റഷ്യയില്‍ സര്‍ക്കാര്‍ ജീവനക്കാര്‍ ഐഫോണ്‍ ഉപയോഗിക്കുന്നത് റഷ്യന്‍ ഫെഡറല്‍ സെക്യുരിറ്റി സര്‍വീസ് നിരോധിച്ചതായി റിപ്പോര്‍ട്ട്. അമേരിക്കന്‍ രഹസ്യാന്വേഷണ ഏജന്‍സികള്‍ റഷ്യയുടെ നീക്കങ്ങള്‍ നിരീക്ഷിക്കുന്നത് തടയാനാണ് നടപടിയെന്നാണ് റിപ്പോര്‍ട്ട്. ഐഫോണിന് പുറമെ ഐപാഡ് തുടങ്ങിയ ആപ്പിള്‍ പ്രൊഡക്ടുകള്‍ ഉപയോഗിക്കുന്നതിനും വിലക്കുണ്ട്.
ജുലൈ 17 മുതല്‍ റഷ്യയുടെ വ്യാപാര മന്ത്രാലയത്തിലെ ജീവനക്കാരെ ജോലി സ്ഥലത്ത് ഐഫോണ്‍ ഉപയോഗിക്കാന്‍ അനുവദിക്കില്ല. ഐഫോണ്‍ സുരക്ഷിതമല്ലെന്നും ഇതിന് ബദല്‍ തേടേണ്ടതുണ്ടെന്നുമാണ് റഷ്യന്‍ സുരക്ഷ ഉദ്യോഗസ്ഥരുടെ വാദം. അമേരിക്ക അവരുടെ ഉപകരണങ്ങളിലൂടെ വിവരങ്ങള്‍ ചോര്ത്തുണ്ടെന്നാണ് റഷ്യന്‍ സുരക്ഷ ഉദ്യോഗസ്ഥരുടെ ആരോപണം.
കഴിഞ്ഞ മാര്‍ച്ചില്‍ അമേരിക്കയുടെ ഹാക്കിങ്ങിന് സാധ്യതയുണ്ടന്ന് ചൂണ്ടികാട്ടി ഉദ്യോഗസ്ഥരോട് ആപ്പിള്‍ ഉപകരണങ്ങളുടെ ഉപയോഗം നിര്‍ത്തലാക്കാന്‍ പ്രസിഡന്റ് ഓഫീസ് ആവശ്യപ്പെട്ടിരുന്നു.കൂടാതെ അമേരിക്കന്‍ രഹസ്യാന്വേഷണ ഏജന്‍സികളുമായി ആപ്പിള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് റഷ്യന്‍ സര്‍ക്കാര്‍ ആരോപിച്ചിരുന്നു. എന്നാല്‍ ആപ്പിള്‍ ഈ ആരോപണത്തെ നിഷേധിക്കുകയും ചെയ്തു.