മഴക്കാല മുന്നൊരുക്കം
മാലിന്യ സംസ്‌കരണം ഊര്‍ജ്ജിതമാക്കണം
ജില്ലാ വികസനസമിതി

Advertisements
Advertisements

മഴക്കാലം ശക്തിപ്രാപിക്കുന്നതിന് മുമ്പ് മാലിന്യ സംസ്‌കരണം ഊര്‍ജ്ജിതമാക്കണമെന്ന് ജില്ലാ വികസന സമിതിയോഗം നിര്‍ദ്ദേശം നല്‍കി. വെള്ളം കെട്ടിക്കിടന്ന് പകര്‍ച്ചവ്യാധികള്‍ പടരുന്ന സാഹചര്യം ഉണ്ടാകാന്‍ പാടില്ല. തദ്ദേശ സ്ഥാപനങ്ങള്‍, ആരോഗ്യസ്ഥാപനങ്ങള്‍, വിദ്യാലയങ്ങള്‍ എന്നിവടങ്ങളിലെല്ലാം മാലിന്യ നിര്‍മ്മാര്‍ജ്ജനത്തിന് പ്രത്യേക ശ്രദ്ധനല്‍കണം. മഴക്കാല മുന്നൊരുക്കങ്ങള്‍ യോഗം വിലയിരുത്തി. ദേശീയപാതയിലെ അപകടഭീഷണിയിലുള്ള ഉണക്ക മരങ്ങള്‍ മുറിച്ചുമാറ്റണം.
പട്ടികവര്‍ഗ്ഗ കോളനികളിലെ വീടുകള്‍ അറ്റകുറ്റപ്പണികള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കണമെന്നും ജില്ലാ വികസന സമിതിയോഗത്തില്‍ നിര്‍ദ്ദേശം ഉയര്‍ന്നു. ജില്ലയില്‍ ഭക്ഷ്യവിഷബാധ കൂടിവരുന്ന സാഹചര്യത്തില്‍ ബന്ധപ്പെട്ട വകുപ്പുകള്‍ കൂടുതല്‍ ജാഗ്രത പാലിക്കണം. ഇതുസംബന്ധിച്ച പരിശോധനകള്‍ കര്‍ശനമാക്കണം. ഹോട്ടലുകളിലെയും റസ്റ്റോറന്റുകളിലെയും കുടിവെള്ള ശ്രോതസ്സുകള്‍ പരിശേധന നടത്തി ഗുണമേന്മ ഉറപ്പുവരുത്തണം. കുട്ടികളുടെ പഠന സൗകര്യങ്ങള്‍ക്കായി ജില്ലയില്‍ പ്ലസ് വണ്‍ സീറ്റ് വര്‍ദ്ധിപ്പിക്കണം. ഗോത്ര വിദ്യാര്‍ത്ഥികളുടെ കൊഴിഞ്ഞുപോക്ക് തടയാനും ഇവരുടെ വിദ്യാഭ്യാസ കാര്യങ്ങളിലും പ്രത്യേക ശ്രദ്ധ നല്‍കണമെന്നും നിര്‍ദ്ദേശമുണ്ടായി. ജില്ലയിലെ കരുതലും കൈത്താങ്ങും അദാലത്ത് നല്ലരീതിയില്‍ നടത്തിയ വകുപ്പുകളെ ജില്ലാ വികസന സമിതി അഭിനന്ദിച്ചു. അദാലത്തില്‍ വന്ന 59 ശതമാനം പരാതികളും പരിഹരിച്ചിരുന്നു. എ ഫോര്‍ ആധാര്‍ എന്റോള്‍മെന്റ് ക്യാമ്പെയിന്‍ നടത്തുന്നതിന് എല്ലാ വകുപ്പുകളുടെയും സഹകരണം വേണമെന്നും ജില്ലാ വികസന സമിതി യോഗം ആവശ്യപ്പെട്ടു. ആസൂത്രണ ഭവനില്‍ ചേര്‍ന്ന യോഗത്തില്‍ ടി. സിദ്ദിഖ് എം.എല്‍.എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍, ജില്ലാ കളക്ടര്‍ ഡോ. രേണുരാജ്, എ.ഡി.എം എന്‍.ഐ ഷാജു, ജില്ലാ പ്ലാനിംഗ് ഓഫീസര്‍ ആര്‍. മണിലാല്‍, ജനപ്രതിനിധികള്‍, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Advertisements
Advertisements
Advertisements

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
Verified by MonsterInsights