പട്ന: ശിവന്റെ വേഷം ധരിച്ച് മൂർഖനെ കഴുത്തിലിട്ട യുവാവ് പാമ്പ് കടിയേറ്റ് മരിച്ചു. കഴുത്തിലിട്ട മൂർഖൻ തന്നെയാണ് ബിഹാറിലെ മുകേഷ് കുമാർ റാമി(30)നെ കടിച്ചത്.
മാധേപുര ജില്ലയിൽ നടന്ന മതപരമായ പരിപാടിക്കിടെയായിരുന്നു സംഭവം. പാമ്പ് കടിയേറ്റ മുകേഷ് ആശുപത്രിയിലേക്ക് കൊണ്ടുപോകുന്ന വഴിയാണ് മരിച്ചത്. രാം ലീല പോലുള്ള മതപരമായ പരിപാടികളിൽ ശിവന്റെ വേഷമിടുന്ന വ്യക്തിയാണ് മുകേഷ്.
ഖുർദയിലെ മാ ദുർഗ ക്ഷേത്രത്തിൽ നടന്ന പരിപാടിയിലാണ് ശിവന്റെ വേഷം ധരിച്ച് ജീവനുള്ള മൂർഖനെ കഴുത്തിലണിഞ്ഞ് മുകേഷ് എത്തിയത്.
പാമ്പ്കടിയേറ്റ ഉടൻ പരിപാടിയുടെ സംഘാടകർ മുകേഷിനെ ആശുപത്രിയിലേക്ക് കൊണ്ടുപോയി. എന്നാൽ വഴിമധ്യേ മരിക്കുകയായിരുന്നു.
അതോടെ സംഘാടകർ യുവാവിന്റെ മൃതദേഹം വഴിയിൽ ഉപേക്ഷിച്ച് ഓടിരക്ഷപ്പെട്ടെന്ന് ഹെൽത്ത് കെയർ ഉദ്യോഗസ്ഥർ പറഞ്ഞു. മൃതദേഹം പോസ്റ്റ്മോർട്ടത്തിന് കൊണ്ടുപോയി.