കുട്ടികള്‍ക്ക് വാഹനം ഓടിക്കാന്‍ കൊടുക്കുന്നവരാണോ നിങ്ങള്‍? എന്നാല്‍ അത്തരക്കാര്‍ അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍ പങ്കുവച്ച് കേരളാ പൊലീസ്.
പതിനെട്ടുവയസ് പൂര്‍ത്തിയാകാത്ത കുട്ടികള്‍ വാഹനങ്ങളുമായി നിരത്തിലിറങ്ങുന്നത് വര്‍ധിക്കുകയാണെന്ന് പൊലീസ് പറയുന്നു. രക്ഷിതാക്കളെ ഒളിച്ചും കൂട്ടുകാരുടെ സഹായത്തോടെയും വാഹനങ്ങള്‍ ഓടിക്കാന്‍ പഠിക്കുന്ന പ്രവണതയാണ് കൂടുതലായി കണ്ടുവരുന്നത്. ഇരുചക്രവാഹനങ്ങളുമായി നിരത്തിലിറങ്ങി കുട്ടികള്‍ അപകടത്തില്‍പ്പെടുമ്പോഴാണ് പലപ്പോഴും രക്ഷിതാക്കള്‍ ഈ വിവരം അറിയുന്നതെന്നും പൊലീസ് പറയുന്നു.
പ്രായപൂര്‍ത്തിയാകാത്ത കുട്ടികള്‍ വാഹനം ഓടിക്കുകയോ ഗതാഗത നിയമലംഘനം നടത്തുകയോ ചെയ്താല്‍ കുട്ടിയുടെ രക്ഷിതാവിനോ/ വാഹന ഉടമയ്‌ക്കോ മോട്ടോര്‍ വാഹനനിയമപ്രകാരം 25,000 രൂപ പിഴയും മൂന്ന് വര്‍ഷം തടവും ലഭിക്കും. കൂടാതെ വാഹനത്തിന്റെ രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് ഒരു വര്‍ഷത്തേക്ക് റദ്ദാക്കുകയും ചെയ്യും. കുട്ടി ഡ്രൈവര്‍മാരുടെ അപകടകരമായ യാത്രകള്‍, നിയമലംഘനങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ രക്ഷിതാക്കള്‍ക്കും വാഹന ഉടമകള്‍ക്കുമെതിരെയാണ് നടപടി സ്വീകരിക്കുന്നത്.
കുട്ടികള്‍ വാഹനം ഓടിച്ച് അപകടം സംഭവിച്ചാല്‍ ഇന്‍ഷൂറന്‍സ് പരിരക്ഷ പോലും ലഭിക്കില്ല. വാഹനം ഓടിച്ച കുട്ടിക്ക് ഏഴ് വര്‍ഷം കഴിഞ്ഞ ശേഷമെ ലൈസന്‍സിന് അപേക്ഷിക്കാന്‍ സാധിക്കുകയുള്ളു. കളിച്ചും ചിരിച്ചും നമ്മോടൊപ്പം ഉണ്ടായിരിക്കേണ്ട കുട്ടികളുടെ ജീവന്‍ അപകടത്തില്‍ പൊലിയാതിരിക്കട്ടെയെന്നും കേരളാ പൊലീസ് സാമൂഹിക മാധ്യമത്തില്‍ പങ്കുവച്ച വീഡിയോയില്‍ പറയുന്നു.