പണ്ട് ഓർക്കൂട്ടിലൂടെയും ഫേസ്ബുക്കിലൂടെയുമാണ് ഇന്ത്യക്കാർ നവമാധ്യമങ്ങളുടെ ലോകത്തേക്ക് കടന്ന് ചെന്നത്. പിന്നീട് നവമാധ്യമങ്ങളുടെ രൂപവും രീതിയുമെല്ലാം മാറി മറിഞ്ഞു. സാങ്കേതിക രംഗം മാറുന്നതിനനുസരിച്ച് നവമാധ്യമ വെബ്സൈറ്റുകൾ മൊബൈൽ ആപ്പുകളായി രൂപാന്തരപ്പെടുകയും ചെയ്തു. ഫേസ്ബുക്കിനും ഇൻസ്റ്റാഗ്രാമിനും ശേഷം ഇപ്പോൾ ഇന്ത്യയിൽ ട്രെൻഡിങാവുകയാണ് സ്നാപ്പ്ചാറ്റ്. കൂടുതലറിയാൻ തുടർന്ന് വായിക്കുക. സ്നാപ്പ്ചാറ്റ് എന്താണെന്ന് അറിയാത്തവരായി അധികമാരും ഇന്നാട്ടിലുണ്ടാകില്ല. അടിസ്ഥാനപരമായി ഇതൊരു വിഷ്വൽ മെസേജിങ് ആപ്ലിക്കേഷൻ ആണെന്നതാണ് അറിയാത്തവർ മനസിലാക്കേണ്ടത്. ഇന്ന് ലോകത്തേറ്റവും കൂടുതൽ സ്നാപ്പ്ചാറ്റ് യൂസേഴ്സ് ഉള്ള രാജ്യങ്ങളിൽ ഒന്നാണ് ഇന്ത്യ. 200 മില്ല്യൺ ആക്റ്റീവ് യൂസേഴ്സാണ് പ്ലാറ്റ്ഫോമിന് ഇന്ത്യയിൽ ഉള്ളത് (പ്രതിമാസം). ഇവരിൽ 120 മില്ല്യൺ യൂസേഴ്സും വീഡിയോ കണ്ടന്റിനായും സ്നാപ്പ്ചാറ്റ് ഉപയോഗിക്കുന്നുണ്ട്.
സ്നാപ്പ്ചാറ്റ് ഉപയോക്താക്കളിൽ ഭൂരിഭാഗവും കൌമാരക്കാരും യുവാക്കളുമാണെന്നതാണ് മറ്റൊരു വസ്തുത. ആഗോള തലത്തിലും വലിയ വളർച്ചയാണ് സ്നാപ്പ്ചാറ്റിനുള്ളത്. പ്രതിമാസം 750 മില്ല്യൺ ആക്റ്റീവ് യൂസേഴ്സാണ് ലോകമെമ്പാടുമായി സ്നാപ്പ്ചാറ്റിനുള്ളത്. ഇവരിൽ ഭൂരിഭാഗവും യുവാക്കളാണെന്നതാണ് ഏറ്റവും ശ്രദ്ധേയം. കണക്കുകൾ പ്രകാരം 90 ശതമാനം യൂസേഴ്സും 18 മുതൽ 24 വയസിനിടെ പ്രായമുള്ളവരാണ്. ഫേസ്ബുക്കിലെ “അമ്മാവൻ സിൻഡ്രം” ഇൻസ്റ്റാഗ്രാമിലേക്കും പടരുന്നതായാണ് പുതുതലമുറയുടെ പരാതി. ഇതിനാൽ കൂടിയാണ് സ്നാപ്പ്ചാറ്റിലേക്ക് പുതുതലമുറ ചേക്കേറുന്നതും. ഈ വളർച്ച നിലനിർത്താനായാൽ അധികം വൈകാതെ ഇന്ത്യയിലെ ഏറ്റവും വലിയ പ്ലാറ്റ്ഫോമുകളിൽ ഒന്നായി കൂടി സ്നാപ്പ്ചാറ്റ് വളർന്നേക്കാം. കമ്പനി പുറത്ത് വിട്ട വിവരങ്ങൾ അനുസരിച്ച് സ്നാപ്പ്ചാറ്റ് വഴി കണ്ടന്റ് ( സ്റ്റോറികൾ വീഡിയോകൾ ) ആക്സസ് ചെയ്യുന്ന സ്നാപ്പ്ചാറ്റേഴ്സിന്റെ (സ്നാപ്പ്ചാറ്റ് യൂസ് ചെയ്യുന്നവർ) എണ്ണത്തിൽ വലിയ വർധനവ് തന്നെയുണ്ട്.
120 മില്ല്യണിൽ കൂടുതൽ യൂസേഴ്സാണ് ആപ്പിൽ വിവിധ തരത്തിലുള്ള കണ്ടന്റ് ആക്സസ് ചെയ്യുന്നത്. സ്നാപ്പ്ചാറ്റ് ആപ്പിലെ സ്റ്റോറികൾ, സ്പോട്ട്ലൈറ്റ്), പാർട്ണേർഡ് കണ്ടന്റ് എന്നിങ്ങനെ വിവിധ ഫോർമാറ്റുകളിലായാണ് യൂസേഴ്സ് കണ്ടന്റ് ആക്സസ് ചെയ്യുന്നത്. സ്നാപ്പ്ചാറ്റ് യൂസേഴ്സിന് ഏറെ പ്രിയപ്പെട്ട മറ്റൊരു ഫീച്ചറാണ് ഓഗ്മെന്റഡ് റിയാലിറ്റി (AR) ലെൻസ് ഫീച്ചറുകൾ. സ്നാപ്പ്ചാറ്റ് ക്യാമറയിലെ ഈ സൌകര്യം മിക്കവാറും യൂസേഴ്സും ഏറെ ഉപയോഗപ്പെടുത്തുന്നുമുണ്ട്. ഈ പൊതുബോധം തെറ്റല്ലെന്ന് തെളിയിക്കുന്നതാണ് കമ്പനി പുറത്ത് വിട്ട കണക്കുകൾ. സ്നാപ്പ്ചാറ്റിന്റെ ഇന്റേണൽ ഡാറ്റ പ്രകാരം എല്ലാ മാസവും 50 ബില്യൺ തവണയെങ്കിലും ഈ ഓഗ്മെന്റഡ് റിയാലിറ്റി ലെൻസുകൾ ഉപയോഗിക്കപ്പെടുന്നു. ഇന്ത്യയിലെ വിവിധ ഫെസ്റ്റിവൽ സീസണുകളിൽ ഈ സംവിധാനം വളരെ ക്രിയാത്മകമായി തന്നെ ഉപയോഗിക്കപ്പെടുന്നുണ്ടെന്നാണ് കമ്പനി വിലയിരുത്തുന്നത്. വളരെ സിമ്പിളായി പറഞ്ഞാൽ ഫിൽറ്റർ ഇട്ട് ഫോട്ടോയും വീഡിയോയും എടുക്കുന്നവരുടെ എണ്ണം വളരെ കൂടുതൽ ആണെന്ന്. എന്തായാലും യുവാക്കളെ കേന്ദ്രീകരിച്ചുള്ള ബിസിനസ് സ്ട്രാറ്റർജിയുമായി തന്നെ മുന്നോട്ട് പോകാനാണ് സ്നാപ്പ്ചാറ്റിന്റെ തീരുമാനം.
സ്നാപ്പ്ചാറ്റിലേക്ക് ഒരു എഐ ചാറ്റ്ബോട്ടിന് ഉൾപ്പെടുത്താനുള്ള നടപടിക്രമങ്ങളിലാണ് കമ്പനിയെന്നതും അറിഞ്ഞിരിക്കേണ്ട കാര്യമാണ്. യൂസർ ബേസ് വളരുന്നതിന് അനുസരിച്ച് പ്രാദേശികമായി ഒരു ഇ കൊമേഴ്സ് ശൃംഖല വളർത്തിയെടുക്കാനുള്ള ശ്രമങ്ങളിൽ കൂടിയാണ് സ്നാപ്പ്ചാറ്റ്. ഇതിനായി വിവിധ വ്യാപാരികളുമായി കമ്പനി കരാറുകളിലും ഏർപ്പെട്ട് കഴിഞ്ഞു. സ്നാപ്പ്ചാറ്റ് യൂസർ ബേസ് വളരുന്നതിന് അനുസരിച്ച് കൂടുതൽ സർവീസുകളിലേക്കും ശ്രദ്ധ ചെലുത്തുന്നതിന്റെ ഭാഗമായാണ് കമ്പനി പുതിയ നീക്കം നടത്തുന്നത്. ഇതിനായി ടീം ബിൽഡിങ് തുടരുകയാണെന്നും സ്നാപ്പ്ചാറ്റ് പ്രസ്താവനയിൽ അറിയിച്ചിരുന്നു.