ലോകത്തെ ഏറ്റവും മികച്ച ആഡംബര ഹോട്ടലിനുള്ള പുരസ്കാരം ഒരു ഇന്ത്യന്‍ ഹോട്ടലിന്. ജയ്പൂരിലെ രാംബാഗ് പാലസാണ് ഈ അപൂര്‍വ നേട്ടം സ്വന്തമാക്കിയത്. പ്രശസ്ത ട്രാവല്‍ വെബ്സൈറ്റായ ട്രിപ്പ് അഡൈ്വസറാണ് ഈ തിരഞ്ഞെടുപ്പ് നടത്തിയത്. ട്രിപ്പ് അഡൈ്വസര്‍ വെബ്സൈറ്റില്‍ യാത്രക്കാര്‍ നല്കിയ 15 ലക്ഷത്തിലധികം റിവ്യുകളുടെ അടിസ്ഥാനത്തിലാണ് രാംബാഗ് പാലസിലെ ലോകത്തിലെ ഏറ്റവും മികച്ച ആഡംബര ഹോട്ടലായി തിരഞ്ഞെടുത്തിരിക്കുന്നത്.
പത്ത് വിഭാഗങ്ങളിലായി 2023 ലെ ട്രാവലേഴ്സ് ചോയിസ് പുരസ്കാരങ്ങളുടെ ഭാഗമായാണ് മികച്ച ആഡംബര ഹോട്ടലിനെയും തിരഞ്ഞെടുത്തിരിക്കുന്നത്. ലോകത്തിലെ മികച്ച പത്ത് ഹോട്ടലുകളുടെ പട്ടികയില്‍ രാംബാഗ് പാലസ് മാത്രമാണ് ഇന്ത്യയില്‍ നിന്ന് ഉള്‍പെട്ടിട്ടുള്ളത്. മാലദ്വീപിലെ ഒസെന്‍ റിസര്‍വ് ബോലിഫുഷി രണ്ടാം സ്ഥാനവും ബ്രസീലിലെ ഹോട്ടല്‍ കൊലിന ഡി ഫ്രാന്‍സ് മൂന്നാം സ്ഥാനവും നേടി.
1835ല്‍ നിര്‍മിച്ച കൊട്ടാരമാണ് പിന്നീട് രാംബാഗ് പാലസ് ആഡംബര ഹോട്ടലായി മാറിയത്. നിലവില്‍ താജ് ഗ്രൂപ്പാണ് രാംബാഗ് പാലസിന്റെ നടത്തിപ്പുകാര്‍. 47 ഏക്കറിലായി പരന്നു കിടക്കുന്ന രാംബാഗ് പാലസില്‍ അത്യാഡംബര സൗകര്യങ്ങളാണ് താമസിക്കാനെത്തുന്നവര്‍ക്കായി ഒരുക്കിയിരിക്കുന്നത്. ട്രിപ്പ് അഡൈ്വസറില്‍ ആയിരക്കണക്കിന് യാത്രികര്‍ രാംബാഗ് പാലസിന് ഫൈവ് സ്റ്റാര്‍ റേറ്റിങ് നല്‍കിയിട്ടുണ്ട്.
താജ് ഗ്രൂപ്പിന്റെ വെബ്സൈറ്റില്‍ പറഞ്ഞിരിക്കുന്നത് പ്രകാരം രാംബാഗ് പാലസിലെ വണ്‍ ബെഡ്റൂം പാലസ് റൂമില്‍ ഒരു ദിവസം താമസിക്കുന്നതിന് 29500 രൂപയാണ് ചാര്‍ജ്. ഏറ്റവും ചിലവ് കൂടിയ ഗ്രാന്‍ഡ് പ്രസിഡന്‍ഷ്യല്‍ സ്യൂട്ടിന് 3,12,000 രൂപ വരെയാകും. നികുതിയും മറ്റ് ചിലവുകളും ഉള്‍പ്പെടുത്തുമ്പോള്‍ ഇത് നാല് ലക്ഷത്തോളം രൂപയാകും. 47 ഏക്കറില്‍ സ്ഥിതി ചെയ്യുന്ന ഹോട്ടലിന്റെ വലിയ പൂന്തോട്ടവും മാര്‍ബിള്‍ വരാന്തകളും ആഡംബര മുറികളുമെല്ലാമാണ് പ്രധാന ആകര്ഷണങ്ങള്.
ട്രിപ്പ് അഡ്വസറിന്റെ മികച്ച ചെറിയ ഹോട്ടലുകളുടെ വിഭാഗത്തില്‍ ഹിമാചല്‍ പ്രദേശിലെ ആരിയ പലംപൂര്‍ ലോകത്ത് പത്താം സ്ഥാനവും ഏഷ്യയില്‍ മൂന്നാം സ്ഥാനവും ഇന്ത്യയില്‍ ഒന്നാം സ്ഥാനവും നേടിയിട്ടുണ്ട്. വ്യത്യസ്തമായ ഹോട്ടലുകളില്‍ റാമോജി ഫിലിം സിറ്റിയിലെ ഹോട്ടല്‍ സിത്താര ആഗോളതലത്തില്‍ 18ാം സ്ഥാനം നേടി.