യു എ ഇ ബഹിരാകാശ സഞ്ചാരി സുല്‍ത്താന്‍ അല്‍ നെയാദി ആറ് മാസത്തെ ബഹിരാകാശ വാസത്തിന് ശേഷം സുരക്ഷിതമായി ഭൂമിയില്‍ തിരിച്ചെത്തി. അല്‍ നെയാദിക്കാപ്പം നാസ ബഹിരാകാശയാത്രികരായ സ്റ്റീഫന്‍ ബോവന്, വുഡി ഹോബര്‍ഗ്, റോസ്കോസ്മോസ്, ആന്ദ്രേ ഫെഡ്യേവ് എന്നിവരും തിങ്കളാഴ്ച രാവിലെ സ്പേസ് എക്സ് ഡ്രാഗണ്‍ ബഹിരാകാശ പേടകത്തില്‍ സുരക്ഷിതമായി ലാന്‍ഡ് ചെയ്തു.
ഫ്ളോറിഡയിലെ ജാക്സണ്‍വില്ലെ തീരത്ത് അറ്റ്ലാന്റിക് സമുദ്രത്തില്‍ രാവിലെ 8.17നാണ് (യുഎഇ സമയം) സ്പ്ലഷ്ഡൗണ്‍ ഉണ്ടായത്. ക്രൂ-6 എന്നറിയപ്പെടുന്ന സംഘം 186 ദിവസമാണ് ബഹിരാകാശത്ത് ചെലവഴിച്ചത്. അല്‍ നെയാദിയുടെ ഈ ദൗത്യം അറബ് ബഹിരാകാശ ചരിത്രത്തിലെ ഏറ്റവും ദൈര്‍ഘ്യമേറിയതാണ്. ബഹിരാകാശ പര്യവേഷണത്തില്‍ ചരിത്രം രചിച്ച അല്‍ നെയാദിയെ അഭിനന്ദിക്കുന്നതായി യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന് പറഞ്ഞു.
അല്‍ നെയാദിയും സംഘവും ഭൂമിയുടെ അന്തരീക്ഷത്തിലേക്ക് പ്രവേശിച്ചപ്പോള്‍ തന്നെ പാരച്യൂട്ടുകള്‍ വിന്യസിക്കുകയായിരുന്നു. നാല് പ്രധാന പാരച്യൂട്ടുകളുടെ മാര്ഗനിര്ദേശത്തിന് കീഴില്‍ പേടകം സെക്കന്‍ഡില്‍ 25 അടി വേഗത്തിലാണ് ഭൂമിയിലേക്കിറങ്ങിയത്. രാജ്യാന്തര ബഹിരാകാശ നിലയത്തില്‍ നിന്ന് ഭൂമിയിലേക്കു 17 മണിക്കൂര്‍ യാത്രയാണ് അല്‍ നെയാദി നടത്തിയത്.
നേരത്തെ ഞായറാഴ്ചയായിരുന്നു സംഘത്തിന്റെ സ്പ്ലഷ്ഡൗണ്‍ ക്രമീകരിച്ചിരുന്നത്. എന്നാല്‍ പ്രതികൂല കാലാവസ്ഥ കാരണം ഇത് മാറ്റി നിശ്ചയിക്കുകയായിരുന്നു. യു എ ഇയുടെ ദേശീയ ബഹിരാകാശ പ്രോഗ്രാമിന് കീഴില്‍ എം ബി ആര് എസ് സി കൈകാര്യം ചെയ്യുന്ന യു എ ഇ ആസ്ട്രോനട്ട് പ്രോഗ്രാമിന്റെ ഭാഗമായാണ് അല്‍ നെയാദി ബഹിരാകാശത്തേക്ക് പോയത്. മാര്‍ച്ച് രണ്ടിനാണ് ഈ ദൗത്യം ആരംഭിച്ചത്.
സ്പേസ് എക്സ് ഫാല്‍ക്കണ്‍ 9 റോക്കറ്റിലേറിയായിരുന്നു പേടകം യാത്ര ചെയ്തത്. നാസയുടെ കെന്നഡി സ്പേസ് സെന്ററില്‍ വെച്ചായിരുന്നു വിക്ഷേപണം. ഭൂമിയിലെത്തിയെങ്കിലും അല്‍ നെയാദിക്കും സംഘത്തിനും നിരവധി വൈദ്യപരിശോധനകള്‍ക്കും നിരീക്ഷണങ്ങള്‍ക്കും ശേഷം മാത്രമെ വീട്ടിലെത്താനാകൂ. ആറ് മാസത്തിന് ശേഷം ഭൂമിയുടെ ഗുരുത്വാകര്ഷണത്തിലേക്കുള്ള തന്റെ തിരിച്ചുവരവിനെ ഒരു പുഞ്ചിരിയോടെയും തമ്പ്സ് അപ് ചിഹ്നത്തോടെയുമാണ് അല്‍ നെയാദി അടയാളപ്പെടുത്തിയത്.
ബഹിരാകാശത്ത് ചെലവിട്ട ആറ് മാസത്തില്‍ ഭൂമിയുടെ മനോഹരമായ ഒരു ചിത്രം അല്‍ നെയാദി ബഹിരാകാശത്ത് നിന്ന് അയച്ചിരുന്നു. ബഹിരാകാശ ദൗത്യത്തിന്റെസ ചരിത്രത്തില്‍ തന്നെ ദീര്‍ഘകാല സ്പേസ് മിഷന്റെ ഭാഗമാകുന്ന ആദ്യ അറബ് ബഹിരാകാശയാത്രികനാണ് അല്‍ നെയാദി.