ടോക്കോ’ എന്ന ട്വിറ്റർ നാമത്തിൽ അറിയപ്പെടുന്ന ഒരു ജപ്പാൻകാരൻ തന്റെ യഥാർത്ഥ ജീവിതത്തിൽ നായയായി ജീവിക്കാനാണ് ആഗ്രഹിക്കുന്നത്. കഴിഞ്ഞ വർഷമാണ് നായയുടെ വേഷത്തിനായി ഇയാൾ 12 ലക്ഷം രൂപ ചെലവാക്കിയത്. അപ്പോൾ മുതൽ തന്റെ ട്വിറ്റർ പേജിലും യൂട്യൂബ് ചാനലിലും ഒക്കെ ടോക്കോ നായയുടെ വേഷം ധരിച്ചുള്ള തന്റെ വിശേഷങ്ങൾ പങ്കുവെക്കാറുണ്ട്. പരസ്യങ്ങൾക്കും സിനിമകൾക്കുമായി വസ്ത്രങ്ങൾ നിർമ്മിച്ചു നൽകുന്ന ജാപ്പനീസ് കമ്പനിയായ സെപ്പെറ്റ് ടിവി ആണ് ഏകദേശം 40 ദിവസം എടുത്ത് ഈ ഹൈപ്പർ റിയലിസ്റ്റിക് ഡോഗ് ഔട്ട്ഫിറ്റ് നിർമ്മിച്ചത്.
ഇപ്പോൾ ടോക്കോയുടെ ഒരു പുതിയ വീഡിയോ ആണ് സാമൂഹ്യ മാധ്യമങ്ങളിൽ വൈറലായി മാറിയിരിക്കുന്നത്. ടോക്കോ നായ വേഷം ധരിച്ച് പാർക്കിലൂടെ നടക്കുന്ന വീഡിയോ ആണ് ഇത്. ഇതിൽ ഒരു നായ ആളുകളോട് ഇടപഴകുന്നതിന് സമാനമായാണ് ടോക്കോയും പെരുമാറുന്നത്. ഒരു കൂട്ടം ആളുകൾക്കിടയിൽ ഇയാൾ ഒരു നായയെ പോലെ കറങ്ങി നടക്കുകയാണ്. യഥാർത്ഥ ഐഡന്റിറ്റി ടോക്കോ ഇതുവരെ എവിടെയും വെളിപ്പെടുത്തിയിട്ടുമില്ല.
A Japanese man, known only as Toco, spent $16K on a realistic rough collie costume to fulfill his dream of becoming a dog.
His identity remains anonymous, even to friends and coworkers.pic.twitter.com/9sfdph3Kb5
— BoreCure (@CureBore) July 28, 2023
അതുകൂടാതെ ടോക്കോയുടെ രൂപമാറ്റത്തെ കുറിച്ച് അദ്ദേഹത്തിന്റെ സുഹൃത്തുക്കൾക്ക് പോലും അറിയില്ല എന്നും പറയുന്നു. ജീവിതത്തിലെ ഏറ്റവും വലിയ സ്വപ്ന സാക്ഷാത്കാരമായിരുന്നു ഒരു നായയെ പോലെ ആവുക എന്നും ഈ ജപ്പാൻകാരൻ പറയുന്നു. റിയലിസ്റ്റിക് എന്ന് തോന്നിപ്പിക്കുന്ന കോളി ഇനത്തിൽപ്പെട്ട ഒരു നായയുടെ കോസ്റ്റ്യൂമിനായി 16,000 ഡോളർ ആണ് ഇദ്ദേഹം ചെലവഴിച്ചത്. ഇക്കാര്യവും ഏറെ വാർത്തയായി മാറിയിരുന്നു. ” ഇത്തരത്തിലുള്ള രൂപമാറ്റം സ്വീകരിക്കുക എന്നത് എന്റെ ഏറ്റവും വലിയ ആഗ്രഹമായിരുന്നു. എനിക്ക് ഓർമ്മവച്ച കാലം മുതൽ ഞാൻ ഇതിനെക്കുറിച്ച് ചിന്തിച്ചിട്ടുണ്ടെന്നും” ടോക്കോ വ്യക്തമാക്കി.
ടോക്കോയുടെ വീഡിയോകളും ചിത്രങ്ങളും കണ്ടാൽ ഒറ്റനോട്ടത്തിൽ ഒറിജിനൽ നായ ആണെന്നെ ആരും പറയൂ. ഇത് യഥാർത്ഥത്തിൽ ഒരു മനുഷ്യൻ ആണെന്ന കാര്യം നേരിട്ട് കാണുമ്പോൾ ഒരാൾക്കും മനസ്സിലാക്കാൻ കഴിയില്ല. കാരണം നായയുടെ വേഷത്തിലുപരി ശരീരഭാഷ കൂടി അദ്ദേഹം പഠിച്ചുകഴിഞ്ഞു.
ഇനി എന്തിനാണ് കോളി ഇനത്തിൽപ്പെട്ട നായയെ തെരഞ്ഞെടുത്തത് എന്ന ചോദ്യത്തിനും ടോക്കോയ്ക്ക് മറുപടിയുണ്ട്. ” കോളി ഇനമാകുമ്പോൾ വേഷം മാറിയാലും പെട്ടെന്ന് തിരിച്ചറിയില്ല. ഇവയ്ക്ക് വലിപ്പമുള്ളതു കൊണ്ട് തന്നെ റിയലിസ്റ്റിക് ആയി തോന്നും. മനുഷ്യ ശരീരത്തെയാകെ മറയ്ക്കാൻ ഈ മൃഗത്തിന്റെ രൂപത്തിന് കഴിയും. അതുകൊണ്ടാണ് ഇതിനെ തെരഞ്ഞെടുത്തതെന്നും ടോക്കോ ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു. എന്നാൽ കൈകാലുകൾ സ്വതന്ത്രമായി ചലിപ്പിക്കാനാകുമോ എന്ന ചോദ്യത്തിന് ചില പരിമിതികൾ ഉണ്ടെന്നും എങ്കിലും ചലിപ്പിക്കാൻ സാധിക്കുമെന്നും ടോക്കോ കൂട്ടിച്ചേർത്തു.