ചികിത്സാരംഗത്തും താരമാകാൻ ചാറ്റ്ജിപിടി

Advertisements
Advertisements

ജനപ്രിയ എഐ ചാറ്റ്ബോട്ടായ ചാറ്റ്ജിപിടിയുടെ സേവനം ​വൈദ്യശാസ്ത്ര മേഖലയിലേക്കും കടന്നുവരുന്നു. ഡോക്ടർമാരും രോഗികളും തമ്മിലുള്ള ഇടപഴകൽ മെച്ചപ്പെടുത്താൻ ചാറ്റ്ജിപിടി ഫലപ്രദമായി ഉപയോഗിക്കാൻ സാധിക്കും എന്നാണ് കണ്ടെത്തൽ. ദിവസവും നൂറുകണക്കിന് രോഗികളെയാണ് പല ഡോക്ടർമാരും ​കൈകാര്യം ചെയ്യേണ്ടിവരുന്നത്. അ‌തിനിടെ പലപ്പോഴും രോഗികളോട് ദുഖകരമായ വാർത്തകൾ അ‌റിയിക്കേണ്ടിവരും.

Advertisements

രോഗികളുടെ മോശം ആരോഗ്യാവസ്ഥ സംബന്ധിച്ച ദുഖകരമോ, ഉൾക്കൊള്ളാനാകാത്തതോ ആയ കാര്യങ്ങൾ പലപ്പോഴും ഡോക്ടർമാർക്ക് അ‌റിയിക്കേണ്ടിവരാറുണ്ട്. ദിവസവും നിരവധി രോഗികളെയും ബന്ധുക്കളെയും ഇത്തരത്തിൽ ​കൈകാര്യം ചെയ്യുന്നതിനാൽ യാതൊരു വികാരവും കൂടാതെയുള്ള ഡോക്ടർമാരുടെ വെട്ടിത്തുറന്നുള്ള സംസാരങ്ങൾ പലപ്പോഴും രോഗികളെ മാനസികമായി തളർത്തുകയും ചിലപ്പോൾ അ‌വർ പ്രകോപിതരാകുന്നതിലേക്ക്​ പോലും നയിക്കാറുമുണ്ട്.

ആശയവിനിമയത്തിൽ ഉണ്ടാകുന്ന പോരായ്മയാണ് പലപ്പോഴും രോഗിയും ഡോക്ടർമാരും തമ്മിലുള്ള ബന്ധം വഷളാക്കുകയും അ‌നിഷ്ട സംഭവങ്ങളിലേക്ക് കാര്യങ്ങൾ കൊണ്ടെത്തിക്കുകയും ചെയ്യുന്നത്. ഡോക്ടർക്ക് രോഗിയുടെ ബന്ധുക്കളുടെ മർദ്ദനമേറ്റു എന്ന തരത്തിലുള്ള വാർത്തകൾ നാം നിരവധി തവണ കണ്ടിട്ടുണ്ട്. കാര്യങ്ങൾ വിശദീകരിക്കുന്ന രീതിയുടെ പോരായ്മ ഇവിടെ ​​ഒരു പ്രധാന ഘടകമാകുന്നു.

Advertisements

ഡോക്ടറും രോഗിയും തമ്മിലുള്ള ആശയവിനിമയം മെച്ചപ്പെടുത്താനും അ‌തുവഴി രോഗിക്ക് ആവശ്യമായ ചികിത്സ ഉറപ്പാക്കാനും സഹായിക്കാൻ ചാറ്റ്ജിപിടിക്ക് കഴിയും എന്നാണ് കണ്ടെത്തൽ. ദ ന്യൂയോർക്ക് ടൈംസിന്റെ ഒരു റിപ്പോർട്ട് അനുസരിച്ച്, രോഗികളുമായി ആശയവിനിമയം നടത്താൻ ഡോക്ടർമാർ ഇപ്പോൾ ചാറ്റ്ജിപിടി പിന്തുണയുള്ള എഐ ചാറ്റ്ബോട്ടുകൾ ഉപയോഗപ്പെടുത്തുന്നുണ്ട്.

 

രോഗികളുമായി മികച്ച ബന്ധം പുലർത്താൻ ആഗ്രഹിക്കുന്ന ഡോക്ടർമാർക്ക് ഈ എഐ ചാറ്റ്ബോട്ട് അ‌മൂല്യ ഉപകരണമായി മാറിയിരിക്കുന്നു എന്നാണ് റിപ്പോർട്ടിൽ വെളിപ്പെടുത്തിയിരിക്കുന്നത്. ചില ഡോക്‌ടർമാർ ചാറ്റ്‌ജിപിടി എഐ ചാറ്റ്‌ബോട്ടിന്റെ ഉപയോഗം ആരംഭിച്ചതായും റിപ്പോർട്ട് വ്യക്തമാക്കുന്നു. അ‌നുകമ്പയോടെ ചികിത്സ നൽകാനുള്ള ഒരു ഡോക്ടറുടെ കഴിവ് വർധിപ്പിക്കാൻ ഈ ചാറ്റ്ബോട്ടിന് സാധിക്കും എന്നതിന് തെളിവുകളുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു.

ഓപ്പൺഎഐയിലെ നിക്ഷേപകനും മൈക്രോസോഫ്റ്റിലെ ഗവേഷണത്തിനും ഇൻകുബേഷനുകൾക്കുമുള്ള കോർപ്പറേറ്റ് വൈസ് പ്രസിഡന്റുമായ പീറ്റർ ലീ, ഡോക്ടർമാരും രോഗികളും തമ്മിൽ കൂടുതൽ അനുകമ്പയുള്ള ആശയവിനിമയം സാധ്യമാക്കുന്നതിൽ ചാറ്റ്ബോട്ടിന്റെ പ്രാധാന്യത്തെ സാക്ഷ്യപ്പെടുത്തുന്നു. ചാറ്റ്ജിപിടിയുടെ ​​വൈദ്യശാസ്ത്ര രംഗത്തെ പരിജ്ഞാനവും ഈ ചാറ്റ്ബോട്ടിന്റെ വിജയത്തിൽ ഏറെ വലിയ പങ്കുവഹിക്കുന്നുണ്ട് എന്നാണ് വിലയിരുത്തൽ.

അ‌ടുത്തിടെ നടത്തിയ ചില പഠനങ്ങളും ചാറ്റ്ജിപിടി ചാറ്റ്ബോട്ടിന്റെ ഈ ആശയമികവിനെ സാക്ഷ്യപ്പെടുത്തുന്നുണ്ട്. സാൻ ഡീഗോയിലെ കാലിഫോർണിയ സർവകലാശാലയിലെ ഗവേഷകർ രോഗിയുടെ ചോദ്യങ്ങളോടുള്ള ഡോക്ടർമാരുടെയും ചാറ്റ്ജിപിടി ചാറ്റ്ബോട്ടിന്റെയും പ്രതികരണങ്ങൾ താരതമ്യം ചെയ്ത് വിലയിരുത്തി ഒരു പഠനം നടത്തുകയുണ്ടായി. ഏറെ അ‌തിശയിപ്പിക്കുന്ന ഫലമാണ് അ‌വർക്കു ലഭിച്ചത്.

 

ചാറ്റ്ബോട്ടിന്റെ പ്രതികരണങ്ങൾ ഉയർന്ന നിലവാരം പുലർത്തുന്നു എന്നു മാത്രമല്ല, മനുഷ്യരായ ഡോക്ടർമാരുടേതിനേക്കാൾ കൂടുതൽ സഹാനുഭൂതിയുള്ളതാണെന്നും പഠനഫലം വെളിപ്പെടുത്തി. ചാറ്റ്ബോട്ടിന്റെ ഉത്തരങ്ങൾ ഡോക്ടർമാരുടേതിനേക്കാൾ ശരാശരി ഏഴിരട്ടി കൂടുതൽ സഹാനുഭൂതിയുള്ളതായി വിലയിരുത്തപ്പെട്ടു. പഠന വേളയിൽ അവതരിപ്പിച്ച 585 സന്ദർഭങ്ങളിൽ 78.6 ശതമാനത്തിലും, ഡോക്ടറുടെ പ്രതികരണത്തേക്കാൾ എഐ ചാറ്റ്ബോട്ടിന്റെ പ്രതികരണമാണ് മെഡിക്കൽ വിദഗ്ധർ അ‌ംഗീകരിച്ചത്.

ഡോക്ടർ-രോഗി ഇടപെടലുകളിൽ വിപ്ലവം സൃഷ്ടിക്കാൻ ചാറ്റ്ബോട്ടുകൾക്ക് ശേഷിയുണ്ടെന്ന് ഈ ഈ പഠനറിപ്പോർട്ട് സൂചിപ്പിക്കുന്നു. യുഎസ് മെഡിക്കൽ ലൈസൻസിംഗ് പരീക്ഷയിൽ ചാറ്റ്ജിപിടി വിജയിച്ചതായി ബിസിനസ് ഇൻസൈഡർ നേരത്തെ റിപ്പോർട്ട് ചെയ്തിരുന്നു. കൂടാതെ, ഓപ്പൺഎഐയുടെ ഏറ്റവും പുതിയ പതിപ്പായ GPT-4, മികച്ച ​ക്ലിനിക്കൽ ജഡ്ജ്മെന്റുകൾ നൽകുന്നതായി വിദഗ്ധർ തന്നെ സ്ഥിരീകരിക്കുന്നു.

ഇത്തരം മികവുകൾ എഐ ഭാവിയിൽ ആരോഗ്യമേഖലയിൽ ​കൈവരിച്ചേക്കാവുന്ന പ്രാധാന്യത്തെ സൂചിപ്പിക്കുന്നുണ്ട്. എന്നാൽ എത്രയൊക്കെ മികവുകൾ പ്രകടിപ്പിച്ചാലും നിലവിൽ എഐ ടൂളുകൾ ആരോഗ്യമേഖലയിൽ അ‌നുവദിക്കുന്നതിൽ പരിമിതികൾ ഉണ്ട് എന്നതാണ് മറ്റൊരുകാര്യം. ആളുകൾ ഇത്തരം ചാറ്റ്ബോട്ടുകൾ ദുരുപയോഗം ചെയ്യാനുള്ള സാധ്യതയും ഏത് നിമിഷം വേണമെങ്കിലും തെറ്റ് സംഭവിക്കാം എന്നതുമാണ് ചാറ്റ്ജിപിടിയുടെ പോരായ്മകൾ.

എങ്കിലും ഭാവിയിൽ ഈ പോരായ്മകൾ പരിഹരിക്കാൻ മാർഗം കണ്ടെത്തിയാൽ ചാറ്റ്ജിപിടി ആരോഗ്യ മേഖലയിലും കൂടുതൽ തിളങ്ങും. കൂടാതെ ഡോക്ടർമാരും രോഗിയുടെ ബന്ധുക്കളും തമ്മിലുള്ള സംഘർഷങ്ങൾ കുറയ്ക്കാൻ നിർണായക പങ്ക് വഹിക്കാനും വരുംനാളുകളിൽ എഐ ചാറ്റ്ബോട്ടുകൾക്ക് സാധിച്ചേക്കും. അ‌ങ്ങനെയെങ്കിൽ അ‌ത് കേരളത്തിനാകും കൂടുതൽ ഉപകാരപ്പെടുക.

Advertisements
Advertisements

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!