പാകിസ്താനിൽ നിന്നും ഇന്ത്യൻ വിദ്യാർഥികൾക്ക് നേരെ സൈബർ സുരക്ഷാ ഭീഷണി ഉണ്ടാകുന്നതായി ഇന്ത്യൻ സൈന്യത്തിന്റെ മുന്നറിയിപ്പ്. ഇന്ത്യയിലെ സൈനിക സ്‌കൂൾ വിദ്യാർത്ഥികളിൽ നിന്ന് പാകിസ്താൻ രഹസ്യാന്വേഷണ ഉദ്യോഗസ്ഥർ (PIO) വിവരങ്ങൾ തേടുന്നതായുള്ള റിപ്പോർട്ടുകൾ ഇന്ത്യൻ സൈന്യം സ്ഥിരീകരിച്ചു. ആർമി ഉദ്യോഗസ്ഥരുടെ മക്കളിൽ നിന്നും പാകിസ്താൻ ഇന്റലിജൻസ് സൈബറിടങ്ങളിലെ വ്യാജ അക്കൗണ്ടുകൾ ഉപയോഗിച്ച് വിവരങ്ങൾ തേടുന്നതായാണ് സൈന്യം വ്യക്തമാക്കുന്നത്
തിങ്കളാഴ്‌ച മുതൽ രാജ്യത്തുടനീളമുള്ള സൈനിക സ്‌കൂൾ വിദ്യാർത്ഥികൾ അടക്കമുള്ള ചില വിദ്യാർത്ഥികൾക്ക് പ്രത്യേക നമ്പറുകളിൽ നിന്ന് കോളുകളും വാട്ട്‌സ്ആപ്പ് സന്ദേശങ്ങളും ലഭിക്കുന്നുണ്ടായിരുന്നു. ഇവരുടെ വ്യക്തി വിവരങ്ങളും മാതാപിതാക്കളെ കുറിച്ചുള്ള വിവരങ്ങളും ആയിരുന്നു പ്രധാനമായും തിരക്കിയിരുന്നത്. ഇവ പാകിസ്താൻ രഹസ്യാന്വേഷണ വിഭാഗത്തിന്റെ കീഴിലുള്ള നമ്പറുകൾ ആണെന്ന് ഇന്ത്യൻ സൈന്യം വ്യക്തമാക്കി
ഇന്ത്യൻ വിദ്യാർഥികളുടെ സ്കൂളുകളുടെ പേരിലും അധ്യാപകരുടെ പേരിലും വ്യാജ അക്കൗണ്ടുകൾ ഉണ്ടാക്കി അവരെ പല വാട്സ്ആപ്പ് ഗ്രൂപ്പുകളിലും ചേർക്കുന്നതായും സൈന്യം പറയുന്നു. പലപ്പോഴും വൺ ടൈം പാസ്സ്‌വേർഡ് (OTP) പോലെയുള്ള വിവരങ്ങളും ഇവരിൽ നിന്നും ആവശ്യപ്പെടുന്നുണ്ട്. ഇത്തരത്തിൽ സ്കൂൾ വിദ്യാർത്ഥികളെ കേന്ദ്രീകരിച്ച് വിവരങ്ങൾ ചോർത്തുന്നത് പാകിസ്താൻ ഇന്റലിജൻസ് പ്രവർത്തകരുടെ പുതിയ സൈബർ ആക്രമണ പദ്ധതി ആണെന്നാണ് ഇന്ത്യൻ സൈന്യം പറയുന്നത്.
അതിർത്തി പ്രദേശങ്ങളിൽ താമസിക്കുന്ന വിദ്യാർത്ഥികളാണ് ഈ സൈബർ ആക്രമണങ്ങളുടെ പ്രധാന ലക്ഷ്യം. വിദ്യാർത്ഥികളിൽ നിന്നും നിർണായക വിവരങ്ങൾ നേടിയെടുത്ത് ഈ പ്രദേശങ്ങളുടെ തന്ത്രപ്രധാനമായ ലൊക്കേഷനുകളുടെ സാമീപ്യം പ്രയോജനപ്പെടുത്തുകയാണ് ഹാക്കർമാർ. ഇത്തരം സൈബർ ഭീഷണികളെകുറിച്ചും അപകടങ്ങളെക്കുറിച്ചും വിദ്യാർത്ഥികൾക്ക് സ്കൂളുകളും രക്ഷിതാക്കളും വേണ്ട അവബോധം നൽകണമെന്ന് സൈന്യം ആവശ്യപ്പെട്ടു.