ഇവികള്‍ അത് ഇലക്ട്രിക് ബൈക്കോ കാറോ സ്കൂട്ടറോ അതേതുമാവട്ടെ, അവ വാങ്ങാന്‍ വലിയൊരു വിഭാഗം ജനങ്ങളും മടിച്ച് നില്ക്കാന് കാരണം റേഞ്ച് ഉത്കണ്്ഠയാണ്. രാജ്യത്തെ ചാര്‍ജിംഗ് അടിസ്ഥാന സൗകര്യങ്ങള്‍ വികസിച്ചിട്ടില്ലെന്നതാണ് അതിന് കാരണമായി പറയുന്നത്. എന്നാല്‍ വലിയ ബാറ്ററി പായ്ക്കുമായി വരുന്ന ഇലക്ട്രിക് ബൈക്കുകള്‍ വാങ്ങിയാല്‍ വലിയ പൈസച്ചെലവില്ലാതെ ലോംഗ് ട്രിപ്പ് പോകാമെന്ന് തെളിയിക്കുകയാണ് അള്‍ട്രവയലറ്റ് F77 ഇലക്ട്രിക് മോട്ടോര്‍സൈക്കിള്‍. ബെംഗളൂരു ആസ്ഥാനമായുള്ള ഇലക്ട്രിക് വാഹന സ്റ്റാര്‍ട്ടപ്പായ അള്‍ട്രാവയലറ്റ് ആണ് ഇപ്പോള്‍ റെക്കോര്‍ഡ് ബുക്കുകളില്‍ ഇടം നേടിയത്. 22 ദിവസം കൊണ്ട് 6,727 കിലോമീറ്റര്‍ ദൂരം പിന്നിട്ടാണ് ബ്രാന്‍ഡിന്റെ കന്നി ഇലക്ട്രിക് മോട്ടോര്‍സൈക്കിളായ അള്‍ട്രാവയലറ്റ് F77 ശ്രദ്ധേയമായ നേട്ടം കൈവരിച്ചത്. അള്‍ട്രാവയലറ്റ് F77 ഉടമയായ ബാല മണികണ്ഠന് ആയിരുന്ന ബൈക്ക് ഓടിച്ചിരുന്നത്.
റൈഡിലൂടെ ഇന്ത്യ ബുക്ക് ഓഫ് റെക്കോര്‍ഡ്സിലും ഏഷ്യ ബുക്ക് ഓഫ് റെക്കോര്‍ഡിലും അള്‍ട്രാവയലറ്റ് F77 ഇടം നേടി. ഒരു റൈഡില്‍ പരമാവധി ദൂരം പിന്നിട്ടതിനുള്ള റെക്കോഡാണ് ഇലക്ട്രിക് ബൈക്ക് നേടിയത്. ഇത്തരമൊരു അംഗീകാരം നേടുന്ന ആദ്യത്തെ ഇലക്ട്രിക് മോട്ടോര്‍സൈക്കിളായി ഇത് മാറി. മെയ് 21-ന് ചെന്നൈയില്‍ നിന്നാണ് ബാലാ മണികണ്ഠന് റൈഡ് ആരംഭിച്ചത്. യാത്രയിലുടനീളം വെല്ലുവിളി നിറഞ്ഞ ഭൂപ്രദേശങ്ങളെയും അതികഠിനമായ കാലാവസ്ഥയെയും അഭിമുഖീകരിക്കേണ്ടി വന്നു.
ചുട്ടുപൊള്ളുന്ന ചൂടിനെയും മരംകോച്ചുന്ന തണുപ്പിനെയും നേരിട്ടാണ് യാത്ര ലക്ഷ്യത്തിലെത്തിച്ചത്. തന്റെ യാത്രയില്‍ 14 സംസ്ഥാനങ്ങളിലൂടെ ബാല മണികണ്്ഠന് കടന്നുപോയി. 55 കിലോ ബാഗേജുമായായിരുന്ന യാത്ര. ചെന്നെയില്‍ നിന്ന് തുടങ്ങിയ യാത്ര ലേ വഴി കറങ്ങി വന്ന് ജൂലൈ 12-ന് ബെംഗളൂരുവില്‍ സമാപിച്ചു. അള്‍ട്രാവയലറ്റ് F77 ഇലക്ട്രിക് മോട്ടോര്‍ സൈക്കിളിന് വ്യത്യസ്ത പവര്‍, റേഞ്ച് ക്രമീകരണങ്ങളുള്ള മൂന്ന് റൈഡ് മോഡുകള്‍ ഉണ്ട്.
ഗ്ലൈഡ്, കോംബാറ്റ്, ബാലിസ്റ്റിക് എന്നിവയാണത്. ഈ യാത്രയില്‍ താന്‍ കൂടുതലും കോമ്പാറ്റ് മോഡാണ് ഉപയോഗിച്ചതെന്ന് റൈഡറായ മണികണ്ഠന് പറഞ്ഞു. റൈഡിലൂടെ ഏകദേശം 270 ലിറ്റര്‍ പെട്രോള്‍ ലാഭിക്കാന്‍ സാധിച്ചു. കണക്ക് കൂട്ടുമ്പോള്‍ ഏകദേശം 27,000 രൂപയില്‍ കൂടുതലാണ് പോക്കറ്റിലാകുന്നത്. മാത്രമല്ല പരിസ്ഥിതിക്കും കോട്ടംതട്ടിക്കാതെയായിരുന്നു യാത്ര. റൈഡിലൂടെ 645 കിലോ കാര്‍ബണ്‍ഡൈഓക്സൈഡ് ഉദ്വമനം കുറയ്ക്കാന്‍ സാധിച്ചതായും അള്‍ട്രാവയലറ്റ് എടുത്ത് കാണിക്കുന്നു.
മുഴുവന്‍ യാത്രയ്ക്കുമായി മൊത്തം ചാര്‍ജിംഗ് ചെലവ് വെറും 400 രൂപയായിരുന്നുവെന്നതാണ് ഏറ്റവും ശ്രദ്ധേയമായ സംഗതി. 3.8 ലക്ഷം രൂപ മുതലാണ് അള്‍ട്രാവയലറ്റിന്റെ ഈ ഫ്ലാഗ്ഷിപ്പ് മോഡലിന്റെ എക്സ്ഷോറൂം വില ആരംഭിക്കുന്നത്. റീകോണ്‍ വേരിയന്റ് സ്വന്തമാക്കാനായി 4.55 ലക്ഷം രൂപയാണ് എക്സ്ഷോറൂം വിലയായി മുടക്കേണ്ടത്. തുടക്കത്തില്‍ ഇലക്ട്രിക് ബൈക്കിന്റെ വില കണ്ട് പലരും നെറ്റി ചുളിച്ചെങ്കിലും രാജ്യത്തെ ആദ്യത്തെ പെര്‍ഫോമന്‍സ് ഇലക്ട്രിക് മോട്ടോര്‍സൈക്കിള്‍ പെര്‍ഫോമന്‍സ് കൊണ്ട് ഒത്തിരി പേരെ കൈയ്യിലെടുത്തു.
ഇന്ത്യന്‍ ഇരുചക്ര വാഹനങ്ങളില്‍ ഏറ്റവും വലിയ ബാറ്ററി ഉപയോഗിക്കുന്ന ഇലക്ട്രിക് മോട്ടോര്‍സൈക്കിള്‍ ആണ് അള്‍ട്രാവയലറ്റ് F77. ഫുള്‍ ചാര്‍ജില്‍ 307 കിലോമീറ്റര്‍ IDC റേഞ്ചാണ് ഇവിക്ക് അള്‍ട്രാവയലറ്റ് വാഗ്ദാനം ചെയ്യുന്നത്. പെര്‍ഫോമന്‍സ് വശം നോക്കുമ്പോള്‍ വെറും 2.9 സെക്കന്‍ഡിനുള്ളില്‍ പൂജ്യത്തില്‍ നിന്ന് മണിക്കൂറില്‍ 60 കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍ ഇലക്ട്രിക് ബൈക്കിനാകും. മണിക്കൂറില്‍ 152 കിലോമീറ്റര്‍ ആണ് ടോപ് സ്പീഡ്.
ബ്ലൂടൂത്ത്, സ്മാര്‍ട്ട്ഫോണ്‍ കണക്റ്റിവിറ്റി, ഓള്-എല്‍ഇഡി ലൈറ്റിംഗ്, റൈഡ് അനലിറ്റിക്സ്, 9-ആക്സിസ് ഐഎംയു, ഡ്യുവല്‍-ചാനല്‍ എബിഎസ് എന്നിവയുള്ള 5.0 ഇഞ്ച് ടിഎഫ്ടി ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍ എന്നിവയാണ് അള്‍ട്രാവയലറ്റ് F77 ഇലക്ട്രിക് മോട്ടോര്‍സൈക്കിളിന്റെ മറ്റ് സവിശേഷതകള്‍. 8 വര്‍ഷം അല്ലെങ്കില്‍ 1,00,000 കിലോമീറ്റര്‍ വരെ വാറണ്ടിയും ബ്രാന്‍ഡ് വാഗ്ദാനം ചെയ്യുന്നു.
ഇന്ത്യയുടെ ചാന്ദ്ര ദൗത്യമായ ചന്ദ്രയാന്‍ 3-ന് ആദരമര്‍പ്പിച്ച് അള്‍ട്രാവയലറ്റ് ഏതാനും ദിവസം മുമ്പ് F77 സ്പേസ് എഡിഷന് പുറത്തിറക്കിയിരുന്നു. പ്രത്യേക പതിപ്പായ F77 സ്പേസ് എഡിഷന് ഇലക്ട്രിക് ബൈക്കിന്റെ 10 യൂണിറ്റുകളും ബുക്കിംഗ് വിന്‍ഡോ തുറന്ന് 90 സെക്കന്‍ഡിനുള്ളില്‍ വിറ്റുതീര്‍ന്നു. 5.6 ലക്ഷം രൂപ എക്സ്ഷോറൂം വിലയിലെത്തിയ ഇലക്ട്രിക് ബൈക്കാണ് മിന്നല്‍ വേഗത്തില്‍ വിറ്റുതീര്‍ന്നത്. എയ്റോസ്പേസ് ഗ്രേഡ് അലുമിനിയം ഉപയോഗിച്ചായിരുന്നു അള്‍ട്രാവയലറ്റ് F77 സ്പേസ് എഡിഷന്റെ നിര്‍മാണം.