ബെംഗളൂരു: ഫേസ്ബുക്കിന് മുന്നറിയിപ്പുമായി കർണാടക ഹൈക്കോടതി. ഇന്ത്യയിലെ ഫേസ്ബുക്കിന്റെ പ്രവർത്തനം നിർത്തലാക്കാൻ ഉത്തരവ് പുറപ്പെടുവിക്കുമെന്ന് ഹെക്കോടതി മുന്നറിയിപ്പ് നൽകി. സൗദി അറേബ്യയിൽ തടവിലാക്കപ്പെട്ട ഇന്ത്യൻ പൗരനുമായി ബന്ധപ്പെട്ട കേസ് അന്വേഷണത്തിൽ കർണാടക പോലീസിനോട് ഫേസ്ബുക്ക് നിസ്സഹകരണം കാണിച്ചതിന് പിന്നാലെയാണ് മുന്നറിയിപ്പ്. ജയിലിൽ കഴിയുന്ന ഇന്ത്യൻ പൗരന്റെ ഭാര്യ കവിത നൽകിയ ഹർജി പരിഗണിക്കവെ, ജസ്റ്റിസ് കൃഷ്ണ എസ് ദീക്ഷിതിന്റെ ബെഞ്ചാണ് ഫേസ്ബുക്കിന് മുന്നറിയിപ്പ് നൽകിയത്. കേസിൽ സ്വീകരിക്കേണ്ട തുടർനടപടികളുടെ വിവരം അറിയിക്കാനും കോടതി കേന്ദ്രത്തോട് നിർദ്ദേശിച്ചു. കൃത്യമായ അന്വേഷണം നടത്തി പൂർണമായ റിപ്പോർട്ട് സമർപ്പിക്കാൻ മംഗളൂരു പോലീസിനോട് ആവശ്യപ്പെട്ട കോടതി, കേസിൽ അടുത്ത വാദം കേൾക്കുന്നത് 22-ലേക്ക് മാറ്റി.
സൗദിയിൽ തടവിലാക്കപ്പെട്ട ഭർത്താവ് ശൈലേഷ് കുമാറിന്റെ മോചനത്തിനായി കവിത ഹർജി നൽകിയത് സംഭവങ്ങൾക്ക് തുടക്കമാകുന്നത്. തന്റെ ഭർത്താവ് ശൈലേഷ് കുമാർ സൗദി അറേബ്യയിലെ ഒരു കമ്പനിയിൽ 25 വർഷമായി ജോലി ചെയ്തിരുന്നതായി കവിത ഹർജിയിൽ പറയുന്നു. 2019 ലെ പൗരത്വ ഭേദഗതി നിയമത്തെയും ദേശീയ പൗരത്വ രജിസ്റ്ററിനെയും പിന്തുണച്ച് അദ്ദേഹം ഫേസ്ബുക്കിൽ ഒരു സന്ദേശം അയച്ചിരുന്നുവെന്നും അവർ ഹർജിയിൽ പരാമർശിച്ചിട്ടുണ്ട്.
എന്നാൽ ചിലർ അതിന്റെ പേരിൽ വ്യാജ ഫേസ്ബുക്ക് അക്കൗണ്ടുകൾ എടുക്കുകയും സൗദി അറേബ്യയിലെ രാജാവിനും ഇസ്ലാമിനുമെതിരെ ആക്ഷേപകരമായ പോസ്റ്റുകൾ ഇടുകയും ചെയ്തു.
വിഷയം അറിഞ്ഞ ശൈലേഷ് ഉടൻ തന്നെ വീട്ടുകാരെ വിവരമറിയിച്ചു. മംഗളൂരുവിനടുത്തുള്ള ബികർണക്കാട്ടെ സ്വദേശിനിയായ ശൈലേഷിന്റെ ഭാര്യ കവിത ഇത് സംബന്ധിച്ച് മംഗളൂരു പോലീസിൽ പരാതി നൽകി. അതിനിടെ ശൈലേഷിന്റെ പേരിലുളള വ്യാജ അക്കൗണ്ടിൽ അപകീർത്തികരമായ പോസ്റ്റ് ഇട്ടതിന് സൗദി പോലീസ് ഇയാളെ അറസ്റ്റ് ചെയ്ത് ജയിലിലടച്ചു.
ഈ കേസുമായി ബന്ധപ്പെട്ട് മംഗളൂരു പോലീസ് ഫേസ്ബുക്കിന് കത്തെഴുതുകയും വ്യാജ ഫേസ്ബുക്ക് അക്കൗണ്ട് തുറന്നതിനെക്കുറിച്ചുള്ള വിവരങ്ങൾ തേടുകയും ചെയ്തു.
എന്നാൽ പോലീസ് എഴുതിയ കത്തിനോട് ഫേസ്ബുക്ക് ഇതുവരെ പ്രതികരിച്ചിട്ടില്ല. തുടർന്ന് അന്വേഷണം വൈകുന്നത് ചോദ്യം ചെയ്ത് കവിത കർണാടക ഹൈക്കോടതിയെ സമീപിച്ചു. സൗദി ജയിലിൽ കഴിയുന്ന ഭർത്താവിനെ മോചിപ്പിക്കാൻ കേന്ദ്ര ഇടപെടൽ വേണമെന്നും കവിത ആവശ്യപ്പെട്ടിരുന്നു.