ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ ഹെപ്പറ്റൈറ്റിസ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ വൈറല്‍ ഹെപ്പറ്റൈറ്റിസിനെതിരെ ജാഗ്രത പുലര്‍ത്തണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ പി ദിനീഷ് അറിയിച്ചു. പടിഞ്ഞാറത്തറ, തരിയോട്, മുട്ടില്‍, മൂപൈനാട്, മേപ്പാടി തുടങ്ങിയ സ്ഥലങ്ങളില്‍ കൂടുതലായി വൈറല്‍ ഹെപ്പറ്റൈറ്റിസ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. കരളിനെ ബാധിക്കുന്ന ഒരു വൈറസ് രോഗമാണ് വൈറല്‍ ഹെപ്പറ്റൈറ്റിസ്. വൈറല്‍ ഹെപ്പറ്റൈറ്റിസിന്റെ എ, ഇ വിഭാഗങ്ങള്‍ ആഹാരവും കുടിവെള്ളവും വഴി പകരുന്നവയാണ്. ബി,സി,ഡി എന്നീ വിഭാഗങ്ങള്‍ അണുബാധയുള്ള രക്തം, ശരീരസ്രവങ്ങള്‍ എന്നിവയിലൂടെയുമാണ് പകരുന്നത്. ഹെപ്പറ്റൈറ്റിസ് രോഗാണുക്കള്‍ ശരീരത്തിലെത്തി രോഗലക്ഷണങ്ങള്‍ പ്രത്യക്ഷപ്പെടുന്നത് മറ്റു പല പകര്‍ച്ചവ്യാധി രോഗങ്ങളേക്കാള്‍ കൂടുതല്‍ ദിവസങ്ങളെടുക്കും. എ,ഇ വിഭാഗങ്ങള്‍ക്ക് ഇത് 15 ദിവസം മുതല്‍ 60 ദിവസം വരെ ആയേക്കാം. ബി,സി,ഡി വിഭാഗങ്ങള്‍ക്ക് ഇത് 15 ദിവസം മുതല്‍ 6 മാസം വരെ നീണ്ടേക്കാം. കൂടുതല്‍ കണ്ടുവരുന്നത് കുടിവെള്ളം വഴിയും ആഹാരസാധനങ്ങള്‍ വഴിയും പകരുന്ന എ,ഇ വിഭാഗം ഹെപ്പറ്റൈറ്റിസാണ്. മുതിര്‍ന്നവരില്‍ പലപ്പോഴും ഈ രോഗം ഗൗരവകരമാവാറുണ്ട്. നിലവില്‍ ജില്ലയില്‍ കൂടുതലും റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത് ഹെപ്പറ്റൈറ്റിസ് എ കേസുകളാണ്. ശരീര വേദനയോടു കൂടിയ പനി, തലവേദന, ക്ഷീണം, ഓക്കാനം, ഛര്‍ദ്ദി തുടങ്ങിയവയാണ് പ്രാരംഭ രോഗലക്ഷണങ്ങള്‍. പിന്നീട് മൂത്രത്തിനും, കണ്ണിനും മറ്റു ശരീര ഭാഗങ്ങളിലും മഞ്ഞനിറം പ്രത്യക്ഷപ്പെടുന്നു (മഞ്ഞപ്പിത്തം).
*രോഗ പ്രതിരോധ നടപടികള്‍*
വ്യക്തി ശുചിത്വം, ആഹാരം കഴിക്കുന്നതിനു മുമ്പും കഴിച്ചതിനു ശേഷവും കൈകള്‍ സോപ്പ് ഉപയോഗിച്ച് കഴുകുക, നഖം വൃത്തിയായി വെട്ടുക. മലവിസര്‍ജ്ജനത്തിനു ശേഷം കൈകള്‍ സോപ്പ് ഉപയോഗിച്ച് കഴുകുക. തുറസ്സായ സ്ഥലത്ത് മലമൂത്രവിസര്‍ജ്ജനം ചെയ്യാതിരിക്കുക, കുഞ്ഞുങ്ങളുടെ വിസര്‍ജ്ജ്യങ്ങള്‍ സുരക്ഷിതമായി നീക്കം ചെയ്യുക, വീടിന്റെ പരിസരത്ത് ചപ്പുചവറുകള്‍ കുന്നുകൂടാതെ ശ്രദ്ധിയ്ക്കുക, ഈച്ച ശല്യം ഒഴിവാക്കുക, കന്നുകാലി തൊഴുത്തുകള്‍ കഴിവതും വീട്ടില്‍ നിന്ന് അകലെയായിരിക്കണം, പൊതുടാപ്പുകളും പരിസരവും വൃത്തിയായി സൂക്ഷിയ്ക്കുക. ആഹാര സാധനങ്ങള്‍ അടച്ചു സൂക്ഷിക്കുക, പഴകിയതും മലിനമായതുമായ ആഹാരം കഴിക്കാതിരിക്കുക, പഴവര്‍ഗ്ഗങ്ങളും പച്ചക്കറികളും കഴുകി ഉപയോഗിക്കുക, കുഞ്ഞുങ്ങള്‍ക്ക് മുലപ്പാല്‍ കഴിയുന്നത്ര കാലം നല്‍കുക, തിളപ്പിച്ചാറ്റിയ വെള്ളം മാത്രം കുടിക്കുക, കിണര്‍വെള്ളം ക്ലോറിനേറ്റ് ചെയ്യുക. ശീതള പാനീയങ്ങള്‍ തയ്യാറാക്കുന്നവരും വില്പന നടത്തുന്നവരും, വ്യാവസായിക അടിസ്ഥാനത്തില്‍ തയ്യാറാക്കുന്ന ഐസ് ബ്ലോക്കുകള്‍ പാനീയങ്ങളില്‍ ഉപയോഗിക്കരുത്.
യഥാസമയം വിദഗ്ദ ചികിത്സ ആരംഭിച്ചില്ലെങ്കില്‍ ഇത് മരണം വരെ സംഭവിക്കാവുന്ന ഒരു പകര്‍ച്ചവ്യാധിയാണ്. രോഗ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ തുടക്കത്തില്‍ തന്നെ ആരംഭിക്കുക വഴി രോഗം കൂടുതല്‍ പ്രദേശങ്ങളിലേയ്ക്ക് വ്യാപിയ്ക്കുന്നത് തടയാനാവും. കൂടുതല്‍ പേര്‍ക്ക് വയറിളക്കരോഗങ്ങള്‍ കണ്ടെത്തിയാല്‍ ഉടന്‍ ആരോഗ്യ കേന്ദ്രങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്യണം.
Your article helped me a lot, is there any more related content? Thanks!