിക്കുന്ന പുതിയ സംവിധാനം അവതരിപ്പിക്കാനൊരുങ്ങുന്നത്രെ.
ഏറ്റവും പുതിയ ആൻഡ്രോയിഡ് ബീറ്റ അപ്‌ഡേറ്റിന്റെ(2.23.20.6) ഭാഗമായാണ് ഇത് കണ്ടെത്തിയത്.ഒരു ചാനൽ അപ്‌ഡേറ്റിന് ലഭിച്ച മറുപടികളുടെ എണ്ണം പ്രദര്‍ശിപ്പിക്കുന്ന തരത്തിലുള്ള അപ്ഡേറ്റഡ് ചിത്രങ്ങളും പുറത്തു വന്നിട്ടുണ്ട്. സ്വകാര്യത നിലനിർത്തിക്കൊണ്ട് ചാനൽ അപ്ഡേറ്റുകൾക്കു മറുപടി നൽകാൻ കഴിയും.
പ്രധാനമന്ത്രി ഉൾപ്പടെയുള്ള നിരവധി പ്രമുഖർ നിലവിൽ വാട്സ്ആപ്പ് ചാനൽ ആരംഭിച്ചു അപ്ഡേറ്റുകള്‍ നൽകുന്നുണ്ട്.പുതിയതും ജനപ്രിയവുമായ ചാനലുകൾ അവ എത്രത്തോളം സജീവമാണ് എന്നതിനെ അടിസ്ഥാനമാക്കി ഉപയോക്താക്കൾക്ക് കാണാന്‍ കഴിയും, രാജ്യത്തിന്റെ അടിസ്ഥാനത്തിലും മറ്റും തെരഞ്ഞെടുക്കുകയും ചെയ്യാം