മോസ്കോ: ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈലായ ആർ എസ് – 28 സർമത് സൈന്യത്തിന്റെ ഭാഗമാക്കി റഷ്യ. യൂറോപ്പിൽ പിരിമുറുക്കം ശക്തമായ സാഹചര്യത്തിൽ ശത്രുക്കളെ രണ്ടുവട്ടം ചിന്തിപ്പിക്കാൻ പ്രേരിപ്പിക്കുന്നതാണ് ഈ നീക്കമെന്ന് റഷ്യ അവകാശപ്പെടുന്നത്. നാറ്റോയ്ക്കും അമേരിക്കയ്ക്കുമുള്ള വ്ലാഡിമർ പുടിന്റെ മുന്നറിയിപ്പാണ് ഇത് എന്നാണ് വിദഗ്ദ്ധർ ചൂണ്ടിക്കാണിക്കുന്നത്. 2018ൽ പുറത്തിറക്കിയ ഈ മിസൈലിന് പാശ്ചാത്യ രാജ്യത്തെ വിദഗ്ദ്ധർ സാത്താൻ 2 എന്നാണ് പേരിട്ടിരിക്കുന്നത്. തദ്ദേശീയമായി വികസിപ്പിച്ചിരിക്കുന്ന ഈ ബാലിസ്റ്റിക് മിസൈൽ 10 മുതൽ 15 വരെ ആണവായുധങ്ങൾ വഹിക്കാൻ ശേഷിയുള്ളതാണ്. ഇത്തരത്തിൽ ഒരു ആണവായുധങ്ങൾ വഹിക്കാൻ ശേഷിയുള്ള ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈലിനെ റഷ്യ വിന്യസിക്കുന്നത് ആദ്യമായാണ്.
അജയ്യൻ എന്നാണ് പുടിൻ ആർഎസ് 28 സാർമാട്ടിനെ വിശേഷിപ്പിച്ചതെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. മിസൈൽ പ്രതിരോധ സംവിധാനങ്ങളെയും മറികടക്കാൻ ശേഷിയുള്ള സാർമാട്ടിന് 200 ടണ്ണിലേറെയാണ് ഭാരമുള്ളത്. 16,000 മൈൽ വേഗത്തിൽ കുതിക്കാൻ ശേഷിയുള്ളതാണ് സാത്താൻ 2.
ഭൂമിയുടെ ഇരു ധ്രുവങ്ങളിലും വരെ ആക്രമിക്കാൻ ശേഷി ഈ മിസൈലിനുണ്ട്. ഒപ്പം ഉപഗ്രഹ അധിഷ്ഠിത റഡാർ, ട്രാക്കിംഗ് സംവിധാനങ്ങൾക്കും വലിയ വെല്ലുവിളിയാണ് ഈ മിസൈൽ ഉയർത്തുന്നത് എന്നാണ് വിദഗ്ധർ പറയുന്നത്.മുൻപ്, സ്വീഡൻ, ഫിൻലാൻഡ് എന്നീ രാജ്യങ്ങൾ നാറ്റോ അംഗത്വത്തിനുള്ള ശ്രമങ്ങളുമായി രംഗത്ത് എത്തിയപ്പോൾ ആർഎസ് 28 സാർമാട്ടിനെ ഉപയോഗിക്കുമെന്ന് കാണിച്ചായിരുന്നു ഭീഷണി ഉയർത്തിയത്. നിലവിലെ സാഹചര്യത്തിൽ റഷ്യൻ സേനയുടെ ഭാഗമായിരുന്ന ആർ – 36 എം മിസൈലുകൾക്ക് പകരമായിരിക്കും ഇത് ഉപയോഗിക്കുക.