ഒരു ദിവസം ഉറക്കം ശരിയായില്ലായെങ്കിൽ തന്നെ നമ്മുടെ അവസ്ഥ എന്തായിരിക്കും? അടുത്ത ദിവസം ആകെ മോശമായിരിക്കും അല്ലേ? അപ്പോൾ പിന്നെ ദിവസങ്ങളോളം ഉറങ്ങാതിരുന്നാൽ ഒരാളുടെ അവസ്ഥ എന്തായിരിക്കും? അപ്പോൾ 60 വർഷം ഒരാൾ ഉറങ്ങാതിരുന്നാലോ? സംഗതി സത്യമാണ് 80 വയസായ വിയറ്റ്‍നാമിലുള്ള ഒരാൾ 60 വർഷമായി ഉറങ്ങിയിട്ടില്ലത്രെ. തായ് എൻഗോക്ക് 1962 മുതൽ ഉറങ്ങാനേ പറ്റാത്ത അവസ്ഥയിലൂടെ കടന്നു പോവുകയാണ് എന്നാണ് പറയുന്നത്.
അദ്ദേഹത്തിന്റെ കുടുംബമോ കൂട്ടുകാരോ അയൽക്കാരോ ഒന്നും തന്നെ അദ്ദേഹം ഉറങ്ങുന്നത് കണ്ടിട്ടില്ല. അതുപോലെ തന്നെ അദ്ദേഹത്തിന്റെ ഈ അവസ്ഥയെ കുറിച്ച് പഠിക്കാൻ നിരവധി സംഘമെത്തിയിരുന്നു. അവരും എൻഗോക്ക് ഉറങ്ങുന്നത് കണ്ടിട്ടില്ല. സ്ഥിരമായ നിദ്രാവിഹീനത എന്ന അവസ്ഥയാണ് എൻഗോക്കിന്. എന്നാൽ, വിശ്രമമില്ലാത്ത ഈ അവസ്ഥ കാരണം എന്തെങ്കിലും ബുദ്ധിമുട്ടുകൾ അദ്ദേഹത്തിന് അഭിമുഖീകരിക്കേണ്ടി വന്നിട്ടില്ല എന്നാണ് പറയുന്നത്.
അദ്ദേഹത്തിന്റെ ഈ അവസ്ഥയെ കുറിച്ച് ചിത്രീകരിക്കാൻ പോയ യൂട്യൂബർ ഡ്ര്യൂ ബിൻസ്കി പറയുന്നത് 1962 മുതൽ എൻഗോക്ക് ഉറങ്ങിയിട്ടില്ല എന്നാണ്. അതിന് കാരണമായി ചിലർ പറയുന്നത് PTSD (Post-traumatic stress disorder) ആയിരിക്കാം എന്നാണ്. എന്നാൽ, മറ്റ് ചിലർ പറയുന്നത് ഉറക്കമില്ലാത്ത എന്തോ അപൂർവമായ അവസ്ഥ ആയിരിക്കാം എന്നാണ്. വിയറ്റ്നാം യുദ്ധത്തിൽ എൻഗോക്കിന്റെ കൈക്ക് പരിക്കേറ്റിരുന്നു.
ബിൻസ്കിയും പറയുന്നത് ആ യുദ്ധകാലവും അന്നത്തെ ഭീകരതയും എല്ലാം എൻഗോക്കിന്റെ ഉറക്കമില്ലായ്മയ്ക്ക് കാരണമായിത്തീർന്നിട്ടുണ്ടാകാം എന്നാണ്. ബിൻസ്കി യൂട്യൂബിൽ പങ്കുവച്ച വീഡിയോയും നിരവധിപ്പേർ കണ്ടു. എൻഗോക്കിന്റെ അവസ്ഥ ഒരേ സമയം ആശ്ചര്യകരവും സങ്കടകരവും ആണെന്ന് നിരവധിപ്പേർ അഭിപ്രായപ്പെട്ടു