നെല്‍സന്റെ സംവിധാനത്തില്‍ സൂപ്പര്‍സ്റ്റാര്‍ രജനികാന്ത് നായകനായെത്തുന്ന ‘ജയിലര്‍’ ന് കാത്തിരിക്കുകയാണ് സിനിമ ലോകം. സണ്‍ പിക്ചേഴ്സിന്റെ ബാനറില്‍ കലാനിധി മാരന് നിര്‍മിക്കുന്ന ജയിലര്‍ ഓഗസ്റ്റ് 10 ന് തിയേറ്ററുകളില്‍ എത്തുമ്പോള്‍ പ്രതീക്ഷ വാനോളമാണ്. ശ്രീ ഗോകുലം മൂവീസിന്റെ ബാനറില്‍ ഗോകുലം ഗോപാലനാണ് ചിത്രം കേരളത്തില്‍ വിതരണത്തിനെത്തിക്കുന്നത്. ഡ്രീം ബിഗ് ഫിലിംസാണ് ചിത്രത്തിന്റെ ഡിസ്ട്രിബ്യുഷന്‍ പാര്‍ട്ണര്‍. ‘അണ്ണാത്തെ’ എന്ന ചിത്രത്തിന് ശേഷം 2 വര്‍ഷങ്ങള്‍ക്കിപ്പുറമാണ് രജനി ചിത്രം തിയേറ്ററുകളിലെത്തുന്നത്. ചിത്രത്തിലെ ഗാനങ്ങളും ട്രെയ്ലറും ഇതിനോടകം തന്നെ വൈറലാണ്. ആദ്യ ഗാനം ‘കാവാലാ’ ഇന്‍സ്റ്റാഗ്രാം റീല്‍സില്‍ തകര്‍ത്തെങ്കില്‍ രണ്ടാം ഗാനം ‘ഹുക്കും’ രജനി ആരാധകര്‍ക്ക് അടിപൊളി ട്രീറ്റായി മാറിയിരുന്നു. അതുപോലെ രത്തമാരെ എന്ന ഗാനം കുടുംബ ബന്ധങ്ങള്‍ക്ക് കരുത്തേകുന്ന ഗാനമായി മാറി.
ചിത്രത്തിന്റെ ട്രെയ്ലര് നിമിഷനേരം കൊണ്ടാണ് വൈറലായത്. രജനീകാന്തിന്റെ മാസ്സ് രംഗങ്ങളും ആരാധകരില്‍ പ്രതീക്ഷയേറ്റിയിട്ടുണ്ട്. വമ്പന്‍ താരനിരയാണ് ചിത്രത്തില്‍ അണിനിരക്കുന്നത്. ആദ്യമായി മലയാളത്തിലെ സൂപ്പര്‍സ്റ്റാര്‍ മോഹന്‍ലാല്‍ രജനികാന്തിനൊപ്പം സ്ക്രീന്‍ സ്പേസ് ഷെയര്‍ ചെയ്യുന്നെന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്. തമന്നയാണ് ചിത്രത്തില്‍ നായികയായി എത്തുന്നത്. രമ്യ കൃഷ്ണന്, വിനായകന്, ശിവ്രാജ് കുമാര്‍, ജാക്കി ഷ്റോഫ്, സുനില്‍ തുടങ്ങിയവരും ചിത്രത്തിലുണ്ട്.
അനിരുദ്ധ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിക്കുന്നു. സ്റ്റണ്ട് ശിവയാണ് ചിത്രത്തിന്റെ ആക്ഷന്‍. വിജയ് കാര്‍ത്തിക് കണ്ണനാണ് ഛായാഗ്രാഹണം. ലോകമെമ്പാടും ‘ഇന്‍ഡിപെന്‍ഡന്‍സ്’ ദിന വീക്കെന്റിലാണ് ചിത്രം റിലീസിനെത്തുന്നത്. കേരളത്തില്‍ ഗോകുലം മൂവീസ് തിയേറ്ററുകളിലേക്ക് ചിത്രം എത്തിക്കുമ്പോള്‍ 300ല്‍ അധികം തീയേറ്ററുകളിലാണ് ജയിലര്‍ ചാര്‍ട്ട് ചെയ്തിരിക്കുന്നത്. ആദ്യ ദിവസങ്ങളിലെ ബുക്കിങ്ങുകളില്‍ വലിയ ആവേശമാണ് ആരാധകര്‍ കാണിക്കുന്നത്.
കേരളത്തിലെ പ്രധാനപ്പെട്ട തിയേറ്ററുകളില്‍ എല്ലാം തന്നെ റിലീസിന് മണിക്കൂറുകള്‍ക്ക് മുന്‍പ് ഹൗസ്ഫുള് ഷോസായി മാറിയിട്ടുണ്ട്. പൊന്നിയിന്‍ സെല്വന് ഒന്നും രണ്ടും ഭാഗങ്ങള്‍ കേരളത്തില്‍ എത്തിച്ചതും ഗോകുലം മൂവീസ് തന്നെയായിരുന്നു. ചിത്രത്തിനായി ഗോകുലം മൂവീസ് വലിയ പ്രമോഷന് നടത്തിയിരുന്നു. ദളപതി വിജയുടെ അടുത്ത ചിത്രം ലിയോയും തിയേറ്ററില്‍ എത്തിക്കുന്നത് ശ്രീ ഗോകുലം മൂവീസിന്റെ ബാനറില്‍ ഗോകുലം ഗോപാലന് തന്നെയാണ്.