Advertisements
കളിചിരികളും വര്ണ്ണ ബലൂണുകളും പൂക്കളുമായി അക്ഷര മുറ്റങ്ങള് നിറഞ്ഞു. പ്രവേശനോത്സവത്തിലെ ആദ്യദിനം ആഘോഷമാക്കാന് ജില്ലയിലെ വിദ്യാലയങ്ങള് വര്ണ്ണത്തോരണങ്ങളുമായി അണിഞ്ഞൊരുങ്ങിയിരുന്നു. മധുരമിഠായികളും വാദ്യമേളങ്ങളുമായി വേറിട്ട രീതിയിലായിരുന്നു വിദ്യാലയങ്ങളിലെ ആദ്യദിനം. പുതിയ കെട്ടിടങ്ങളും വര്ണ്ണകൂടാരങ്ങളുമായി മുഖം മിനുക്കിയ പൊതുവിദ്യാലയങ്ങള് നൂറ് കണക്കിന് പുതിയ കുട്ടികളെയും വിദ്യാലയത്തിലേക്ക് വരവേറ്റു. മിന്നാമിനുങ്ങിനെയല്ല.. സൂര്യനെയും പിടിക്കാം എന്ന ഈരടികളുമായുള്ള പൊതുവിദ്യാഭ്യാസ വകുപ്പിന്റെ സ്വാഗത ഗാനം ആലപിച്ചാണ് ഇത്തവണ പുതിയ അധ്യയനവര്ഷത്തിന് തുടക്കമായത്. കുട്ടികളും രക്ഷിതാക്കളും അധ്യാപകരും നാട്ടുകാരും ചേര്ന്നതോടെ പ്രവേശനോത്സവം നാടിന്റെ ഉത്സവമായി മാറി.
നവാഗതരെ സ്വീകരിക്കാന് ജില്ലാ, ഉപജില്ലാ, പഞ്ചായത്ത്, സ്‌കൂള് തലങ്ങളില് വിപുലമായ ഒരുക്കങ്ങളാണ് നടത്തിയത്. പ്രവേശനോത്സവത്തിന്റെ ജില്ലാതല ഉദ്ഘാടനം അമ്പലവയല് ജി.വി.എച്ച്.എസ്.സ്‌കൂളില് ഐ.സി. ബാലകൃഷ്ണന് എം.എല്.എ നിര്വ്വഹിച്ചു. സര്ക്കാര് വിദ്യാലയങ്ങളില് വിജയശതമാനം വര്ദ്ധിച്ചു വരുന്നത് പ്രതീക്ഷ നല്കുന്നതാണെന്നും രക്ഷിതാക്കളും അധ്യാപകരായി മാറണമെന്നും എം.എല്.എ പറഞ്ഞു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര് അധ്യക്ഷത വഹിച്ചു. വിദ്യാര്ഥികള്ക്ക് സൗജന്യ യോഗ പരിശീലനം നല്കുന്ന ആയുര് യോഗ പദ്ധതി ജില്ലാ കളക്ടര് ഡോ. രേണു രാജ് ഉദ്ഘാടനം ചെയ്തു. പദ്ധതിയുടെ ലോഗോ ചടങ്ങില് പ്രകാശനം ചെയ്തു. കുട്ടികള്ക്കുള്ള പഠന കിറ്റ് വിതരണോദ്ഘാടനം അമ്പലവയല് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.കെ ഹഫ്സത്തും സ്‌കൂള് കൊടിമരത്തിന്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്തംഗം സുരേഷ് താളൂരും നിര്വ്വഹിച്ചു. സ്‌കൂളിലെ പ്രസംഗ പീഠത്തിന്റെ സമര്പ്പണം പഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ. ഷമീറും വാട്ടര് പ്യൂരിഫയറിന്റെ സമര്പ്പണം ഡയറ്റ് സീനിയര് ലക്ചറര് എം.ഒ സജിയും നിര്വഹിച്ചു. പ്ലാറ്റിനം ജൂബിലി കലണ്ടര് പ്രകാശനം ഗ്രാമ പഞ്ചായത്ത് സ്റ്റാന്ഡിങ് കമ്മിറ്റി അംഗം ജെസ്സി ജോര്ജ് നിര്വഹിച്ചു. രാജ്യപുരസ്‌ക്കാര് ജേതാക്കളെ ചടങ്ങില് ആദരിച്ചു. ജില്ലയില് ഒമ്പതിനായിരത്തിലധികം കുട്ടികളാണ് പുതിയതായി സ്‌കൂളില് പ്രവേശനം നേടിയത്.
പഞ്ചായത്തംഗം എന്.സി കൃഷ്ണകുമാര്, എസ്.എസ്.കെ ഡി.പി.സി വി. അനില്കുമാര്, മിഷന് കോര്ഡിനേറ്റര് വില്സണ് തോമസ്, അക്കൗണ്ട് ഓഫീസര് എ.ഒ രജിത, പി.ടി.എ പ്രസിഡണ്ട് എ.രഘു, എസ്.എം.സി ചെയര്മാന് അനില് പ്രമോദ്, പ്രിന്സിപ്പാള് പി.ജി സുഷമ, വി.എച്ച്.എസ്.സി പ്രിന്സിപ്പള് സി.വി നാസര്, പി.ടി.എ വൈസ് പ്രസിഡണ്ട് ഇ.കെ ജോണി, മദര് പി.ടി.എ പ്രസിഡണ്ട് റീന വിജു, പ്രധാനധ്യാപകന് കെ.കെ അഷ്റഫ് തുടങ്ങിയവര് സംസാരിച്ചു. മാനന്തവാടി ഉപജില്ലാ പ്രവേശനോത്സവം കല്ലോടി എസ്.ജെ.യു.പി സ്‌കൂളിലും വൈത്തിരിയില് വെള്ളാര്മല ജി.വി.എച്ച്.എസ് സ്‌കൂളിലും, ബത്തേരിയില് കോളിയാടി മാര് ബസേലിയോസ് എ.യു.പി സ്‌കൂളിലും നടന്നു
Advertisements