മരങ്ങൾ ഭൂമിയുടെ വരദാനങ്ങളാണ്. പ്രകൃതിയിൽ നിന്ന് നശിക്കുന്ന അല്ലെങ്കിൽ നമ്മൾ നശിപ്പിക്കുന്ന ഓരോ മരങ്ങളും മാനവരാശിയ്ക്ക് ഏൽപിക്കുന്ന ആഘാതം വളരെ വലുതാണ്. 75 വയസിനു മുകളിൽ പ്രായമുള്ള മരങ്ങളെ സംരക്ഷിക്കുന്നവർക്ക് പെൻഷൻ പദ്ധതി അവതരിപ്പിച്ചിരിക്കുകയാണ് ഹരിയാന സർക്കാർ. ‘ഹരിയാന പ്രാൺ വായു ദേവ്താ പെൻഷൻ സ്കീം’ എന്നാണ് പദ്ധതിയിട്ട് പേര്. അഞ്ചു വർഷക്കാലയളവിലേക്കാണ് പദ്ധതി. പ്രതിവർഷം മരത്തിന്റെ ഉടമയ്ക്ക് 2,500 രൂപ വെച്ച് പെൻഷനായി നൽകുമെന്നാണ് ഹരിയാന വനംവകുപ്പ്–പരിസ്ഥിതി മന്ത്രി കാൻവർ പാൽ പറഞ്ഞത്.
എല്ലാ വർഷവും ഈ തുകയിൽ വർധനവുണ്ടാകും. മാത്രവുമല്ല രോഗം ബാധിച്ചതോ പൊള്ളയായതോ ആയ മരങ്ങൾ ഈ സംരക്ഷണ പദ്ധതിയിൽ ഉൾപ്പെടില്ല. കൂടാതെ അഞ്ച് വർഷത്തിനു ശേഷം അവലോകന യോഗം നടത്തും. അതുവരെ ഈ പദ്ധതിയ്ക്ക് കീഴെ 4,000 മരങ്ങൾ മാത്രമേ ഉണ്ടാകുകയുള്ളൂ. അതിനുശേഷം നടക്കുന്ന റിവ്യു മീറ്റിങ് പ്രകാരമാകും ബാക്കി നടപടികൾ. വനമേഖലയിലെ മരങ്ങളെ പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടില്ല.
മരങ്ങളെ സംരക്ഷിക്കാൻ മിക്ക സംസ്ഥാനങ്ങളും പദ്ധതിയുമായി മുന്നോട്ട് വരുന്നുണ്ട്. വായുമലിനീകരണത്തിൽ വലയുന്ന ഡൽഹിയിൽ ജീവവായു നിലനിർത്താൻ നഗരത്തിലുടനീളം 10,000 മരങ്ങൾ നട്ടുപിടിപ്പിക്കാന്‍ ഡൽഹി ഹൈക്കോടതി നിർദേശം നൽകിയിട്ടുണ്ട്.