മലയാളികളായ അരവിന്ദ് മണിയും വിപിന്‍ ജോര്‍ജും ചേര്‍ന്ന് ആരംഭിച്ച വൈദ്യുത വാഹന കമ്പനിയായ റിവറിന്റെ ആദ്യ വൈദ്യുത സ്‌കൂട്ടര്‍ റിവര്‍ ഇന്‍ഡിയുടെ വിതരണം ആരംഭിച്ചു. ബെംഗളുരുവിലെ ഹൊസ്‌കോട്ടിലുള്ള ഫാക്ടറിയില്‍ നിന്നും ആദ്യത്തെ റിവര്‍ ഇന്‍ഡി വിതരണം ചെയ്തു. 1.25 ലക്ഷം രൂപയാണ് ഇതിന്റെ പ്രാരംഭ വില (എക്‌സ്-ഷോറൂം). 1,250 രൂപയില്‍ ഇതിന്റെ പ്രീ-ബുക്കിംഗ് ആരംഭിച്ചിരുന്നു.
അരവിന്ദ് മണിയും വിപിന്‍ ജോര്‍ജും ചേര്‍ന്ന് 2021 മാര്‍ച്ചിലാണ് റിവര്‍ സ്ഥാപിച്ചത്. റിവര്‍ ഇതിനകം തന്നെ ഇലക്ട്രിക് വാഹന വിപണിയില്‍ ഗണ്യമായ മുന്നേറ്റം നടത്തിയിട്ടുണ്ട്. ഫെബ്രുവരിയിലാണ് റിവര്‍ ഇന്‍ഡി വൈദ്യുത സ്‌കൂട്ടര്‍ ഔദ്യോഗികമായി പുറത്തിറക്കിയത്.
റിവര്‍ ഇന്‍ഡി വൈദ്യുത സ്‌കൂട്ടര്‍ നിരവധി സവിശേഷതകളുമായാണ് എത്തിയിരിക്കുന്നത്. ഇന്‍ഡിയുടെ വലിയൊരു സവിശേഷത 14 ഇഞ്ച് വീലുകളാണ്. ഈ സ്കൂട്ടറിൽ 43 ലിറ്റര്‍ അണ്ടര്‍ സീറ്റ് സ്റ്റോറേജും 12 ലിറ്റര്‍ ഫ്രണ്ട് ഗ്ലോവ് ബോക്‌സും ഉണ്ട്. ഇന്‍ഡിയുടെ സിഗ്നേച്ചര്‍ ട്വിന്‍ ബീം ഹെഡ്‌ലാമ്പുകളും ടെയില്‍ ലാമ്പ് ഡിസൈനും സ്‌കൂട്ടറിന് വേറിട്ട രൂപം നല്‍കുന്നു.
‘സ്‌കൂട്ടറുകളുടെ എസ്യുവി’ എന്ന് കമ്പനി വിശേഷിപ്പിക്കുന്ന ഈ വൈദ്യുത സ്‌കൂട്ടറില്‍ ഇക്കോ, റൈഡ്, റഷ് എന്നിങ്ങനെ മൂന്ന് റൈഡിംഗ് മോഡുകള്‍ ലഭിക്കും. ഇതിന്റെ 6.7 kW പീക്ക് പവര്‍ ഉള്ള ശക്തമായ മോട്ടോറിന് ഇന്‍ഡിയെ 90 കിലോമീറ്റര്‍ വേഗതയില്‍ എത്തിക്കാന്‍ കഴിയും. ഒരു സാധാരണ ചാര്‍ജര്‍ ഉപയോഗിച്ച് 5 മണിക്കൂറിനുള്ളില്‍ 80 ശതമാനം വരെ ചാര്‍ജ് ചെയ്യാം.