രാജ്യത്തെ നഗരങ്ങളിലുടനീളം 10,000 ല്‍ അധികം വൈദ്യുത ബസുകള്‍ വിന്യസിക്കാനൊരുങ്ങി കേന്ദ്രം. വിവിധ പദ്ധതികള്‍ക്കായി കേന്ദ്രം അനുവദിച്ച 1.18 ലക്ഷം കോടി രൂപയില്‍ ഹരിത ഗതാഗതം വര്‍ധിപ്പിക്കാനും സിറ്റി ബസ് സർവീസുകൾ വര്‍ധിപ്പിക്കാനുമുള്ള പി.എം ഇ-ബസ് (PM-eBus) സേവയ്ക്ക് 57,613 കോടി രൂപ വകയിരുത്തി.
പൊതു-സ്വകാര്യ പങ്കാളിത്ത (public-private partnership) മാതൃകയില്‍ 169 നഗരങ്ങളിലായി വിന്യസിക്കുന്ന 10,000 പുതിയ വൈദ്യുത ബസുകള്‍ വാങ്ങുന്നതിനാണ് തുക ചെലവഴിക്കുക. 57,613 കോടി രൂപ ചെലവ് വരുന്ന പി.എം ഇ-ബസ് സേവാ പദ്ധതിക്ക് കേന്ദ്രം 20,000 കോടി രൂപ നല്‍കും. ഇത് 10 വര്‍ഷത്തേക്ക് ബസ് സര്‍വീസുകളുടെ ചെലവിലേക്കാണ്.
വൈദ്യുത യാത്ര സേവനങ്ങള്‍ സ്വീകരിക്കുന്നത് നഗരങ്ങളിലെ ശബ്ദ-വായു മലിനീകരണം കുറയ്ക്കുന്നതിനും കാര്‍ബണ്‍ എമിഷന്‍ തടയുന്നതിനും സഹായിക്കും. ശുദ്ധവായു കുറയുന്നത്, കാര്‍ബണ്‍ പറന്തള്ളല്, കാലാവസ്ഥാ വ്യതിയാനം എന്നിവയ്ക്കെതിരെ പോരാടുന്നതിനുള്ള ഒരു പ്രധാന ചവിട്ടുപടിയാണ് ഇത്തരം ഗതാഗത സംവിധാനങ്ങള്‍.