300 കി.മീ. വേഗം, അഞ്ച് പേര്‍ക്ക് യാത്ര; ദുബായിയുടെ ആകാശത്ത് ഇനി പറക്കും ടാക്‌സികളുമെത്തും

Advertisements
Advertisements

2026-ഓടെ എമിറേറ്റിന്റെ ആകാശത്ത് പറക്കും കാറുകള്‍ സജീവമാകുമെന്ന് ലണ്ടന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സ്‌കൈപോര്‍ട്‌സിന്റെ സി.ഇ.ഒ. ഡണ്‍കാന്‍ വാക്കര്‍ പറഞ്ഞു. ദുബായില്‍ നടന്ന വേള്‍ഡ് കോണ്‍ഗ്രസ് ഫോര്‍ സെല്‍ഫ് ഡ്രൈവിങ് ട്രാന്‍സ്‌പോര്‍ട്ടിന്റെ സമാപന വേദിയിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. യു.എ.ഇ. യുടെ ആദ്യ വെര്‍ട്ടിപോര്‍ട്ടിന്റെ (വെര്‍ട്ടിക്കല്‍ എയര്‍പോര്‍ട്ട്) നിര്‍മാണ ചുമതല സ്‌കൈപോര്‍ട്‌സിനാണ് നല്‍കിയിട്ടുള്ളത്.

Advertisements

എയര്‍ ടാക്‌സി സേവനങ്ങള്‍ക്കായി വികസിപ്പിച്ചെടുത്ത വെര്‍ട്ടിപോര്‍ട്ട് ശൃംഖലയുള്ള ലോകത്തിലെ ആദ്യത്തെ നഗരമായി ദുബായ് മാറും. ഡ്രോണുകളുടെ അല്ലെങ്കില്‍ നൂതന എയര്‍ മൊബിലിറ്റി (എ.എ.എം.)യുടെ ഗതാഗതത്തിനായി പ്രത്യേകം രൂപകല്പന ചെയ്ത സൗകര്യമാണ് വെര്‍ട്ടിപോര്‍ട്ട്. പരമ്പരാഗത ഹെലിപാഡില്‍നിന്ന് വ്യത്യസ്തമായ രൂപഘടനയാണ് വെര്‍ട്ടിപോര്‍ട്ടിന്റേത്. ഒരു വെര്‍ട്ടിപോര്‍ട്ടിന് ഒരേ സമയം ഒന്നിലേറെ ഇ.വി.ടി.ഒ.എല്‍. (ഇലക്ട്രിക് വെര്‍ട്ടിക്കല്‍ ടേക്-ഓഫ് ആന്‍ഡ് ലാന്‍ഡിങ്) വാഹനങ്ങളെ ഉള്‍ക്കൊള്ളാനും റീചാര്‍ജ് ചെയ്യാനുമുള്ള സൗകര്യവുമുണ്ടാകും.

ഫെബ്രുവരിയില്‍ നടന്ന ലോക സര്‍ക്കാര്‍ ഉച്ചകോടിയില്‍ വെര്‍ട്ടിപോര്‍ട്ടിന്റെ രൂപകല്പനയ്ക്ക് അംഗീകാരം ലഭിച്ചിരുന്നു. പറക്കും ടാക്‌സി വെര്‍ട്ടിപോര്‍ട്ടിന്റെ പ്രധാനകേന്ദ്രം ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിന് സമീപത്തായിരിക്കും. പാം ജുമൈര, ദുബായ് ഡൗണ്‍ടൗണ്‍, ദുബായ് മറീന എന്നിവിടങ്ങളിലെ വെര്‍ട്ടിപോര്‍ട്ടുകള്‍ ആദ്യഘട്ടത്തില്‍ പ്രവര്‍ത്തിക്കും. എയര്‍ ടാക്‌സികള്‍ക്ക് മണിക്കൂറില്‍ 300 കിലോമീറ്റര്‍ വരെ വേഗത്തില്‍ സഞ്ചരിക്കാനാകും. ഒരു പൈലറ്റ് ഉള്‍പ്പടെ അഞ്ചു പേര്‍ക്ക് സുഗമമായി യാത്ര ചെയ്യാനും സാധിക്കും.

Advertisements

പറക്കും കാറുകള്‍ യാഥാര്‍ഥ്യമാകുന്നതോടെ ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍നിന്ന് വെറും ആറുമിനിറ്റ് കൊണ്ട് പാം ജുമൈരയിലേക്കെത്താം. സമയം ലാഭിക്കുന്നതിനോടൊപ്പം കാര്‍ബണ്‍ പുറന്തള്ളല്‍ കുറയ്ക്കുന്നതുള്‍പ്പടെ ഗതാഗത രംഗത്ത് വലിയ നേട്ടങ്ങളുണ്ടാക്കാന്‍ പറക്കും ടാക്‌സികള്‍ക്ക് കഴിയും. ഗതാഗത മേഖലയുടെ ഭാവി രൂപകല്പന ചെയ്യുന്നതിലും വികസിപ്പിക്കുന്നതിലും ദുബായ് മുന്‍പന്തിയിലാണെന്നും വാക്കര്‍ പറഞ്ഞു.

എമിറേറ്റിലെ നിരത്തുകളില്‍ ഡ്രൈവറില്ലാ ടാക്‌സികളുടെ പരീക്ഷണയോട്ട പ്രഖ്യാപനമുള്‍പ്പടെ ഒട്ടേറെ സുപ്രധാന തീരുമാനങ്ങള്‍ക്ക് ദ്വിദിന സമ്മേളനം സാക്ഷ്യം വഹിച്ചിട്ടുണ്ട്. ഈ വര്‍ഷാവസാനത്തോടെ യാത്രക്കാര്‍ക്ക് ഡ്രൈവറില്ലാ കാറുകളില്‍ സഞ്ചരിക്കാനാകുമെന്നാണ് ആര്‍.ടി.എ.യിലെ ട്രാന്‍സ്‌പോര്‍ട്ട് സിസ്റ്റംസ് ഡയറക്ടര്‍ ഖാലിദ് അല്‍ അവാദി ചൊവ്വാഴ്ച അറിയിച്ചത്.

റോഡ്സ് ആന്‍ഡ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി (ആര്‍.ടി.എ.) ആതിഥേയത്വം വഹിച്ച പരിപാടിയില്‍ 2000-ത്തിലേറെ അന്താരാഷ്ട്ര പങ്കാളികള്‍, 53 പ്രഭാഷകര്‍, ഗതാഗത മേഖലയിലെ വിദഗ്ധര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. 40-ലേറെ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ നടന്ന സുസ്ഥിര ഗതാഗത സാങ്കേതികവിദ്യകളുടെ പ്രദര്‍ശനത്തിനും ദുബായ് വേള്‍ഡ് ട്രേഡ് സെന്റര്‍ വേദിയായി.

Advertisements
Advertisements

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
Verified by MonsterInsights