ഭൂമിയിലെ സസ്തനികൾ നശിക്കുന്ന കാലയളവ് പ്രവചിച്ച് ഒരു കൂട്ടം ശാസ്ത്രജ്ഞർ. 250 ദശലക്ഷം വർഷത്തിനുള്ളിൽ ഭൂമിയിലെ ഒട്ടുമിക്ക സ്ഥലങ്ങളിലും സസ്തനികൾ ചത്തൊടുങ്ങുമെന്നാണ് ഗവേഷകർ പറയുന്നത്. ഭൂമിയിലെ ഭൂഖണ്ഡങ്ങളിലെ കാലാവസ്ഥ ഭാവിയിൽ എങ്ങനെയായിരിക്കുമെന്നതിന്റെ കമ്പ്യൂട്ടർ മോഡലിംഗ് അനുസരിച്ച് ന്യൂ സയന്റിസ്റ്റാണ് സസ്തനികളുടെ ജീവിത കാലയളവ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
മനുഷ്യരുൾപ്പെടെയുള്ള എല്ലാ സസ്തനികൾക്കും അതിജീവിക്കാൻ കഴിയാത്തവിധം ഭൂമിയിൽ ചൂട് വർദ്ധിക്കുമെന്നാണ് പഠനങ്ങൾ പറയുന്നത്. ഇത് സംബന്ധിച്ചുള്ള പഠനം നടത്തിയ ഗവേഷക സംഘത്തെ നയിച്ചത് ബ്രിസ്റ്റോൾ സർവകലാശാലയിലെ പാലിയോക്ലൈമേറ്റ് ശാസ്ത്രജ്ഞൻ അലക്സാണ്ടർ ഫാർൺസ്വർത്ത് ആണ്. സൂര്യന്റെ ചൂട്, ഭൂഖണ്ഡങ്ങളുടെ ഭൂമിശാസ്ത്രത്തിലുണ്ടായ മാറ്റം, കാർബൺ ഡൈ ഓക്സൈഡിന്റെ വർദ്ധനവ് എന്നിങ്ങനെ മൂന്ന് ഘടകങ്ങൾ കാരണമായിരിക്കും ഭാവിയിൽ കാലാവസ്ഥ മാരകമായി മാറാൻ പോകുന്നതെന്ന് അദ്ദേഹം പറഞ്ഞു.
നേച്ചർ ജിയോസയൻസ് ജേണലിലാണ് ഇത് സംബന്ധിച്ചുള്ള പഠനം പ്രസിദ്ധീകരിച്ചത്. സൂര്യൻ ക്രമാനുഗതമായി തെളിച്ചമുള്ളതായി മാറും. ഏകദേശം 7.6 ബില്യൺ വർഷത്തിനുള്ളിൽ ഭൂമിയെ സൂര്യൻ വിഴുങ്ങുമെന്നും ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്യുന്നു. ഭൂമിയുടെ അന്തരീക്ഷം ചൂടാകുമെന്നും സമുദ്രങ്ങളിൽ നിന്നും ഭൂഖണ്ഡങ്ങളിൽ നിന്നും കൂടുതൽ ജലം ബാഷ്പീകരിക്കപ്പെടുമെന്നും പഠനം പറയുന്നു.
250 ദശലക്ഷം വർഷങ്ങൾക്ക് ശേഷം ഭൂമധ്യരേഖയിൽ പാംഗിയ അൾട്ടിമ എന്ന് വിളിക്കപ്പെടുന്ന ഒരു പുതിയ ഭൂഖണ്ഡം രൂപപ്പെടുമെന്ന് ശാസ്ത്രജ്ഞർ പ്രവചിക്കുന്നു. സമുദ്രത്തിൽ നിന്ന് വളരെ ദൂരെയുള്ള പരന്ന പ്രദേശങ്ങൾ ഉൾപ്പെടുന്ന ഭൂപ്രകൃതി. പാംഗിയ അൾട്ടിമ കാലാവസ്ഥയെയും സ്വാധീനിക്കും. കാർബൺ ഡൈ ഓക്‌സൈഡിനെ പുറന്തള്ളുന്ന അഗ്നിപർവ്വതങ്ങളാൽ നിറഞ്ഞതായിരിക്കും പാംഗിയ അൾട്ടിമ. അതിനാൽ വായുവിലെ കാർബൺ ഡൈ ഓക്‌സൈഡിന്റെ അളവ് ഉയരാൻ സാധ്യതയുണ്ട്.
മനുഷ്യരെപ്പോലെ തന്നെ ഭൂമിയിലെ എല്ലാ സസ്തനികൾക്കും കാര്യങ്ങൾ കൂടുതൽ വഷളാകുമെന്ന് ഡോ. ഫാർൺസ്‌വർത്തും അദ്ദേഹത്തിന്റെ സംഘവും പറയുന്നു. മിക്കവാറും എല്ലാ പ്രദേശങ്ങൾക്കും അതിജീവിക്കാൻ കഴിയാത്തവിധം ചൂടാകും ഭൂമിയിൽ അനുഭവപ്പെടാൻ പോകുന്നത്. കൂട്ട വംശനാശത്തിന് അവ കാരണമായേക്കാം. സസ്തനികൾ കുറച്ചുകാലം പിടിച്ചു നിന്നേക്കാം. എങ്കിലും 200 ദശലക്ഷം വർഷങ്ങൾക്കിപ്പുറം ഭൂമിയിൽ നിന്നും സസ്തനികൾ അപ്രത്യക്ഷമാകും.