വിയറ്റ്‌നാമിന്റെ തലസ്ഥാന നഗരമായ ഹാനോയില്‍ പത്തുനില കെട്ടിടത്തിന് തീപിടിച്ചു. തീപിടിത്തത്തില്‍ നിരവധി പേര്‍ മരിച്ചു. മരിച്ചവരില്‍ മൂന്നു കുട്ടികളും ഉള്‍പ്പെടുമെന്നാണ് റിപ്പോര്‍ട്ട്. കെട്ടിടത്തിലുണ്ടായിരുന്ന 54 പേരെ രക്ഷപ്പെടുത്തി ആശുപത്രിയില്‍ എത്തിച്ചതായി അധികൃതര്‍ അറിയിച്ചു. ഇവരെല്ലാം പരുക്കുകളോടെ ചികിത്സയിലാണ്.
പത്തുനില കെട്ടിടത്തിന്റെ പാര്‍ക്കിങ്ങിലാണ് ഇന്നലെ അര്‍ധരാത്രിയോടെ തീപിടിത്തമുണ്ടായത്. ഇന്നു രാവിലെയോടെയാണ് തീയണയ്ക്കാനായത്. തീയണയ്ക്കാന്‍ താമസിച്ചത് രക്ഷാപ്രവര്‍ത്തനത്തെ ബാധിച്ചെന്നാണ് വിവരം. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. കെട്ടിടത്തിനു പുറത്തേക്ക് പോകാന്‍ ഒരു വഴിയേ ഉണ്ടായിരുന്നുള്ളൂവെന്നും എമര്‍ജന്‍സി ലാഡറില്ലായിരുന്നെന്നും അധികൃതര്‍ അറിയിച്ചു. ഏതാണ്ട് 150 ഓളം പേര്‍ ഇവിടെ താമസിച്ചിരുന്നെന്നാണ് റിപ്പോര്‍ട്ട്.