ഹരിപ്പാട് മണ്ണാറശാല നാഗരാജ ക്ഷേത്രത്തിലെ മുഖ്യപുജാരിണി ഉമാദേവി അന്തർജനം (96) അന്തരിച്ചു. മണ്ണാറശാല ഇല്ലത്തായിരുന്നു അന്ത്യം. മണ്ണാറശാല അമ്മ എന്നാണ് ഭക്തർ ഇവരെ വിളിക്കുന്നത്. സ്ത്രീകള്‍ പൂജാരിണിയായ ലോകത്തിലെ ഏക നാഗക്ഷേത്രമാണ് മണ്ണാറശാല. ക്ഷേത്രത്തിലെ പ്രധാന പൂജകളെല്ലാം മുഖ്യപുജാരിണിയാണ് നടത്തുന്നത്. ഇല്ലത്ത് വിവാഹം കഴിച്ചെത്തുന്ന ഏറ്റവും മുതിർന്ന അംഗമാണ് മണ്ണാറശാല അമ്മയായി സ്ഥാനമേൽക്കുന്നത്.
കാര്‍ത്തികപള്ളി താലൂക്കില്‍ ഡാണാപ്പടിയില്‍ മരങ്ങള്‍ ഇടതിങ്ങി വളര്‍ന്ന കാവിന്റെ നടുവിലാണ് ക്ഷേത്രം സ്ഥിതിചെയ്യുന്നത്. മണ്ണാറശ്ശാല ക്ഷേത്രത്തിലേക്കുള്ള നടപ്പാതയില്‍ വഴിക്ക് ഇരുവശവും മരങ്ങളുടെ ചുവട്ടിലുമായി 30,000ത്തോളം നാഗ പ്രതിമകളുണ്ട്. ഇത്രയും നാഗപ്രതിമകളുള്ള കേരളത്തിലെ ഒരേയൊരു ക്ഷേത്രമാണ് മണ്ണാറശാല.
കുട്ടികള്‍ ഉണ്ടാവാനായി സ്ത്രീകള്‍ ഇവിടെ വന്ന് വഴിപാടു കഴിക്കുന്നു. കുഞ്ഞുങ്ങള്‍ ഉണ്ടായിക്കഴിയുമ്പോള്‍ അവര്‍ കുട്ടികളുമായി വന്ന് നാഗരാജാവിന് നന്ദിപ്രകടിപ്പിച്ചുകൊണ്ടുള്ള കര്‍മ്മങ്ങള്‍ നടത്തുന്നു. ഈ കര്‍മ്മങ്ങള്‍ക്ക് മിക്കപ്പോഴും വിശ്വാസികള്‍ നാഗ പ്രതിമകളെയും കൊണ്ടുവരാറുണ്ട്. ക്ഷേത്രത്തില്‍ നിന്നു ലഭിക്കുന്ന പ്രത്യേകമായി നിര്‍മ്മിച്ച മഞ്ഞള്‍ കുഴമ്പ് രോഗസംഹാരിയാണെന്നാണ് വിശ്വാസം.