സഞ്ചാരികള്‍ക്ക് കാടിന്റെ മുഴുവന്‍ സൗന്ദര്യവും പകരുകയാണ് പറമ്പിക്കുളം. ജംഗിള്‍ സഫാരിയും കാട്ടിലുള്ള താമസവുമൊക്കെയായി മികച്ച സൗകര്യങ്ങളാണ് ഒരുക്കിയിരിക്കുന്നത്. പറമ്പിക്കുളം കടുവസങ്കേതത്തിന്റെ ആസ്ഥാനമായ ആനപ്പാടിയില്‍ എത്തുന്നവര്‍ക്ക് ഇക്കോ ഡെവലപ്മെന്റ് കമ്മിറ്റിയുടെ (ഇ.ഡി.സി.) വാഹനങ്ങളില്‍ കന്നിമാരി തേക്ക് സന്ദര്‍ശനം, വന്യജീവികളെ കാണല്‍, പറമ്പിക്കുളം, തൂണക്കടവ് അണക്കെട്ടുകളില്‍ സന്ദര്‍ശനം, പക്ഷിനിരീക്ഷണം തുടങ്ങിയവ ഉള്‍പ്പെടുന്നതാണ് ജംഗിള്‍ സഫാരി.
54 കിലോമീറ്റര്‍ വനാന്തരയാത്രയായ ജംഗിള്‍ സഫാരിയുടെ ദൈര്‍ഘ്യം മൂന്നരമണിക്കൂറാണ്. എട്ട് മിനിബസുകളിലാണ് ജംഗിള്‍ സഫാരി നടത്തുന്നത്. പരിശീലനംനേടിയ ഗൈഡുകള്‍ ഓരോ വാഹനത്തിലുമുണ്ടാകും. രാവിലെ ഏഴിന് സഫാരി തുടങ്ങും. വൈകീട്ട് മൂന്നിന് അവസാനിക്കും. മൂന്നരമണിക്കൂറാണ് ഒരുസംഘത്തിന് അനുവദിക്കുക. ഒരുബസ് രണ്ടുപ്രാവശ്യം സര്‍വീസ് നടത്തും. ഒരുദിവസം പരമാവധി 500 പേര്‍ക്ക് യാത്രചെയ്യാം