ഫ്ലിപ്പ്കാര്‍ട്ടിന്റെ വാര്‍ഷിക ഷോപ്പിങ് ഉത്സവമായ ബിഗ് ബില്യന്‍ ഡേയ്ക്ക് വേണ്ടിയുള്ള കാത്തിരിപ്പ് അധികം നീളില്ലെന്ന് സൂചന. സെയില്‍ തീയ്യതികള്‍ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും വരാനിരിക്കുന്ന ഷോപ്പിങ് മാമാങ്കം ഉപഭോക്താക്കള്‍ക്ക് അവഗണിക്കാനാവാത്തതായി മാറുമെന്ന് തെളിയിക്കുന്ന സൂചനകള്‍ വെബ്‍സൈറ്റിലൂടെ ഫ്ലിപ്പ്കാര്‍ട്ട് പുറത്തുവിട്ടു. എപ്പോഴത്തെയും പോലെ ഫ്ലിപ്പ്കാര്‍ട്ട് പ്ലസ് അംഗങ്ങള്‍ക്ക് സെയിലിലേക്ക് നേരത്തെ പ്രവേശനം ലഭിക്കുകയും ചെയ്യും.
ആപ്പിള്‍, ഐക്യൂ, വണ്‍പ്ലസ്, സാംസങ്, റിയല്‍മി, ഷവോമി തുടങ്ങിയ കമ്പനികളുടെ സ്മാര്‍ട്ട് ഫോണുകളും ഫോണുകളുടെ ആക്സസറീസുകളും ലാപ്‍ടോപ്പുകള്‍ ഉള്‍പ്പെടെയുള്ള മറ്റ് ഇലക്ട്രോണിക് ഉത്പന്നങ്ങളുമെല്ലാം വന്‍ വിലക്കുറവില്‍ ഉപഭോക്താക്കളിലെത്തും. ഇലക്ട്രോണിക്സ് ഉത്പന്നങ്ങള്‍ക്കും ആക്സസറികള്‍ക്കും അന്‍പത് ശതമാനം മുതല്‍ എണ്‍പത് ശതമാനം വരെ വിലക്കുറവാണ് വെബ്‍സൈറ്റില്‍ ഇപ്പോള്‍ പ്രദര്‍ശിപ്പിക്കുന്നത്. ബെസ്റ്റ് സെല്ലിങ് ടാബ്ലറ്റുകള്‍ക്ക് 70 ശതമാനം വരെ വിലക്കുറവും കീബോര്‍ഡുകള്‍ക്കും മറ്റ് അനവധി ഉത്പന്നങ്ങളും 99 രൂപ മുതലും ഇന്‍ക് ടാങ്ക് പ്രിന്ററുകള്‍ അറുപത് ശതമാനം വരെ വിലക്കുറവിലും ലഭ്യമാക്കുമെന്ന് ഫ്ലിപ്പ്‍കാര്‍ട്ട് അവകാശപ്പെടുന്നു.
ഡിസ്‍കൗണ്ടുകളും ക്യാഷ് ബാക്കുകളും നോ കോസ്റ്റ് ഇഎംഐ ഓഫറുകളും ക്രെഡിറ്റ്, എക്സ്ചേഞ്ച് ഡിസ്കൗണ്ടുകളും ബിഗ് ബില്യന്‍ ഡേ സമയത്ത് ഉപഭോക്താക്കള്‍ക്ക് ലഭിക്കും. എല്ലാ പര്‍ച്ചേസുകള്‍ക്കും സൂപ്പര്‍ കോയിനുകള്‍ സമ്പാദിക്കാനും റെഡീം ചെയ്യാനുമുള്ള അവസരങ്ങളും ലഭിക്കും.
ടെലിവിഷന്‍ ഉള്‍പ്പെടെയുള്ള ഗൃഹോപകരണങ്ങള്‍ക്ക് എണ്‍പത് ശതമാനം വരെ ഡിസ്കൗണ്ട് ഉണ്ടാവുമെന്നാണ് ബിഗ് ബില്യന്‍ ഡേ പ്രത്യേക മൈക്രോ വെബ്‍സൈറ്റില്‍ ഫ്ലിപ്പ്കാര്‍ട്ട് അവകാശപ്പെടുന്നത്. 4990 രൂപ മുതല്‍ വാഷിങ് മെഷീനുകളും 70 ശതമാനം വിലക്കുറവോടെ റഫ്രിജറേറ്ററുകളും വില്‍ക്കും. ഫാഷന്‍ വിഭാഗത്തില്‍ അറുപത് ശതമാനം മുതല്‍ 90 ശതമാനം വരെ വിലക്കുറവുണ്ടാവും. ബ്യൂട്ടി, സ്‍പോര്‍ട്സ്, മറ്റ് വിഭാഗങ്ങളിലെല്ലാം അറുപത് ശതമാനം മുതല്‍ 80 ശതമാനം വരെ ഡിസ്കൗണ്ട് ലഭ്യമാക്കുമെന്നും വെബ്‍സൈറ്റ് പറയുന്നു. ഫര്‍ണിച്ചറുകള്‍ക്ക് 85 ശതമാനം വരെയായിരിക്കും വിലക്കുറവ്. ഇതോടൊപ്പം ഫ്ലൈറ്റ് ബുക്കിങുകള്‍ക്കും ഹോട്ടല്‍ റിസര്‍വേഷനുകള്‍ക്കും ആകര്‍ഷകമായ ഓഫറുകളും ലഭ്യമാവും.
വിവോ, സാംസങ്, മോട്ടോറോള എന്നിവ ഉള്‍പ്പെടെയുള്ള കമ്പനികളുടെ ആറ് പുതിയ ഉത്പന്നങ്ങള്‍ ബിഗ് ബില്യന്‍ ഡേ സെയില്‍ കാലയളവില്‍ പുറത്തിറങ്ങും. മോട്ടോറോള എഡ്ജ് 40 നിയോ, വിവോ ടി2 പ്രോ, സാംസങ് ഗ്യാലക്സി എസ് 21 ഇഇ 2023 എഡിഷന്‍ തുടങ്ങിയവയാണ് പുറത്തിറങ്ങാനിരിക്കുന്ന മോഡലുകള്‍. മറ്റ് നിരവധി സ്മാര്‍ട്ട് ഫോണുകള്‍ക്ക് വന്‍ വിലക്കുറവും ലഭിക്കും. ആപ്പിളിന്റെ ഐഫോണ്‍ 14 സീരിസ് വരെയുള്ള ഐഫോണുകള്‍ക്ക് നല്ല വിലക്കുറവുണ്ടാവുമെന്നും സൂചനയുണ്ട്.