ഹൈദരാബാദ്: ഗർഭിണികളായ സ്ത്രീകൾ രാമായണം വായിക്കണമെന്ന ഉപദേശവുമായി തെലങ്കാന ഗവർണർ തമിഴിസൈ സൌന്ദരരാജൻ. കുട്ടികൾക്ക് മികച്ച മാനസികാരോഗ്യവും ശാരീരികാരോഗ്യവും കൈവരാൻ രാമായണത്തിലെ സുന്ദരകാണ്ഡം വായിക്കണമെന്നായിരുന്നു ഗവർണറുടെ ഉപദേശം. ആർ.എസ്.എസ്. അനുകൂല സംഘടനകൾ ഗർഭിണികൾക്കായി നടത്തിയ ‘ഗർഭ സംസ്‌കാര’ എന്ന പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ഗൈനക്കോളജിസ്റ്റ് കൂടിയായ തമിഴിസൈയുടെ പ്രസ്താവന.
ഗ്രാമപ്രദേശങ്ങളിൽ ഗർഭിണിയായ അമ്മമാർ രാമായണവും മഹാഭാരതവുമുൾപ്പെടെയുള്ള മഹദ്ഗ്രന്ഥങ്ങൾ വായിക്കാറുണ്ട്. പ്രത്യേകിച്ച് തമിഴ്നാട്ടിൽ ഗർഭിണിയായ സ്ത്രീകൾ കമ്പരാമായണത്തിലെ സുന്ദരകാണ്ഡം വായിച്ചിരിക്കണം എന്നൊരു വിശ്വാസം പിന്തുടരുന്നുണ്ട്. അത് ജനിക്കാനിരിക്കുന്ന കുഞ്ഞുങ്ങളുടെ ശാരീരികവും മാനസികവുമായ ആരോഗ്യം മികച്ചതാകാൻ വളരെ നല്ലതാണ്. സുന്ദരകാണ്ഡം വായിക്കുകവഴി ആരോഗ്യമുള്ള കുഞ്ഞുങ്ങളെ നിങ്ങൾക്ക് ലഭിക്കും, ഗവർണർ പറഞ്ഞു.