കുറുക്കനും നായക്കും ജനിച്ച സങ്കരജീവിയെ ബ്രസീലിൽ കണ്ടെത്തി. ഡോഗ്സിം എന്നാണ് ഈ വിചിത്ര ജീവിക്ക് ഗവേഷകർ പേരിട്ടത്. 2021ൽ വാഹനാപകടത്തിൽപെട്ട നിലയിലാണ് ഇതിനെ കണ്ടെത്തിയത്. മൃഗാശുപത്രിയിൽ എത്തിച്ചു പരിശോധിച്ചപ്പോൾ ഇത് നായയാണോ കുറുക്കനാണോ എന്ന സംശയം ഉടലെടുത്തിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിലാണ് കുറുക്കനും നായക്കും പിറന്ന സങ്കരയിനം ജീവിയാണെന്നു സ്ഥിരീകരിച്ചത്. ഒരു കുറുക്കനും നായയും ഒരുമിച്ച് സന്താനങ്ങളുണ്ടാകുന്നതിന് ആദ്യമായി രേഖപ്പെടുത്തപ്പെട്ട ഉദാഹരണമാണ് ‘ഡോഗ്‌സിം’. എന്നാൽ, ഈ ജീവി ഇപ്പോൾ ജീവനോടെയില്ല.
ഡോഗ്‌സിമിന്‍റെ അമ്മ ഒരു പാംപാസ് ഇനത്തിലുള്ള കുറുക്കനും അച്ഛൻ ബ്രസീലിയൻ നായയുമായിരുന്നു. നായയുടെയും കുറുക്കന്റെയും സവിശേഷതകൾ ഈ ജീവിക്കുണ്ടായിരുന്നു. കൂർത്ത ചെവികളും കട്ടിയേറിയ രോമവും ഇതിനുണ്ടായിരുന്നു. ജീവനുള്ള എലികളെ ഭക്ഷിച്ച ഡോഗ്‌ക്‌സിം, പാകംചെയ്ത ഭക്ഷണം നിരസിച്ചിരുന്നു. പല സങ്കരയിനം ജീവികൾക്കും പ്രത്യുത്പാദനം ചെയ്യാനുള്ള ശേഷി ഇല്ല. എന്നാൽ, ഡോക്സിമിന് അതിനുള്ള കഴിവുണ്ടെന്നാണ് കരുതുന്നതെന്ന് ശാസ്ത്രജ്ഞർ പറയുന്നു. പക്ഷെ, ചികിത്സയുടെ ഭാഗമായി വന്ധ്യംകരിച്ചതിനാൽ ഇക്കാര്യത്തിൽ ഉറപ്പ് പറയാൻ കഴിയില്ലെന്നും വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.